ഇപ്പോൾ ചെയ്ത് വരുന്ന ശുശ്രൂഷകൾ കൂടാതെ പൂർണ്ണ കർഷകൻ കൂടി ആവുകയാണ്. അനുഗ്രഹങ്ങൾ ഉണ്ടാവണം.
വലിയ തോതിലുള്ള കൃഷി ആദ്യമായിട്ടാണ്. കൃഷി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ അല്ല ജനനം. അതിനാൽ തന്നെ കൃഷിയെ കുറിച്ചു ഒരു ചുക്കും അറിയില്ല. പൂർണ്ണ കർഷകൻ ആകുന്നു എന്നു പറയുമ്പോഴും കർഷക വിദ്യാർത്ഥി ആകുന്നു എന്നതാണ് കൂടുതൽ യാഥാർഥ്യം. മണ്ണ് നമ്മെ ഒത്തിരി പഠിപ്പിക്കും എന്നു ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു. അത്യന്തം മനഃക്ലേശവും ശാരീരിക അധ്വാനവും വേണ്ട പണിയാണ്. അതിലുപരി ഈ രണ്ടു മാസം കൊണ്ട് പഠിച്ച ഒരു കാര്യം കൃഷിയുടെ താക്കോൽ നിതാന്ത ജാഗ്രത ആണെന്നാണ്. നമ്മുടെ വിശ്വാസ ജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും താക്കോലും അതു തന്നെ എന്ന പോലെ.
ഡൽഹിയിൽ കർഷകർ സമാന്തര പാർലമെന്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. എത്ര മനോഹരമായിട്ടാണ് അവർ തങ്ങളുടെ വാദങ്ങളും ആശയങ്ങളും മുന്നോട്ട് വെക്കുന്നത്. ഒരു ദിവസം വനിതാ പാർലമെന്റ് ആയിരുന്നു. വനിതകൾ മികച്ച പിന്തുണ കൊടുക്കുന്നുണ്ട്. ഒരു കർഷകൻ ആവുക വഴി അവരുടെ ജീവിതപ്രശ്നങ്ങൾ എനിക്കും നേരിട്ട് അറിയാൻ സാധിക്കും. നേരത്തെ തലകൊണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഹൃദയം കൊണ്ടും, ശരീരത്തിലെ ഓരോ അവയവം കൊണ്ടും, ശ്വാസം കൊണ്ടും. സമരം മികച്ച രീതിയിൽ ആണ് മുന്നോട്ട് പോകുന്നത്. നിയമങ്ങൾ പിൻവലിക്കാതെ പുറകൊട്ടില്ല. മുഖ്യധാരാ മാധ്യമങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് സർക്കാർ വിലക്കിയിട്ടുണ്ട്. അതിനാൽ സ്വന്തം യൂട്യൂബ് ചാനൽ ആണ് കർഷകർ ഉപയോഗിക്കുന്നത്.
രാവിലെ ആറു മണിക്ക് ഞാറ് നടാൻ ആളുകൾ എത്തി. ഞാനും അവരുടെ കൂടെ കൂടി. എന്നെക്കാൾ സന്തോഷം ജാക്ക് എന്ന എന്റെ നയ്ക്കുട്ടിക്കു ആയിരുന്നു. കഴിഞ്ഞ ആഴ്ച്ച അവനു ഒരു വയസ് തികഞ്ഞു. ഇന്നലെ വയൽ തയ്യാറാക്കുമ്പോൾ ട്രാക്ടറിനൊപ്പം ഓടി മുഴുവൻ ഉഴുത് മറിക്കുവാൻ അവൻ മുന്നിലായിരുന്നു. അവന് അറിയാം ഇപ്പോൾ അധ്വാനിച്ചില്ലെങ്കിൽ ആറുമാസം കഴിഞ്ഞു ഒന്നും തിന്നാൻ കാണില്ല എന്നു. ഇപ്പോൾ ഏഴെ മുക്കാൽ മണി. ഇനി പോയി കുളിച്ചു 9ന് കുർബാന ഉണ്ട്. ഏതാനും വിശ്വാസികൾ വരും. ചെറിയ സമൂഹം ആണ്. ബാക്കി കുർബാന കഴിഞ്ഞ്.
ഈ കൃഷിയിൽ നിന്ന് നല്ല ആദായം ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. അത് മുഴുവൻ ഇവിടത്തെ സേവനപരിപാടികൾക്കും, വിശേഷിച്ചു ദരിദ്രരായ കുറച്ചു കുട്ടികളുടെ നിരന്തര വിദ്യാഭ്യാസത്തിനുമായിട്ടാണ് ചെലവഴിക്കുന്നത്. അത് വലിയൊരു ആവശ്യമാണ്. ആ പദ്ധതിയെ കുറിച്ചു കൂടുതലായി ഉടനെ പറയുന്നതാവും.
ഇത്ര വരെ എത്തിച്ചത് നിരവധി പേരുടെ സഹായമാണ്. ജലസേചനത്തിനുള്ള സൗകര്യങ്ങൾക്കായി ഏതാനും പേർ നന്നായി സഹായിച്ചു. അയൽവക്കത്തെ രണ്ടു കര്ഷകരാണ് എന്നെ സഹായിക്കുന്നതും കൃഷി പഠിപ്പിക്കുന്നതും. നിങ്ങളുടെ അനുഗ്രഹവും, പിന്തുണയും, പ്രാർത്ഥനയും ഉണ്ടാവണം.
Jose Vallikatt