നാനൂറോളം ഗാനങ്ങൾക്ക് സംഗീതസൃഷ്ടി; അവയിൽപ്പലതും സ്വന്തം വരികൾ

Share News
ജോർജ് നിർമൽ –

നാനൂറോളം ഗാനങ്ങൾക്ക് സംഗീതസൃഷ്ടി; അവയിൽപ്പലതും സ്വന്തം വരികൾ;

എം.കെ. അർജുനൻ, കണ്ണൂർ രാജൻ, ജെറി അമൽദേവ്, ജോബ്‌ & ജോർജ്, കുമരകം ബോസ് തുടങ്ങിയ പ്രമുഖർക്കുവേണ്ടി നൂറുകണക്കിന് നാടകഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയും ആലാപനം; സംഗീതാധ്യാപകൻ എന്നനിലയിൽ നീണ്ട ശിഷ്യനിര: ഇത് ജോർജ് നിർമൽ – പശ്ചിമകൊച്ചി ജന്മംനൽകിയ സംഗീതപ്രതിഭകളുടെ പരമ്പരയിലെ കരുത്തുറ്റ ഒരു കണ്ണി.

പെരുമ്പടപ്പ് പടിഞ്ഞാറെ നെടുംപറമ്പിൽ തോമസിന്റെയും ആഞ്ജമ്മയുടെയും മകനായി 1949 മെയ് 23 നു ജനിച്ച എന്റെ പ്രിയപ്പെട്ട ജോർജ് മാസ്റ്റർക്ക് പിറന്നാൾ ആശംസകൾ!

ശ്രീ രാമൻകുട്ടി ഭാഗവതർ, ശ്രീ നടേശൻ ഭാഗവതർ എന്നിവർക്കു കീഴിൽ കർണാടകസംഗീതം അഭ്യസിച്ച ഇദ്ദേഹത്തിന് ‘അല്ലിയാമ്പൽ കടവിലി’ന്റെ ഗാനസ്രഷ്ടാവായ സാക്ഷാൽ ജോബ് മാസ്റ്ററുടെ കീഴിൽ സിതാർ പഠിക്കാനും ഭാഗ്യം ലഭിച്ചു. വീടിനടുത്തുള്ള കർമലീത്ത ആശ്രമവളപ്പിലെ നിർമല ആർട്ട്സ് ക്ലബ്ബുമായുള്ള ആത്മബന്ധമാണ് ജോർജ് ‘നിർമലി’നെ സൃഷ്ടിച്ചത്. കൊച്ചിമുതൽ കൊല്ലംവരെ നിരവധി നാടകസംഘങ്ങൾക്കുവേണ്ടി അർജുനൻ മാസ്റ്ററുടെയും മറ്റും നൂറുകണക്കിന് മധുരഗാനങ്ങൾ ഇദ്ദേഹം ആലപിച്ചു. ആകാശവാണിയിൽ പത്തു വർഷം ലളിതഗാന ആർട്ടിസ്റ്റുമായി. ഇതിനിടെ സ്വന്തമായി സംഗീതരചനയും ആരംഭിച്ച ജോർജ് നിർമൽ ഭക്തിഗാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമയിലെത്തുംമുൻപുതന്നെ കെ.എസ്. ചിത്രയെക്കൊണ്ട് ഭക്തിഗാന ആൽബത്തിൽ (നാദധാര) ആദ്യമായി പാടിച്ചത് ഇദ്ദേഹമായിരുന്നു. കൂടാതെ, സുജാത, മിൻമിനി, മാർക്കോസ്, രാധികാ തിലക്, ബിജു നാരായണൻ, ദലീമ, കെസ്റ്റർ, മനീഷ, എലിസബത്ത് രാജു, വിൽസൺ പിറവം, ഫാ. പോൾ തോമസ് OCD, ഗാഗുൽ ജോസ്, മെലിൻ, സെബി പള്ളിപ്പുറം തുടങ്ങിയ നിരവധി പ്രമുഖർ ഇദ്ദേഹത്തിനുവേണ്ടി പാടിയിട്ടുണ്ട്.

ക്രൈസ്തവ ഭക്തിഗാനങ്ങൾക്കു പുറമെ നിരവധി ഹൈന്ദവഭക്തിഗാനങ്ങളും ജോർജ് നിർമൽ സൃഷ്ടിച്ചിട്ടുണ്ട്.സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച ”മഞ്ഞുപോലെ വെൺമയാക്കൂ …”, “ആബേലിൻ കാഴ്ചയും അബ്രഹാമിൻ ബലിയും…” തുടങ്ങിയ ഗാനങ്ങൾ ഇന്നും ക്രൈസ്തവദേവാലയങ്ങളിൽ ആലപിച്ചുവരുന്നു. ബൈബിളിലെ 85 സങ്കീർത്തനങ്ങൾക്ക് ഒരക്ഷരംപോലും മാറ്റം വരുത്താതെ സംഗീതം നൽകിയത് (തോപ്പുംപടി സാന്താ സിസീലിയ സ്റ്റുഡിയോയ്ക്കുവേണ്ടി) വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. കസെറ്റുകളിലും CD യിലുമായി എൺപതോളം ആൽബങ്ങൾ ചെയ്തിട്ടുണ്ട്.ഇതിനിടെ കൊച്ചി രൂപതയുടെ കീഴിലുള്ള സ്ക്കൂളുകളിൽ സംഗീതാധ്യാപകനായി നിയമിക്കപ്പട്ടു. അങ്ങനെ കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്സ് LP സ്കൂളിൽ പഠിപ്പിക്കവേ, ഒരു പടുപാട്ടുപോലും പാടാത്ത ഞാനും അദ്ദേഹത്തിന്റെ ശിഷ്യനായി! കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഏർപ്പെടുത്തിയ പുരസ്കാരം 1993 ൽ ജോർജ് മാസ്റ്റർക്ക് ലഭിച്ചു. പാട്ടിന് കെ.എസ്. ചിത്രയും ഗാനരചനയ്ക്ക് ആർച്ച്ബിഷപ് കൊർണേലിയൂസ് ഇലഞ്ഞിക്കലും അതേയവാർഡിന് ഒപ്പം അർഹരായി.മാസ്റ്ററുടെ സഹോദരങ്ങളും സംഗീതം, ചിത്രകല എന്നിവയിൽ അറിയപ്പെടുന്നവരാണ്. അനുജൻ മിൽട്ടൺ സിനിമയിൽ കലാസംവിധായകനായി പ്രവർത്തിക്കുന്നു.ഭാര്യ റോസി, മക്കൾ ദാസ് ആൻറണി, ഫിൻറൺ പോൾ. പെരുമ്പടപ്പിലെ വീട്ടിൽ ഒരു പുതിയ ആൽബത്തിന്റെ പണിപ്പുരയിലാണ് ജോർജ് നിർമൽ മാസ്റ്റർ ഇപ്പോൾ

. ശ്രീ പി വി ആൽബി ഫേസ് ബുക്കിൽ എഴുതിയത്

ജോർജ് നിർമൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു