
കരുണയുടെ കയ്യൊപ്പ്
ഡോ .സി വി അനന്ദബോസ്
എന്‍റെ മൂത്ത സഹോദരന്‍ സുന്ദര്‍ബോസ് ലോകത്തോട് വിടപറഞ്ഞു. സമര്‍ഥനായ എഞ്ചിനീയര്‍, ഉജ്വല വാഗ്മി, നര്‍മ്മ കേസരി, തുടങ്ങിയ പല വിശേഷണങ്ങളും അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഈ വിശേഷണങ്ങളെല്ലാം വെടിഞ്ഞ് അന്ത്യയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തത് വീടോ ആശുപത്രിയോ ആയിരുന്നില്ല. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു ഇടത്താവളം. അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാ ബോസ് പറയും പോലെ. സ്വര്‍ഗത്തിലേക്കുള്ള പടിവാതിലായ എറണാകുളത്തെ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍.

അതിന് പിന്നില്‍ ഒരു കഥയുണ്ട്.
റോയിട്ടര്‍ എന്ന് നാം കേട്ടിട്ടുണ്ട് വാര്‍ത്താ വിതരണ രംഗത്തെ ലോകപ്രശസ്തമായ സ്ഥാപനം. ഈ റോയിട്ടര്‍ ആരാണെന്ന് അറിയണ്ടേ. അദ്ദേഹം ഒരു വ്യവസായി ആയിരുന്നു. പണം മുടക്കിയത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനല്ല. എണ്ണ കുഴിച്ച് എടുക്കുന്നതില്‍ ആയിരുന്നു റോയിട്ടര്‍ക്ക് താല്‍പര്യം. എണ്ണ കുഴിച്ചു കുഴിച്ചു ചെന്ന് അദ്ദേഹം എത്തിനിന്നത് വാര്‍ത്തകള്‍ കുഴിച്ചു കുഴിച്ചു എടുക്കുന്ന മേഖലയിലാണ്. പലപ്പോഴും ജീവിതത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാകുന്നത് ആകസ്മികമായിട്ടാണ്.
മാനേജ്മെന്‍റ് വിദഗ്ധനായ ജോസഫ് അലക്സ് കോര്‍പ്പറേറ്റ് മേഖലയില്‍ വിജയിച്ചു മുന്നേറുകയാണ്. പെട്ടെന്ന് തോന്നി എന്തിനാണ് തന്‍റെ കഴിവും പ്രാഗല്‍ഭ്യവും ദൈവം തന്ന സിദ്ധികളും ഒക്കെ മറ്റൊരു സ്ഥാപനത്തിന്‍റെ ശമ്പളക്കാരനായി പാഴാക്കുന്നത്. സ്വന്തമായി എന്തെങ്കിലും ചെയ്യരുതോ. അങ്ങനെ അദ്ദേഹം കെട്ടിടനിര്‍മ്മാണ രംഗത്തേക്ക് തിരിഞ്ഞു. സിഗ്നേച്ചര്‍ ഹോംസ് എന്ന പേരില്‍ ഒരു സ്ഥാപനം ഉണ്ടാക്കി. ഒരിക്കല്‍ ചെങ്ങന്നൂരുള്ള ഒരു കെട്ടിടം ഉടമ അലക്സിനോട് പറഞ്ഞു. ഞാന്‍ സൗദി അറേബ്യയില്‍ ആണ്. ഞങ്ങളുടെ വീടിന്‍റെ ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ഏറ്റെടുക്കണം. നാലു മുറികളുള്ള വലിയവീട്ടില്‍ മൂന്നു മുറികളില്‍ മാത്രം മിനുക്കുപണികള്‍ മതി എന്നായിരുന്നു നിര്‍ദേശം. ഒരിക്കല്‍ പണി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികള്‍ പറഞ്ഞു സര്‍ നാലാമത്തെ മുറിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നു. എന്തോ പന്തികേടുണ്ട്. അലക്സ് അവിടെയെത്തിയപ്പോഴാണ് മനസിലാക്കുന്നത് രണ്ടുമൂന്നു ദിവസങ്ങളായി കുളിക്കാതെയും പ്രാഥമിക കര്‍മ്മങ്ങള്‍ പോലും കട്ടിലില്‍ നിര്‍വഹിച്ചും ഒരു വൃദ്ധ അവശയായി കിടക്കുന്നുണ്ടെന്ന്. അലക്സ് അന്വേഷിച്ചു, മകന്‍ ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കിയിട്ടാണ് പോയത്. ഹോംനഴ്സ് ദിവസവും വിവരം കൊടുക്കും. അമ്മ ഇന്ന് രണ്ടു നേരം കുളിച്ചു. ആഹാരം കഴിച്ചു. സന്തോഷവതിയായി ഇരിക്കുന്നു. കൊച്ചുമക്കളെ കുറിച്ചൊക്കെ ചോദിക്കുന്നുണ്ട് എന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഹോം നഴ്സ് മറ്റ് പല വീടുകളിലും ജോലിക്ക് പോകും. ഈ അമ്മയെ പൂര്‍ണ്ണമായും അവഗണിച്ച്. നിസ്സഹായയായ അമ്മയ്ക്ക് കട്ടിലില്‍ ഒറ്റയ്ക്ക് കിടന്ന് കരയാനേ കഴിയുമായിരുന്നുള്ളൂ. ഇത് അലക്സിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. മാനേജ്മെന്‍റ് വിദഗ്ധനും വ്യവസായിയുമായ അലക്സ് ഒരു മനുഷ്യ സ്നേഹിയായി മാറിയ നിമിഷം അതായിരുന്നു. അദ്ദേഹം സ്വമേധയാ അമ്മയെ ആശുപത്രിയില്‍ എത്തിച്ചു. വേണ്ട ചികിത്സകള്‍ നല്‍കി. മകന്‍ തിരികെ വന്നപ്പോഴാണ് തന്‍റെ അമ്മ അനുഭവിച്ചിരുന്ന ദുരിതത്തെ കുറിച്ച് മനസ്സിലാക്കുന്നത്.
കാണാത്ത കാഴ്ചകള്‍ കാണാനും കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഉള്ള സിദ്ധി അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ ദൈവം നല്‍കിയിട്ടുള്ളൂ. അലക്സ് തീരുമാനിച്ചു ജീവിതത്തില്‍ പ്രായാധിക്യത്താലും രോഗാവസ്ഥയാലും നിസ്സഹായ അവസ്ഥയില്‍ വിഷമിക്കുന്നവര്‍ക്ക് വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞ് വെയ്ക്കാമെന്ന്. അദ്ദേഹത്തിന്‍റെ മനസ്സില്‍ പൊട്ടി മുളച്ച ഒരു ആശയമാണ് സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍ എന്ന പ്രസ്ഥാനം. ഇന്ന് എറണാകുളത്ത് എല്ലാവരും പ്രായമായവര്‍ വിശേഷിച്ചും പ്രത്യാശയോടെ ഉറ്റു നോക്കുന്ന ഒരു സ്ഥാപനമായി മാറിയിട്ടുണ്ട് കരുണയുടെ കൈയ്യൊപ്പ് വീണ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍. ഒരിക്കല്‍ അവിടെ നേരിട്ട് പോയി കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം ലേഖകനുണ്ടായി.
സുന്ദര്‍ബോസിന്‍റെ ഭാര്യ ഗീത ബോസ് തന്നെ പറയുന്നത് വീട്ടില്‍ കിട്ടുന്നതിനേക്കാള്‍ ശുശ്രൂഷയും പരിപാലനവും ഈ സ്ഥാപനത്തില്‍ കിട്ടുന്നുണ്ട് എന്നാണ്. മരുന്നും വൈദ്യവും മാത്രമല്ല അതിനേക്കാള്‍ ഉപരിയുള്ള മനുഷ്യത്വമാണ് ഈ സ്ഥാപനത്തിന്‍റെ പ്രത്യേകതയെന്ന്.
ഇത് ഗീതാ ബോസിന്‍റെ മാത്രം അഭിപ്രായമല്ല. അവിടുത്തെ അന്തേവാസികളുടെയെല്ലാം അഭിപ്രായമാണ്. അവരില്‍ പലരുമായി സംസാരിച്ചപ്പോള്‍ അവരൊക്കെ പറയുന്നു വീടിന് അകലെയുള്ള ഒരു വീടായിട്ടാണ് ഞങ്ങള്‍ ഇതിനെ കാണുന്നതെന്ന്. പല പ്രായമായ പല രോഗികള്‍ക്കും ഈ സ്ഥാപനത്തില്‍ നിന്ന് വിടുതല്‍ കിട്ടിയാലും അവര്‍ വീണ്ടും തിരിച്ചു വരികയാണ്. ചികിത്സ തേടിയല്ല സാന്ത്വനം തേടി. ആ സാന്ത്വനം, മനുഷ്യത്വം നല്‍കാന്‍ കഴിയുന്നതാണ് ഈ സ്ഥാപനത്തിന്‍റെ മുഖശ്രീ.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ശ്രീ സിറിയക് ജോസഫിന്‍റെ മകള്‍ സിതാരയും ഭര്‍ത്താവ് അലക്സും ചേര്‍ന്നാണ് ഈ സ്ഥാപനം നടത്തുന്നത്. എനിക്ക് ഈ കുടുംബത്തെ നന്നായിയറിയാം. അദ്ദേഹത്തിന്‍റെ അമ്മയെ ഞങ്ങളെല്ലാം മമ്മി എന്നാണ് വിളിച്ചിരുന്നത്. മനുഷ്യത്വത്തിന്‍റേയും സ്നേഹത്തിന്‍റേയും ആള്‍രൂപമായിരുന്നു മമ്മി. ഒരുപക്ഷേ മമ്മിയില്‍ നിന്നും ലഭിച്ച പൈതൃകം ആയിരിക്കാം ഈ സാന്ത്വനത്തിന്‍റെ സ്രോതസ് എന്ന് തോന്നുന്നു.
നമ്മുടെ സമൂഹത്തില്‍ വളരെ ആവശ്യമായ ഒരു കാര്യം. അതിന്‍റെ ആവിഷ്കാരമാണ് ഈ സ്ഥാപനത്തില്‍ നാം കാണുന്നത്. ഇതുപോലെയുള്ള കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിച്ചു കൊണ്ട് പ്രായമായ അമ്മയെയും അച്ഛനെയും വൃദ്ധസദനം എന്ന പേരിലുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയക്കാനുള്ള മടി കേരളത്തിന്‍റെ മക്കള്‍ക്ക് ഇല്ല എന്നത് വളരെ അപമാനകരമാണ് നൊമ്പരമേല്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് മാറിയ ചിന്താഗതിക്ക് അനുസൃതമായ രീതിയില്‍ മാറിയ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഉണ്ടാവേണ്ട ആവശ്യകത നാം മനസ്സിലാക്കുന്നത്. ഒരുപക്ഷേ വൃദ്ധസദനത്തിനും സ്വന്തം വീടിനും ഇടയ്ക്കുള്ള ഒരു മാതൃകാ സ്ഥാപനമാണ് സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍ എന്ന് എനിക്ക് തോന്നുന്നു. നമുക്കറിയാം ഒന്നും രണ്ടും കുട്ടികളെ ഇന്ന് വീടുകളിലുള്ളൂ. അവര്‍ തന്നെ പലരും വിദേശത്തായിരിക്കും. അതുകൊണ്ട് വൃദ്ധമാതാപിതാക്കളെ നേരിട്ട് നോക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാക്കാമെങ്കിലും ഇതുപോലുള്ള ഭവനങ്ങളില്‍ ഏല്പിക്കാമെന്നുണ്ടെങ്കില്‍ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിരക്ഷിക്കപ്പെടും എന്നൊരു ഉറപ്പുണ്ട്. അതുകൊണ്ട് ഗവണ്‍മെന്‍റ് മുന്‍കൈയെടുത്ത് സമൂഹം പിന്‍ബലം കൊടുത്ത് ഇതുപോലുള്ള സ്ഥാപനങ്ങളെ പ്രോത്സാഹി പ്പിക്കേണ്ടതാണ് എന്നാണ് എന്‍റെ എളിയ അഭിപ്രായം.
അമേരിക്കയില്‍ ടെര്‍മിനല്‍ കെയര്‍ ആവശ്യമുള്ള രോഗികള്‍ക്ക് മരണാസന്നരായ രോഗികള്‍ക്ക് ആശ്വാസം കൊടുക്കാനുള്ള സ്ഥാപനങ്ങളുണ്ട്, ഹോസ്പീസ്. ഈ ഹോസ്പീസുകളുടെ സേവനം ആദരീണയം തന്നെയാണ് പക്ഷേ അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും മനുഷ്യ ത്വത്തിനല്ല മുന്‍തൂക്കം. സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍ എന്ന ഈ സ്ഥാപനത്തില്‍ ഞാന്‍ കാണുന്നത് വൈദ്യശുശ്രൂഷാ സംവിധാനങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനുപരിയായി മനുഷ്യത്വത്തിന്‍റെ കരസ്പര്‍ശമുണ്ട് എന്നുള്ളതാണ്. ഇതാണ് ഭാരതീയ പൈതൃകത്തിന് അനുസൃതമായത്. മലയാണ്മയ്ക്ക് അനുസൃതമായത്. മലയാണ്മയ്ക്ക് അനുസൃതമായ ഒരു അന്തര്‍ദേശീയ ബ്രാന്‍ഡ് ആയിട്ട് ഉയരാനുള്ള സാധ്യതകള്‍ ഞാനിതില്‍ കാണുന്നുണ്ട്. څഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ്چ നിശ്ചയമായും ഇതൊരു ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് തന്നെയാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലുണ്ടായ ദൈവത്തിന്‍റെ കരസ്പര്‍ശം പതിഞ്ഞ കാരുണ്യം പൊഴിഞ്ഞ ഒരു ആതുരാലയം. ഈ സേവനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
എന്തൊക്കെയാണ് ഇവിടെ ലഭിക്കുന്ന സേവനങ്ങള്‍ :
വെടിപ്പുള്ള മുറി, വൃത്തിയുള്ള സാഹചര്യം, നല്ല ഭക്ഷണം, ആവശ്യമായ വൈദ്യപരിചരണം, കരുണയോടെ പെരുമാറുന്ന ജീവനക്കാര്‍, ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍, അന്തേവാസികള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം. ഏതാനും ദിവസത്തേക്ക് മാത്രം യാത്ര പോകേണ്ടി വരുമ്പോള്‍ വൃദ്ധരായ മാതാപിതാക്കളെ വിശ്വസിച്ച് ഏല്‍പിക്കാനുള്ള സംവിധാനം. ചുരുക്കത്തില്‍ കേരളത്തില്‍ ഇന്ന് ഏറ്റവും ആവശ്യമായ ഒരു സേവന മേഖലയിലാണ് ജോസഫ് അലക്സ്,സിത്താര ദമ്പതികള്‍ ഒരു പുതിയ പാതതുറന്നതും പുതുവെളിച്ചം വീശിയതും.
വിശദ വിവരങ്ങള്‍ക്ക് www.signaturefoundation.com- 9847499099






