
ഭാഷാപഠനവും അവസരങ്ങളും ?
ഭാഷ പഠിച്ചാൽ വലിയ കടമ്പ കഴിഞ്ഞു. പൊതുവെ മലയാളികൾ വിദേശ ഭാഷ പഠിക്കുന്നതിൽ താല്പര്യമുള്ളവരും, കഴിവുള്ളവരുമാണ്. അതേസമയം കുറച്ചുപേർ ഭാഷാപഠനം ഒരു ജോലി ലഭിക്കാൻ മാത്രമാക്കി മാറ്റുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് IELTS, GERMAN തുടങ്ങിയ ഭാഷകളുടെ സർട്ടിഫിക്കറ്റ് കാശുകൊടുത്തും എങ്ങനെയെങ്കിലും തരപ്പെടുത്താൻ നോക്കുന്നത്.നമ്മൾ മാതൃഭാഷയും ഇംഗ്ലീഷുമൊഴികെ (ഇംഗ്ലീഷ് പഠിക്കാതെ രക്ഷയില്ലെന്ന് ഒരു ധാരണയൊക്കെ ഇപ്പോഴുണ്ട്) മറ്റൊരു വിദേശ ഭാഷ പഠിക്കണമോ? മാതൃഭാഷയ്ക്കു പുറമെ ഒരു വിദേശഭാഷ കൂടി പഠിക്കുന്നതിന്റെ പ്രേരകങ്ങള്‍ എന്തൊക്കെയാണ്…
ഇന്ന് മനുഷ്യർ ഒരു സ്ഥലത്ത് തന്നെ താമസിക്കുന്നവരല്ല. ജോലി ആവശ്യങ്ങൾക്കും പഠനകാര്യങ്ങൾക്കുമായിട്ടൊക്കെ, സാംസ്‌കാരികമോ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ മറ്റുവല്ല കാര്യങ്ങൾകൊണ്ടൊക്കെ വിവിധ പ്രദേശങ്ങളിൽ മാറി ജീവിക്കേണ്ടി വരുന്നുണ്ട്. അങ്ങനെവരുമ്പോൾ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള ശേഷി നേടുക എന്നത് ഭാഷാപഠനത്തിന്റെ അടിസ്ഥാനമായി മാറുന്നു. അത്തരമൊരു ശേഷി നേടിയെടുക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനം. മറ്റൊരു സംസ്കാരത്തിൽ ജീവിക്കാൻ, അല്ലെങ്കിൽ മറ്റൊരു സംസ്കാരം മനസിലാക്കാൻ മറ്റു സംസ്കാരങ്ങളിൽ ജോലി ചെയ്യാൻ ഭാഷാപഠനം നടത്തുന്നത് ഉചിതമാണ്. മറ്റു സംസ്കാരത്തിൽ ജീവിക്കുന്നവരുടെ ചിന്തകളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും മറ്റുമൊക്കെ കൃത്യമായി മനസിലാകുന്നത് അവരുടെ ഭാഷയിലൂടെയാണ് എന്നതിൽ തർക്കമുണ്ടെന്നു തോന്നുന്നില്ല.
പ്രയോഗതലത്തില്‍ സമഗ്രഭാഷാ പഠനം നടക്കണം. അതുകൊണ്ടു ഭാഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവിടെ പഠിപ്പിക്കുന്നവരുടെ വൈദഗ്ധ്യം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് കേരളത്തത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ വലിയൊരു ട്രെൻഡ് ആണ് ജർമൻ ഭാഷാകേന്ദ്രങ്ങൾ കൂണുപോലെ മുളയ്ക്കുന്നത്. ഒരുകാലത്ത് ഇത് IELTS കേന്ദ്രങ്ങൾ ആയിരുന്നു. ഏറ്റവും വലിയ തമാശ എന്തന്നാൽ B1 ലെവലിൽ അറിവുള്ളയാൾ A1, A2 ലെവലിൽ പഠിപ്പിക്കുന്നു. B2 ഉള്ളയാൾ B1 ലെവലിൽ പഠിപ്പിക്കുന്നു. ഉള്ളതുകൊണ്ട് ഓണം പോലെ പഠിപ്പിക്കൽ നടക്കുന്നു. ഇങ്ങനെ ഭാഷ പഠനത്തിന്റെ സമഗ്രവികാസം അടഞ്ഞുപോകുന്നു. പഠിക്കുന്നവരിൽ പഠനത്തിന്റെ ആസ്വാദനം ഒരിക്കലും സാധ്യമാകുന്നില്ല. പരിജ്ഞാനം ഉള്ളവരെ കിട്ടുന്നില്ല അല്ലെങ്കിൽ അവർക്കു കൂടുതൽ കൂലികൊടുക്കേണ്ടിവരുന്നു, പുതിയ പഠനസാധ്യതകൾ ലഭ്യമല്ല എന്നതൊക്കെയാണ് ഇതിനുകാരണം. ഏതൊരു ഭാഷയും സ്വായത്തമാക്കാന്‍ കഴിയണമെങ്കില്‍ പ്രസ്തുത ഭാഷ സംസാരിക്കുന്ന ഒരു ടീച്ചറിന്റെ സാന്നിധ്യം അനിവാര്യമാണ്. അല്പജ്ഞാനം അപകടമെന്നത് ഭാഷയുടെ കാര്യത്തിൽ വളരെ ശരിയാണ്.
ഇന്ത്യയിലെന്നപോലെ യൂറോപ്പിലും വിവിധ ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളാണ്. അവരവരുടെ ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിനു ദശലക്ഷക്കണക്കിനു യൂറോയാണ് യൂറോപ്പിലെ ഓരോ രാജ്യങ്ങളും ചിലവഴിക്കുന്നത്. മറ്റൊരു ഭാഷ പഠിക്കുന്നത് ഇവിടുത്തെ കുട്ടികൾക്കുപോലും ഇഷ്ടമാണ്. അതേസമയം നമ്മൾ ഭാഷ പഠിക്കുന്നത് പലപ്പോഴും ഒരു ജോലിയ്ക്കു വേണ്ടി അപേക്ഷിക്കുമ്പോഴോ, ഒരു സാധ്യത തെളിയുമ്പോഴോ ആണ്…എന്നാൽ ഇന്ന് നാം ജീവിക്കുന്നത് പലപ്പോഴും മൾട്ടി കൾച്ചറൽ സാഹചര്യത്തിലാണ്. ബഹുഭാഷകളുടെ ഉപയോഗം വളരെയധികം വർദ്ധിച്ചു. ചിലവ് കുറഞ്ഞു മെഡിസിൻ, ജൈവശാസ്ത്രം, സയൻസ്, ടെക്‌നോളജി, മാത്തമാറ്റിക്സ്, എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ഗവേഷണം എന്നിവയൊക്കെ പഠിക്കാൻ, ഈ മേഖലകളിൽ ജോലിചെയ്യാൻ ഇന്ന് വിദേശത്ത് പ്രത്യേകിച്ച് യൂറോപ്പിൽ ധാരാളം സാധ്യതകൾ ഉണ്ട്. ഇംഗ്ലീഷിൽ ഫീസ് നൽകി പഠിക്കാമെങ്കിലും നാട്ടിൽ കൊടുക്കുന്നതിലും ചിലവ് കുറഞ്ഞു പഠിക്കാൻ ധാരാളം സാധ്യതകൾ നമുക്ക് ചുറ്റുമുണ്ട്.
പുത്തൻ കോഴ്സുകൾ, തുടർ പഠന സാധ്യതകൾ, തൊഴിൽ സാധ്യത, ഗവേഷണം തുടങ്ങിയ കാര്യങ്ങൾക്കു മറ്റൊരു ഭാഷയിലുള്ള അറിവ് ഏറെ ഗുണം ചെയ്യും. ജോലി കിട്ടാനും, എങ്ങനെയെങ്കിലും ഒരു രാജ്യത്ത് എത്തിച്ചേരാനുമായിട്ടും മാത്രമല്ല ഭാഷ പഠിക്കേണ്ടത്, മറ്റു സംസാരങ്ങളിൽ ജീവിക്കുന്നവരുടെ സംസ്കാരത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും, ബിസിനസിനും, യാത്ര ചെയ്യാനുമൊക്കെ മറ്റൊരു ഭാഷ ഏറെ പ്രയോജനം ചെയ്യും. ഭാഷയുടെ പ്രാധാന്യം വളരെ വിപുലമാണ്.
നമ്മുടെ സമൂഹത്തിൽ ഭാഷാപഠനത്തിന്റെ പ്രാധാന്യം ചെറുപ്രായത്തിൽത്തന്നെ ആരും പറഞ്ഞു തരാനില്ല എന്നതാണ് ഏറ്റവും ദുഖകരം. അന്യഭാഷകളുടെ അറിവ് എങ്ങനെയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത് എന്ന അറിവ് പലപ്പോഴും വൈകിയാണ് നാം അറിയുന്നത്.
ഭാഷാപഠനത്തിൽ നൂതന വിജ്ഞാനങ്ങളും, ധാരണകളും, രീതിശാസ്ത്രവും, പ്രവണതകളും രൂപപ്പെടുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ വിദേശഭാഷകൾക്കുള്ള പ്രാധാന്യം ഏതൊരു പാഠ്യപദ്ധതി രൂപീകരണത്തിലെന്നതുപോലെ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്.

ജോബി ആൻ്റണി