വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ടു യാഥാര്‍ഥ്യം മനസിലാക്കാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കോളജ് മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ എന്നിവര്‍ പ്രതികരിച്ചു.
ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളജില്‍ പരീക്ഷ എഴുതിയ കുട്ടി പിന്നീട് ജീവനൊടുക്കിയ സംഭവത്തില്‍ യാഥാര്‍ഥ്യം മനസിലാക്കാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കോളജ് മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ എന്നിവര്‍ പ്രതികരിച്ചു. കോളജില്‍ ബികോം ആറാം സെമസ്റ്റര്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്കു ഹാജരായ അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ഥിനിയുടെ അകാല നിര്യാണത്തില്‍ ദുഃഖവും വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളോടുള്ള അനുശോചനവും അറിയിക്കുന്നതായി അവര്‍ പറഞ്ഞു.
കഴിഞ്ഞ ആറിനു ബികോം ആറാം സെമസ്റ്റര്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ കോളജില്‍ നടക്കുകയായിരുന്നു. പരീക്ഷാഹാളിലെ എ സെക്ഷനില്‍ പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന് പ്രസ്തുത സെക്ഷനില്‍ ഹാജരായിരുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടയില്‍ അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ഥിനിയുടെ ഹാള്‍ ടിക്കറ്റിനു മറുവശം നിറയെ പാഠഭാഗങ്ങള്‍ പെന്‍സില്‍ ഉപയോഗിച്ച് എഴുതിയതായി കാണുകയുണ്ടായി. ആ സമയം പരീക്ഷാഹാളിലെത്തിയ പ്രിന്‍സിപ്പലിനെ ഈ വിവരം അധ്യാപകന് അറിയിച്ചു.
പ്രിന്‍സിപ്പല്‍ ഈ വിദ്യാര്‍ഥിനിയുടെ സമീപമെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ഹാള്‍ ടിക്കറ്റിന്റെ മറുവശത്ത് പാഠഭാഗങ്ങള്‍ എഴുതിയിരിക്കുന്നത് കണ്ടു ബോധ്യപ്പെടുകയും ചെയ്തു. കുട്ടി ചെയ്തതു പരീക്ഷയില്‍നിന്നു മാറ്റിനിര്‍ത്താവുന്ന തെറ്റാണെന്നും തുടര്‍ന്നുള്ള പരീക്ഷ എഴുതാവുന്നതാണെന്നും അറിയിച്ചശേഷം വിശദീകരണം എഴുതി നല്‍കുന്നതിന് ഓഫീസിലെത്താന്‍ പറയുകയായിരുന്നു.
ഈ കോളജിലെ റെഗുലര്‍ വിദ്യാര്‍ഥി അല്ലാത്ത പ്രസ്തുത വിദ്യാര്‍ഥിനിയുടെ ഹാള്‍ ടിക്കറ്റിലുള്ള പേരും രജിസ്റ്റര്‍ നന്പരും ജനനത്തീയതിയും അല്ലാതെ കുട്ടിയെ സംബന്ധിക്കുന്ന മറ്റൊരു വിവരവും പരീക്ഷാ സെന്റര്‍ ആയിരുന്ന ഈ കോളജില്‍ ലഭ്യമല്ലാതിരുന്നതിനാല്‍, കുട്ടി വിശദീകരണം എഴുതി നല്കാന് വരുന്ന സമയം മാതാപിതാക്കളുടെ ഫോണ്‍ നന്പര് വാങ്ങി അവരെ വിവരം അറിയിച്ച് അവര്‍ വരാന്‍ തയാറാകുന്ന പക്ഷം കുട്ടിയെ അവരോടൊപ്പം അയയ്ക്കാനായിരുന്നു വിചാരിച്ചിരുന്നത്. പരീക്ഷാ ഹാളില്നിയന്നിറങ്ങിയ വിദ്യാര്‍ത്ഥിനി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ല. വിശദീകരണം നല്കാന് കുട്ടി ഓഫീസില്‍ എത്താതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കോളജിലും പരിസരത്തും നോക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ കുട്ടി ശാന്തയായി കോളജ് കാന്പസിനു വെളിയിലേക്കു പോകുന്നതായി കണ്ടു.
വിശദീകരണം എഴുതി നല്കാന് കുട്ടി തയാറാകാത്തപക്ഷം ആ വിവരം യൂണിവേഴ്സിറ്റിക്കുള്ള റിപ്പോര്‍ട്ടില്‍ കാണിക്കുകയാണു ചെയ്യുന്നത്. അല്ലാതെ കുട്ടിയെക്കൊണ്ടു നിര്‍ബന്ധമായി വിശദീകരണം എഴുതിച്ചു വാങ്ങാറില്ല. അതുകൊണ്ടു വിശദീകരണം നല്കാന് താത്പര്യമില്ലാതെ കുട്ടി വീട്ടിലേക്കു പോയി എന്നാണ് കരുതിയത്. അടുത്ത പരീക്ഷ എഴുതാവുന്നതാണെന്നു പ്രിന്‍സിപ്പല്‍ ഹാളില്വോച്ചുതന്നെ കുട്ടിയോട് പറഞ്ഞിരുന്നു. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് കോളജ് മാനേജ്മെന്റും അധികൃതരും ഇതുവരെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നു.
സത്യാവസ്ഥ പുറത്തുവരണമെന്നു തന്നെയാണ് തങ്ങളുടെയും ആവശ്യം. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും ഇതുവരെ യാതൊരുവിധ ആരോപണങ്ങള്‍ക്കും വിധേയമാകാത്തതുമായ കോളജിനെതിരേ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണം ഖേദകരമാണെന്നും മാനേജരും പ്രിന്‍സിപ്പലും പറഞ്ഞു.