യു ഡി എഫും എൽ ഡി എഫും മാസപ്പടി മുന്നണികൾ; നേതാക്കൾ കണക്കുകൾ പുറത്ത് വിടുമോ?|അതുകൊണ്ട്, രണ്ടു മുന്നണിയും ഒരുമിച്ചുനിന്നു മത്സരിക്കുന്നതല്ലേ ഈ സാഹചര്യത്തിൽ ഉചിതം? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News

ഒടുവിൽ പ്രതിപക്ഷ നേതാവ് സതീശനും സമ്മതിച്ചു മുഖ്യമന്ത്രി വിജയനും മകൾക്കും ഒപ്പം യു ഡി എഫ് നേതാക്കളും കരിമണൽ കർത്തയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ചില ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാതിരിക്കാൻ നമുക്കാകില്ല.

(1) ഏതെല്ലാം നേതാക്കൾ എത്ര വെച്ച് പിരിച്ചിട്ടുണ്ട്? അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ വീട്ടിൽ നിന്നും തേങ്ങാ വിറ്റ പണമെടുത്തു അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തേണ്ടതില്ല. പക്ഷെ ഒരു പണിയും എടുക്കാതെ കോടികൾ എങ്ങനെ ഉണ്ടാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ടു ഓരോരുത്തരും പിരിച്ച കണക്കു വെളിവാക്കാമോ?

(2) രസീത് നല്കിയാണോ പണം പിരിച്ചത്? ആദായനികുതി വകുപ്പിന് കർത്താ നൽകിയ രേഖ പ്രകാരം ഒരു രസീതും നൽകാതെ 96 കോടി രൂപ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക്, അവരുടെ പ്രീതി നേടുന്നതിന് വേണ്ടി നൽകിയിട്ടുണ്ട് എന്ന് പറയുന്നു. അക്കാര്യം ആദായ നികുതി വകുപ്പിന് നൽകിയ സത്യവാങ്‌മൂലത്തിൽ രേഖപ്പെടുത്തിയിട്ടും ഉണ്ട്.

(3) രസീത് നൽകാതെ പണം പിരിക്കുന്നത് കുറ്റകരമായതുകൊണ്ട് ഈ കുറ്റകൃത്യം ചെയ്തവർ അങ്ങയുടെ മുന്നണിയിൽ ഉണ്ടോ? ഉണ്ടെങ്കിൽ ഉത്തരവാദിത്വ ബോധമുള്ള പൗരൻ എന്ന നിലയിൽ അക്കാര്യം മാലോകരെ അറിയിക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കാനും അങ്ങ് ശ്രമിക്കുമോ?

(4) കരിമണൽ കർത്തയിൽ നിന്നും പിരിച്ച പണത്തിന്റെ കണക്കു തെരഞ്ഞടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾ നൽകിയ വാർഷിക കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യം മാലോകരെ അറിയിക്കാൻ അങ്ങ് തയ്യാറാകുമോ?

(5) അങ്ങ് നേരിട്ട് കർത്തയിൽ നിന്നും പണം കൈപറ്റിയിട്ടുണ്ട്? ഉണ്ടെങ്കിൽ എത്ര?മുഖ്യമന്ത്രിയോടല്ല അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ റിയാസിനോട് ചിലതു ചോദിക്കേണ്ടതുണ്ട്.

(1) കരിമണൽ കർത്തയിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ മാസപ്പടി കൈപ്പറ്റുന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെട്ടിരുന്നോ?

(2) അങ്ങ് തെരഞ്ഞടുപ്പ് കമ്മീഷൻ മുൻപാകെ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഭാര്യ കൈപ്പറ്റിയ ഈ തുക കുടി ഉൾപ്പെടുത്തിയിട്ടുണ്ടോ?

(3) യാതൊരു സേവനവും വീണാ വിജയനിൽ നിന്നും സ്വീകരിക്കാതെയാണ് കർത്തായുടെ കമ്പനി പണം നൽകിയത് എന്നാണ് അവർ ആദായ നികുതി വകുപ്പിന് നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നത്. ഇത് ശരിയാണോ?

(4) അങ്ങയുടെ ഭാര്യാപിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻറെ പ്രീതി സമ്പാദിക്കുന്നതിനു വേണ്ടിയാണു വീണക്ക് പണം നൽകിയത് എന്നാണ് കർത്താ പറയുന്നത്.

കർത്തായുടെ ഈ ആരോപണം ശരിയാണോ? തെറ്റാണെങ്കിൽ കർത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുവാൻ അങ്ങ് തയ്യാറാണോ?

ഇത്രയേറെ ഒത്തൊരുമയുള്ള ഭരണ – പ്രതിപക്ഷങ്ങൾ ലോകത്തൊരിടത്തും ഉണ്ടാകില്ല. അഴിമതിപ്പണമാണ് രണ്ടുപേരെയും യോജിപ്പിക്കുന്ന ഘടകം.

മുപ്പതുകൊല്ലമായി താൻ പൊതുജീവിതം നയിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് സതീശൻ അവകാശപ്പെടുന്നത്.

ആറു പതിറ്റാണ്ടായി താൻ പൊതുജീവിതം നയിക്കുന്നു എന്നാണ് മുഖ്യമന്ത്രി വിജയൻ അവകാശപ്പെടുന്നത്. പൊതുജീവിതം എന്ന് ഇവർ പറയുന്നതുകൊണ്ട് ഇവർ അർത്ഥമാക്കുന്നത് തങ്ങൾ പൊതുചിലവിൽ ജീവിച്ചു എന്ന് മാത്രമാണ്.

വെറുതെ ഒരു കൗതുകത്തിനു ചോദിക്കുന്നതാണ് ഈ പൊതുജീവിതം കൊണ്ട് രണ്ടു പേരും എത്രയാണ് സമ്പാദിച്ചത്?

ശതകോടികൾ എന്നാണ് ജനസംസാരം. അത് ഒരുപക്ഷെ തെറ്റായിരിക്കാം. രണ്ടു പേരും മാതൃക പുരുഷൻന്മാരല്ലേ ആ കണക്ക് കൂടി വെളിവാക്കുന്നതല്ലേ നല്ലത്.

അതുകൊണ്ട്, രണ്ടു മുന്നണിയും ഒരുമിച്ചുനിന്നു മത്സരിക്കുന്നതല്ലേ ഈ സാഹചര്യത്തിൽ ഉചിതം?

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News