ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ ദൗത്യത്തിന് തുടക്കം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

Share News

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി. വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് മറുപടിയായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല, രണ്ടു വാക്‌സിനുകളാണ് വിതരണത്തിന് എത്തിച്ചത്. ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി.

വാക്‌സിന്‍ എപ്പോള്‍ എത്തുമെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. രണ്ടു വാക്‌സിനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. മറ്റ് വാക്‌സിനുകളുടെ പരീക്ഷണങ്ങളും അതിദ്രുതം പുരോഗമിക്കുകയാണ്.

രണ്ടു ഡോസ് കുത്തിവെയ്പ്പ് നടത്തണം. രണ്ടാം ഡോസ് കുത്തിവെയ്പ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാലേ രോഗപ്രതിരോധ ശേഷി കൈവരൂ. കോവിഡ് മുന്നണിപ്പോരാളികളുടെ വാക്‌സിനേഷന്‍ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് മോദി പറഞ്ഞു. രണ്ടാംഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദുഷ്പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല. വാക്‌സിന്‍ എടുത്താലും ജാഗ്രത തുടരണം. മാസ്‌ക് ഉപേക്ഷിക്കരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ടാം ഘട്ടത്തിൽ മുതിർന്നവർക്കാണ് മുൻ​ഗണന നൽകുന്നത്. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിനേഷന്‍ സമയം. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീല്‍ഡിനാണ് മുന്‍ഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക.

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ കൊടുക്കരുത്. ഒരേ വാക്‌സീന്‍ തന്നെ രണ്ട് തവണയും നല്‍കണം എന്നിങ്ങനെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിനേഷന്‍ നല്‍കുക. എറണാകുളത്ത് 12 ഉം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 ഉം കേന്ദ്രങ്ങളാണുണ്ടാകുക. മറ്റു ജില്ലകളില്‍ ഒമ്പതു കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. ഓരോ ആള്‍ക്കും 0.5 എം എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.

Share News