ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സഹകരണം നല്‍കിയ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ സഹകരിച്ച ഗതാഗത മേഖലയിലെ സംഘടനകള്‍ക്കും പൊതു ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി |മന്ത്രി എ.കെ ശശീന്ദ്രൻ

Share News

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലയളവില്‍ ജനങ്ങളുമായി ഏറെ സമ്പര്‍ക്കമുള്ള ഗതാഗത വകുപ്പിന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. ബഹു. മുഖ്യമന്ത്രിയുടെയും ബഹു: ധനകാര്യ മന്ത്രി ശ്രി തോമസ്‌ ഐസ്സക്കിന്റെയും മറ്റ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിസ്സീമമായ സഹകരണം ഈ കാലയളവില്‍ എനിക്ക് ലഭിച്ചു. ഗതാഗത വകുപ്പില്‍ ഒട്ടനവധി സുപ്രധാന മാറ്റങ്ങള്‍ക്ക് ഇക്കാലയളവ് സാക്ഷ്യം വഹിച്ചു. ഗതാഗതമേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ സൗകര്യങ്ങളും ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുക എന്നതായിരുന്നു എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെയും, വകുപ്പിന്റെയും പ്രഖ്യാപിത ലക്ഷ്യം.

കടക്കെണിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുന്നതിനും, ആധുനികവല്‍ക്കരിച്ച് പുനരുജ്ജീവിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. കോര്‍പ്പറേഷന്റെ പലിശ കൂടിയ വായ്പകള്‍ ഒഴിവാക്കുന്നതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പകളുടെ പുനക്രമീകരണം നടത്തി, കുറഞ്ഞ പലിശ നിരക്കിലും കൂടുതല്‍ കാലയളവിലുമുള്ള 3100 കോടി രൂപയുടെ വായ്പ ലഭ്യമാക്കി. പെന്‍ഷനും ശമ്പളവും കൃത്യമായി നല്‍കുന്നതിനായി 6000 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ഇക്കാലയളവില്‍ ധനസഹായമായി അനുവദിച്ചത്. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എന്ന കമ്പനി രൂപീകരിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സി. മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. പൂര്‍ണ്ണമായും ആധുനിക സജ്ജീകരണങ്ങളോടെ ആരംഭിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനം തികച്ചും സുതാര്യവും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ടൂറിസം, ചരക്ക് ഗതാഗതം തുടങ്ങിയ ഇതര മേഖലകളിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിഞ്ഞത് മികച്ച നേട്ടമായി കരുതുന്നു.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഏതാണ്ട് എല്ലാ സേവനങ്ങളും ഓണ്‍ ലൈനായി നിര്‍വ്വഹിക്കുന്നതിനുള്ള ക്രമീകരണങ്ങല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഈ കാലയളവില്‍ 13 പുതിയ സബ്ബ് ആര്‍.ടി ഓഫീസുകള്‍ ആരംഭിക്കുകയും ചെയ്തു. ആധുനിക ഡ്രൈവിംഗ് ടെസ്റ്റ്‌ സെന്ററുകള്‍ കേരളത്തിലെ 6 ജില്ലകളില്‍ ഇതുവരെ നടപ്പിലാക്കി. മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നവീകരണത്തിന്റെ പാതയിലാണ്. വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് പടിപടിയായി കുറച്ച് കൊണ്ടുവരുന്നതിനായി സേഫ് കേരള എന്ന പേരില്‍ പദ്ധതി നടപ്പാക്കി. ഇത് വഴി വര്‍ഷംതോറും വാഹനാപകടത്തിലൂടെ നിരാലംബരാകുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനു സാധിച്ചു

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ (പെട്രോള്‍, ഡീസല്‍) ഒഴിവാക്കുക, പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയ്ക്ക് രൂപം നല്‍കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ആദ്യത്തെ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയായ കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കഴിഞ്ഞ വര്ഷം നിലവില്‍ വന്നു. നഗരഗതാഗതത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ പര്യാപ്തമായ രീതിയിലാണ് അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്. ഇന്റലിജന്റ്‌ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ അതിഷ്ടിതമായ സുഗമമായ ഒരു യാത്രാസംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അതോറിറ്റിയുടെ പ്രവര്‍ത്തനം.

വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി വലിയ പദ്ധതികള്‍ നടപ്പിലാക്കിയ വകുപ്പാണ് ജലഗതാഗത വകുപ്പ്. പദ്ധതികളുടെ വൈവിധ്യം കൊണ്ടും നിലവാരം കൊണ്ടും സമയബന്ധിതമായി നടപ്പാക്കിയത് കൊണ്ടും ഈ വകുപ്പ് പ്രത്യേക ശ്രദ്ധയും പ്രശംസയും നേടിയിട്ടുണ്ട്. ഗുസ്താവ് ട്രൌവേ അവാര്‍ഡിന് അര്‍ഹമായ ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ യാത്രാബോട്ട് ‘ആദിത്യ’, ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ‘വാട്ടര്‍ ടാക്‌സി, കേരളത്തിലെ ആദ്യത്തെ ‘വാട്ടര്‍ ആംബുലന്‍സ്, അതിവേഗ എ.സി ബോട്ടായ ‘ലക്ഷ്യ’, രണ്ട് ഹള്ളുള്ള ‘കറ്റാമറൈന്‍ ബോട്ട്’, അതിവേഗ എ.സി ബോട്ടായ ‘വേഗ 120’ എന്നിവ ഇക്കാലയളിവിലെ ജലഗതാഗത വകുപ്പിന്റെ സംഭാവനകളാണ്. ‘സീ കുട്ടനാട്’, ‘സീ അഷ്ടമുടി’ എന്നീ പദ്ധതികളിലൂടെ ജലഗതാഗത വകപ്പ് ടൂറിസം മേഖലയിലേക്ക് കൂടി പ്രവേശിച്ചു കഴിഞ്ഞു.

ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സഹകരണം നല്‍കിയ വകുപ്പ് മേധാവികള്‍ക്കും ജീവനക്കാര്‍ക്കും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ സഹകരിച്ച ഗതാഗത മേഖലയിലെ സംഘടനകള്‍ക്കും പൊതു ജനങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ഗതാഗത മേഖലയ്ക്ക് ഒരു പുതിയ അധ്യായം തുന്നിച്ചേർക്കാൻ എന്തുകൊണ്ടും പ്രാപ്തനായ ഒരു മന്ത്രിയെ ആണ് രണ്ടാം പിണറായി സര്‍ക്കാരില്‍ നമുക്ക് ലഭിച്ചിട്ടുള്ളത്. എന്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനും, സഹോദര സ്ഥാനീയനുമാണ് ശ്രീ ആന്റണി രാജു ഇതര മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു പൊതു പ്രവര്‍ത്തകനാണ് അദ്ദേഹം ഗതാഗത മേഖലയെ ഇനിയും ഉയരങ്ങളിലേക്ക് ഉയർത്തുവാൻ സാധിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ, സ്നേഹത്തോടെ ആശംസിക്കുന്നതിനോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു.

സ്നേഹപൂർവ്വം,

എ.കെ ശശീന്ദ്രൻ

Share News