
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്ത് പ്രദേശിക സമയം ചൊവ്വാഴ്ച ആറോടെയായിരുന്നു സ്ഫോടനമുണ്ടായത്. പത്തിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായി തൊട്ടടുത്ത നിമിഷം ആകാശത്ത് ഭീമൻ അഗ്നിഗോളം രൂപപ്പെട്ടു. നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളും ഓഫീസുകളും തകര്‍ന്നതായാണ് വിവരം. മുൻ പ്രധാനമന്ത്രി സാദ് ഹരിരിയുടെ ഹെഡ്ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ളവയ്ക്ക് കേടുപാടുണ്ടായതായാണ് റിപ്പോർട്ട്.
തുറമുഖത്തിനടുത്തുള്ള വെയര്‍ഹൗസിലുണ്ടായ തീപിടുത്തമാണ് സ്ഫോടനത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ലെബനന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. പരിക്കേറ്റവരെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ തയാറെടുക്കാൻ ലബനൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു.