“അദ്ദേഹം മരിച്ചിട്ടില്ല”|ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.|ഡോ .കെ ടി ജലീൽ MLA

Share News

“അദ്ദേഹം മരിച്ചിട്ടില്ല”

ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.86 വയസ്സായി.

പൂർണ്ണ ആരോഗ്യവാൻ. എന്നും മൂന്ന് കിലോമീറ്റർ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റിൽ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റിൽ കോരി കുളിക്കുന്നവർ വളരെ അപൂർവ്വമാകും. ആ അപൂർവ്വരിൽ ഒരാളാണ് എൻ്റെ ഉപ്പ.

കോട്ടൻ ഷർട്ടും കരയില്ലാത്ത സിങ്കിൾ മല്ല് മുണ്ടും തോളിൽ ഒരു ടർക്കിയുമാണ് വേഷം. പുതു തലമുറയിൽ പെടുന്നവർക്ക് പഴക്കം ചെന്ന വാച്ച് കാണണമെങ്കിൽ അദ്ദേഹത്തിൻ്റെ കയ്യിലേക്ക് നോക്കിയാൽ മതി.

ചെരുപ്പും ഷൂവും തേയുന്നത് വരെ ഉപയോഗിക്കും. പതിനാറ് വയസ്സ് മുതൽ സമ്പൂർണ്ണ വെജിറ്റേറിയൻ. റേഷൻ കടയിലെയും മാവേലി സ്റ്റോറിലെയും സ്ഥിര സന്ദർശകൻ.

ബാലൻ നായരുടെ അംബിക ഹോട്ടലിലെ ചായ കുടിക്കാൻ അങ്ങാടിയിലെത്തുന്ന പതിവിന് ഇന്നും ഭംഗം വരുത്താത്ത പഴമക്കാരൻ.

അൻപത് വർഷം അങ്ങാടിയിൽ ബിസിനസ് ചെയ്തിട്ട് ഒരു സൈക്കിൾ പോലും സ്വന്തമായില്ലാത്ത സാധാരണക്കാരൻ. ഇത്തരം മനുഷ്യരോടെങ്കിലും അൽപം ദയ കാണിച്ച് കൂടെ, സി.പി.എം വിരുദ്ധതയും മുസ്ലിം വിരുദ്ധതയും മൂത്ത് മത്തായ ജയശങ്കറിനും വിനു വി ജോണിനും.

ഡോ .കെ ടി ജലീൽ MLA

Share News