2019ല്‍ ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍- തയ്യേബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share News

നമ്മള്‍ സഹോദരങ്ങളല്ലേ?

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ എന്‍സിക്ലിക്കല്‍ അഥവാ ചാക്രികലേഖനമാണ് എല്ലാവരും സഹോദരര്‍(ഫ്രത്തെല്ലി തൂത്തി).അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ദേവാലയത്തില്‍ 2020 ഒക്‌ടോബര്‍ 3-നാണ് പുതിയ പ്രബോധനരേഖ പാപ്പാ ഒപ്പുവച്ചത്.മതസൗഹാര്‍ദ നാടകങ്ങള്‍ക്കപ്പുറത്ത് മാനവീകസാഹോദര്യമാണ് പാപ്പാ വിവക്ഷിക്കുന്നതെന്ന് ചാക്രികലേഖനം പഠിച്ച വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിരീശ്വരവാദികള്‍ക്കു പോലും തന്റെ പ്രബോധന വെളിച്ചത്തില്‍ ഇടം കൊടുക്കുന്നു എന്നതാണ് കത്തോലിക്കാ സാമ്രാജ്യത്തിന്റെ പരമാധികാരി വ്യക്തമാക്കുന്നതത്രെ.

2019ല്‍ ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍- തയ്യേബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ സന്ദര്‍ശനവേളയില്‍ ഇരുവരും ഒരുമിച്ച് വിശ്വശാന്തിക്കും സഹവര്‍ത്തിത്വത്തിനുമായുള്ള മാനവസാഹോദര്യം എന്ന രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.

എല്ലാവരും സഹോദരര്‍ എഴുതുവാന്‍ തന്നെ പ്രചോദിപ്പിച്ചതിനു പിന്നില്‍ ഈ സംഭവവുമുണ്ടെന്ന് ചാക്രികലേഖനത്തില്‍ പാപ്പാ പലവുരി പറയുന്നു. മറ്റു മതങ്ങളോട് പല ക്രൈസ്തവവിഭാഗങ്ങളും പുലര്‍ത്തിവരുന്ന അസഹിഷ്ണുതയെ പാപ്പാ പലവട്ടം എതിര്‍ത്തിട്ടുള്ളതാണ്.

ഈശ്വരവിശ്വാസമില്ലാത്തവരുടെ കാര്യത്തില്‍ പോലും പാരമ്പര്യവാദികള്‍ക്കും കടുത്തരീതിയില്‍ വിശ്വാസം പുലര്‍ത്തുന്നവര്‍ക്കും എതിര്‍പ്പുളവാകുന്ന രീതിയില്‍ പാപ്പാ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

ചാക്രികലേഖനമെഴുത്തിന്റെ പ്രചോദനത്തില്‍ ചില വ്യക്തികളെയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അതിലൊരാള്‍ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണെന്നതാണ് അഭിമാനകരമായ മറ്റൊരു കാര്യം.

രാഷ്ട്രീയക്കാര്‍ സത്യസന്ധരാകേണ്ടതിന്റെ ആവശ്യകത, കുടിയേറ്റക്കാരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും കാണിക്കേണ്ട കാരുണ്യം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ലേഖനത്തില്‍ പ്രതിപാദ്യമാകുന്നുണ്ട്.

പിന്‍കുറിപ്പ്: ചാക്രികലേഖനമെന്നാല്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്മാരായ പാപ്പാമാര്‍ കാലാകാലങ്ങളില്‍ സഭാ വിശ്വാസികള്‍ക്കായി പുറപ്പെടുവിക്കുന്ന ലേഖനങ്ങളാണ്. സഭയിലെ മെത്രാന്മാരെയും വൈദികരെയും സന്ന്യസ്തരെയും അല്മായരെയും (സാധാരണവിശ്വാസികള്‍) അഭിസംബോധന ചെയ്യുന്ന ചാക്രികലേഖനങ്ങളില്‍ കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ക്കായിരിക്കും പ്രധാന്യം. മധ്യകാലഘട്ടത്തില്‍ യൂറോപിലെ ഏതെങ്കിലും പ്രവിശ്യകളിലെ ആരാധനാലയങ്ങള്‍ക്കായി പൊതുവായി പുറപ്പെടുവിക്കുന്ന കത്തുകളായിരുന്നു ഇത്തരം ലേഖനങ്ങള്‍. പിന്നീടിത് മെത്രാന്മാര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ഇടവകകള്‍ക്ക് നല്കുന്ന നിര്‍ദേശങ്ങളായി മാറി. ചാക്രികലേഖനങ്ങള്‍ ഇപ്പോള്‍ പുറപ്പെടുവിക്കുന്നത് പാപ്പാമാരാണ്. മെത്രാന്മാരുടെ അറിയിപ്പുകള്‍ക്ക് ഇടയലേഖനമെന്നും പൊതുവായി പേരുവന്നു. ലത്തീന്‍ വാക്കായ എന്‍സൈക്ലിയ എന്ന വാക്കില്‍ നിന്നാണ് ഉത്ഭവം. എന്‍സൈക്ലോപീഡിയ എന്ന വാക്കിന്റെ ഉത്ഭവം എന്‍സൈക്ലിയ എന്നതില്‍ നിന്നാണെന്നു പറയുമ്പോള്‍ ഒരു കാലഘട്ടത്തില്‍ ചാക്രികലേഖനങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ഊഹിക്കാമല്ലോ.

Bejo Silvery

Share News