
കുക്കിങ് വ്ലോഗർമാർക്കൊപ്പം രാഹുൽ ഗാന്ധി: ഹിറ്റ് വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്നാട് സന്ദര്‍ശനത്തിനിടെ ഒരു സംഘത്തോടൊപ്പം കൂൺ ബിരിയാണി തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മഷ്റൂം ബിരിയാണി ഉണ്ടാക്കി കഴിച്ചതിന് ശേഷം തമിഴില്‍ അഭിനന്ദനം അറിയിക്കുന്നതാണ് വീഡിയോയിലുള്ളത്.
വില്ലേജ് കുക്കിങ് ചാനല്‍ എന്ന പ്രശസ്ത യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മഷ് റൂം ബിരിയാണി ഉണ്ടാക്കിയതിന് ശേഷം ആളുകള്‍ക്കൊപ്പം തറയിൽ ചമ്രംമടഞ്ഞിരുന്ന് കഴിക്കുന്ന രാഹുലിന്റെ വീഡിയോ ഇതിനോടകം തന്നെ 31.24ലക്ഷം പേര് കണ്ടുകഴിഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവുവും എംപിയായ ജ്യോതിമണിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഭക്ഷണത്തിനെ അഭിനന്ദിക്കാനായി ‘ റൊമ്പ നല്ലായിറുക്ക്’ എന്നുള്ള തമിഴ് പ്രയോഗവും രാഹുല്‍ ഗാന്ധി നടത്തി.
തമിഴ്നാട്ടില്‍ അറിയപ്പെടുന്ന ഫുഡ് വ്്ലോഗര്മാരാണ് വില്ലേജ് കുക്കിങ് ചാനല്‍. രാഹുല്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ലോകരാജ്യങ്ങളില്‍ പോയി ഭക്ഷണം ഉണ്ടാക്കണം എന്നാണ് തങ്ങളുടെ സ്വപ്നമെന്ന് വ്ലോഗര്‍മാര്‍ പററഞ്ഞപ്പോള്, അമേരിക്കയില്‍ പോകാനായി വഴിയുണ്ടാക്കി തരാമെന്ന് രാഹുല്‍ ഇവരോട് പറഞ്ഞു. രാജ്യത്ത് മുഴുവന്‍ വ്ലോഗ് ചെയ്യുന്നതിന് കുറിച്ചും അദ്ദേഹം സംസാരിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇത്തരത്തിലുള്ള സമീപനമല്ല പ്രതീക്ഷിക്കുന്നത് എന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം, രാഹുലിന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റം ഒരിക്കല്‍ക്കൂടി വ്യക്തമായെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.