പാലുകാച്ചി മല – ഐതീഹ്യ മുറങ്ങുന്ന മലമടക്കുകൾ

Share News

ഓരോ യാത്രയും പുനർജൻമങ്ങളാണ്. ഇന്നലെകളിലെ നൊമ്പരങ്ങളും ആകുലതകളും കുടഞ്ഞെറിഞ്ഞ് ഒരു പുതു ജന്മമാകാനുള്ള വിളിയാണ് യാത്രകൾ.

കണ്ണൂരിൻ്റെ വശ്യത തേടിയുള്ള ഇത്തവണത്തെ യാത്ര പാലുകാച്ചിമലയിലേക്കായിരുന്നു. ശിവപാർവ്വതിമാരുടെ ഐതീഹ്യ മുറങ്ങുന്ന പാലുകാച്ചിമല. വനംവകപ്പിൻ്റെ അനുമതിയോടെ മാത്രമെ മലയിലേക്ക് പ്രവേശനമുള്ളൂ’ ഉച്ചഭക്ഷണം പിറകിൽ തൂക്കി കേളകത്തു നിന്നും യാത്ര തുടങ്ങി.

പാലുകാച്ചിയിലേക്കുള്ള റോഡ് അവസാനിക്കുന്നിടത്ത് വന്യത നിറഞ്ഞ ഓഫ് റോഡ് ആരംഭിക്കുന്നു ‘ഫോർ വീലർ ജീപ്പ് അല്ലെങ്കിൽ ഇരുചക്രവാഹനം. ഉരുളൻ ചെങ്കല്ലുകളിൽ ചാടി ചാടി ഉയർന്നു നിൽക്കുന്ന വലിയ പുല്ലുകളിൽ ദേഹം തലോടി ഒന്നര കിലോമീറ്റർ യാത്ര ‘അവിടെ പാലുകാച്ചി മലയിൽ താമസിക്കുന്ന ഏക മനുഷ്യനായ ജോസേട്ടൻ്റെ വീടിനു സമീപം വണ്ടി വച്ചു.

മലയിടുക്കിലെ സുന്ദരമായ കുഞ്ഞു വീട്ടിലിരുന്ന് ബിരിയാണി കഴിച്ച് മുതുകിലെ ഭാരമ കറ്റി.മലമടക്കുകളിൽ നിന്ന് ഒഴുകി വരുന്ന ഔഷധ ജലം മതിയോളം നുകർന്നപ്പോൾ എന്തൊരു കളിർമ ‘മനസ്സും ശരീരവും തണുത്തു. കുറച്ചു വെള്ളം കുപ്പിയിലും നിറച്ച് ഞങ്ങൾ മലകയറാനാരംഭിച്ചു.നല്ല സുന്ദരമായ കാട്. ചീവീടുകൾ ഞങ്ങൾക്ക് സ്വാഗതം പറഞ്ഞു. ഒരു ചീവീട് കരഞ്ഞു തുടങ്ങിയാൽ പിന്നെ അടുത്തത് അങ്ങിനെ ഒരു കൂട്ടക്കരച്ചിൽ. പിന്നെ ശാന്തം. പിന്നെ വീണ്ടും തുടങ്ങും ഇതുചീവീടിൻ്റെ കരച്ചിലല്ല ‘കാടിൻ്റെ സംഗീതമാണ്‌. ആദ്യം ചെറിയകയറ്റമായിരുന്നു.പിന്നെ കുത്തനെയുള്ള കയറ്റം തുടങ്ങി.

ഒരു കിലോമീറ്ററോളം നല്ല സുന്ദരൻ കയറ്റം’ ഇടയ്ക്ക് ചിലയിടത്ത് കാട് ഇടിഞ്ഞതു കാണുമ്പോൾ ജോസേട്ടൻ പറയും അത് ആനയിറങ്ങിപ്പോയ വഴികളാണ്.സാക്ഷ്യമായി പല ദിവസത്തെ പഴക്കമുള്ള ആന പിണ്ടവും കാണാം. മുകളിലെ സൂര്യനെ തടുത്തു നിർത്തി മരങ്ങൾ കുടയൊരുക്കിയതിനാൽ ക്ഷീണിച്ചില്ല. കാടുകാണാൻ വരുന്നവർക്കും.കാടുകക്കാൻ വരുന്നവർക്കും തണലൊരുക്കും മരങ്ങൾ . വലിയ മരങ്ങളെ തൊട്ടുതലോടിയും വലിയ വള്ളികളിൽ ചുമ്മാ കയറിയിരുന്നും ഞങ്ങൾ യാത്ര തുടർന്നു. ചിലയിടത്തൊക്കെ തലയില്ലാത്ത വിഗ്രഹങ്ങളും മറ്റും കണ്ടു. മതത്തിൻ്റെ പേരിൽ വെട്ടിപ്പിടിക്കാനുള്ള മനുഷ്യൻ്റെ ആർത്തിയെ മനുഷ്യൻ തന്നെ തകർത്തതിൻ്റെ നേർസാക്ഷ്യങ്ങൾ’ കയറ്റത്തിൻ്റെ അവസാനം വെളിച്ചം കണ്ടുതുടങ്ങി.

മരങ്ങൾ മറച്ചുതണലൊരുക്കിയ സൂര്യൻ പ്രതാപശാലിയായി കത്തിനിൽക്കുന്നു എങ്കിലും മലയുടെ മുകളിലെത്തിയപ്പോൾ എവറസ്റ്റ് കീഴടക്കിയ ആനന്ദം’ സമുദ്രനിരപ്പിൽ നിന്ന് 2200 അടി മുകളിലാണ് ഞാനിപ്പോൾ ‘ഏറെ സന്തോഷത്തോടെ പാലുകാച്ചിമലയുടെ നിറുകയിൽ നിന്ന് ഞങ്ങൾ ആർത്തു വിളിച്ചു. താഴേക്ക് നോക്കിയാൽ വലിയ ചാക്കു നൂൽപോലെ റോഡുകൾ വളഞ്ഞ് പുളഞ്ഞ് കിടക്കുന്നു കാണാം’ അപ്പുറത്ത് കേളകം ടൗൺ’മലമടക്കുകൾക്കപ്പുറം വയനാട്.

പാറപ്പുറത്ത് വെയിലു കാഞ്ഞ് മലർന്നു കിടക്കുമ്പോഴാണ് ജോസേട്ടൻ പാലുകാച്ചിമലയുടെ ഐതീഹ്യത്തിലേക്ക് ഊളിയിട്ടത്.ദക്ഷയാഗത്തിൽ പങ്കെടുക്കാൻ വന്ന ശിവപാർവ്വതിമാർ ഇവിടത്തെ മൂന്നു മലകൾ അടപ്പുകല്ലാക്കി പാലുകാച്ചി എന്നാണ് ഐതീഹ്യം. കൂട്ടത്തിൽ വലിയമല അങ്ങനെ പാലുകാച്ചി മല എന്നറിയപ്പെട്ടു. പാറപ്പുറത്ത് വെയിൽ കാഞ്ഞ് ഐതീഹ്യവും കേട്ടിരിക്കെ ഞാനൊരാഗ്രഹം പറഞ്ഞു.

ഒരു രാത്രി പാലുകാച്ചിമലയുടെ മുകളിൽ കഴിയണം. മറ്റുള്ളവരും അതേറ്റു പിടിച്ചു’ ശ്രമിച്ചു നോക്കാമെന്ന് ജോസേട്ടൻ. മടക്കം തുടങ്ങി പകുതി ആയപ്പോൾ ഒരു വലിയ മരം ചൂണ്ടിക്കാട്ടി ഇതാണ് അകിൽ എന്നു പറഞ്ഞു.ലക്ഷങ്ങൾ വിലമതിക്കുന്ന മരം’ ഇതിൻ്റെ ചിത്രം കണ്ണൂരിലെ വനം വകുപ്പിൻ്റെ ഓഫീസിലുണ്ടെന്നു പറഞ്ഞു. കേട്ടു മാത്രം പരിചയമുള്ള മരം അടുത്ത കണ്ടപ്പോൾ ഒരാദരവ് തോന്നാതിരുന്നില്ല’ മരങ്ങളെ തൊട്ട് ചീവീടിൻ്റെ സ്വരമാധുരി നുകർന്ന് നടന്ന് താഴെയെത്തി.

പാലുകാച്ചി മലയോട് യാത്ര പറയവെ മലമുകളിൽ വച്ച് പറഞ്ഞ ഒരാഗ്രഹം മനസ്സിൽ തുടികൊട്ടി’ ഒരു രാത്രി ശിവപാർവ്വതിമാർ പാലുകാച്ചിയ മലയുടെ മുകളിൽ കഴിയണം’ നോക്കാമെന്ന ജോസേട്ടൻ്റെ വാക്കിൽ ഒരു നനുത്ത പ്രതീക്ഷ’യാത്രാകൂട്ടുകാർ’ തൊണ്ടി കെ.എസ്.ഇ.ബി യിലെ അജേഷും കേളകം കെ.എസ്.ഇ.ബി യിലെ ജയ്സനും ‘കേളകം കാരനായ അലക്സ് മാത്യു ‘

Shaiju Kelanthara

Share News