കൊച്ചിനഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ജി.ഐ.എസ്. മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടെത്തുന്നു.

Share News

കൊച്ചി: നഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ജി.ഐ.എസ്. മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടെത്തുന്നതിനും നഗരത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനുമായി കൊച്ചി നഗരസഭ ഡിജിറ്റൽ ട്വിൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കുന്നതിനും അനുമതിയില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു.

കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന പദ്ധതി പൈലറ്റ് വർക്ക് റിപ്പോർട്ട് അവതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ. ഡിജിറ്റൽ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും ശാസ്ത്രീയമായും നടപ്പാക്കാൻ ഡിജിറ്റൽ ട്വിൻ പദ്ധതി വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ലൈഡാർ, ഡ്രോൺ, ഡി.ജി.പി.എസ്. തുടങ്ങിയ അത്യാധുനിക സർവേ സംവിധാനങ്ങളിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിന്റെ ഡിജിറ്റൽ 3ഡി മാതൃക തയ്യാറാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിലൂടെ പദ്ധതികളുടെ ആസൂത്രണവും നിർവഹണവും കൂടുതൽ കൃത്യതയോടെയും സമയബന്ധിതമായും നടത്താൻ കഴിയും.

കൊച്ചി നഗരസഭയിലെ 13 വാർഡുകളിൽ നടപ്പാക്കിയ ജി.ഐ.എസ്. മാപ്പിങ് സംവിധാനത്തിന്റെ അവതരണം യു.എൽ.ടി.എസ്. നടത്തി. ചടങ്ങിൽ യു.എൽ.ടി.എസ്. സി.ഇ.ഒ. ഹരിശങ്കർ, ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ ജയ്ക് ജെ. ജേക്കബ്, ഡെലിവറി ഹെഡ് ബബിഷ് സി., അസോസിയേറ്റ് ഡെലിവറി മാനേജർ സയീദ് മംഗലശ്ശേരി എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനൂതറ നന്ദി രേഖപ്പെടുത്തി.

Kochi Mayor

Share News