ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മുടെ കേരളം.

Share News

ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മുടെ കേരളം. ഇതിന്റെ ഭാഗമായി ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ നാളെ നാടിന് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ്‌ 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ 3,42,156 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാർച്ച്‌ 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിയിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതിൽ 587 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു

ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീടെന്നത്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്നൊരു നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് എൽഡിഎഫ് സർക്കാർ. ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാൽവെയ്പ്പാണ് നാളെ കൈമാറുന്ന 20,073 വീടുകൾ.

.മുഖ്യമന്ത്രി പിണറായി വിജയൻ

Share News