എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41)

Share News

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കാത്തിരിക്കെ, അതിനു മുന്നേ ആരോ തുറന്നുകൊടുത്തു! അന്ന് പാതിരാത്രി തന്നെ അതുമായി ബന്ധപ്പെട്ട് വീടുവളഞ്ഞ് അറസ്റ്റും നടന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുളള വകുപ്പുകൾ, ഗൂഢാലോചനയും, സംഘം ചേരലുമൊക്കെ, ആരോപണം ഉണ്ടാകാം. പാതിരാത്രി അറസ്റ്റ് ഇങ്ങനെ വേണമായിരുന്നോ എന്ന് ചോദ്യവും ഉത്തരവും ഉയരുന്നു ! എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41)

ഒന്നുകിൽ പോലീസിൻറെ മുന്നിൽവച്ച്, പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റം (cognizable) ചെയ്യണം; അല്ലെങ്കിൽ, ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം (പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ മൂന്നാം വകുപ്പ് ആണെങ്കിൽ പരമാവധി അഞ്ച് വർഷമാണ് ശിക്ഷ) ചെയ്തിട്ടുണ്ട് എന്ന് വിശ്വാസയോഗ്യമായ അറിവ് ലഭിക്കുകയോ, ന്യായമായ സംശയം ഉണ്ടാവുകയോ ചെയ്യുകയും, കുറ്റം തുടർന്നും ചെയ്യാതിരിക്കാനോ, കേസിലെ ശരിയായ അന്വേഷണത്തിനോ, തെളിവ് നശിപ്പിക്കാതിരിക്കാനോ, സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോ, ഒളിവിൽ പോകും എന്ന് തോന്നിയാലോ പോലീസിന് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാം.

അങ്ങനെ അറസ്റ്റ് ചെയ്ത് പിടിച്ചു കൊണ്ടു പോകേണ്ടതില്ലാത്ത പ്രതികൾക്ക് 41A നോട്ടീസ് നൽകി വിളിച്ചു വരുത്താം. അറസ്റ്റ് ചെയ്യണമെങ്കിൽ തന്നെ എങ്ങനെ ചെയ്യണം ?

(വകുപ്പ് 41B)അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തുന്ന തരത്തിൽ തിരിച്ചറിയപ്പെടണം.അറസ്റ്റ് മെമ്മൊയിൽ, സാക്ഷിയായി കുടുംബാംഗം/സ്ഥലത്തെ അറിയപ്പെടുന്ന ഒരാൾ ഒപ്പിടണം. അതിനുതാഴെ അറസ്റ്റ് ചെയ്യപ്പെടുന്ന ആൾ ഒപ്പിടണം.കുടുംബാംഗം അല്ല ഒപ്പിടുന്നത് എങ്കിൽ ബന്ധുവിനെയോ സുഹൃത്തിനെയോ അറസ്റ്റിനെ പറ്റി അറിയിക്കാനുള്ള അവസരം നൽകണം.ജാമ്യമില്ലാത്ത കുറ്റമാണെങ്കിൽ അറസ്റ്റ് ഉണ്ടായാൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കണം.

കൊറോണക്കാലം ആയതുകൊണ്ട് നേരിട്ട് വേണ്ട വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാം. പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ വകുപ്പ് 5 പ്രകാരം പ്രോസിക്യൂഷൻ ഭാഗം കേൾക്കാതെ ജാമ്യം നൽകരുത്. Bail Is Rule And Jail Is Exception എന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് കഴിഞ്ഞ മാർച്ച് മാസത്തിലും വിധി പറഞ്ഞത് ഓർമ്മയുണ്ട് എന്ന് മാത്രം പറയാം!

Share News