എല്ലാ ദുരന്തങ്ങളിലും പുനരധിവാസം ഒരു മുൻഗണനാ വിഷയമാണ് .പുനരധിവാസം ഇല്ലാതെ എങ്ങനെസ്വസ്ഥത നില നിർത്താനാകും?|ഡോ .സി ജെ ജോൺ

Share News

സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പിന്റെ സമകാലിക ജനപഥം മാസികയിലെ വയനാട് അതിജീവനം പതിപ്പിൽ നിന്ന്

(5 minutes read )

ദുരന്തങ്ങൾ (Disasters)മനുഷ്യ നിർമ്മിതമാകാം.പ്രകൃതിയുടെ കലി തുള്ളലുമാകാം .പലതും ഒരു പരിധി വരെ തടയാം .പ്രതിരോധിക്കുന്ന എല്ലാ ഏർപ്പാടുകളെയും തട്ടി തകർത്തു ചിലത്‌ നാശത്തിന്റെ താണ്ഡവമാടുകയും ചെയ്യും.

ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത് .പെട്ടെന്ന് ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത .നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. നാശത്തിന്റെ വ്യാപ്തി വലുതാകുമെന്നതും അത് കൊണ്ട് മനുഷ്യരുടെ മേൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഭീകരമാകുമെന്നതുമാണ് നാലാമത്തെയും അഞ്ചാമത്തേയും പ്രേത്യേകതകൾ .ഇതിനാൽ ബാധിക്കപ്പെട്ട സമൂഹത്തിന്റെശേഷികൾക്കപ്പുറമാകും നഷ്ടങ്ങളും ദുരിതങ്ങളുമെന്നതാണ് അവസാനത്തേത് .

വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഇതൊക്കെ ഒത്തു ചേരുന്നത് കാണാം.

ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തെക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു .ഇതിനെ പരമാവധി കുറയ്ക്കുകയോ ,തടയുകയോ ചെയ്യുകയെന്നതാണ്

മാനസികാരോഗ്യ പരിപാലന ഇടപെടലുകളുടെ ലക്‌ഷ്യം .വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ ഒരു മാതൃകയായി സ്വീകരിച്ചു ഇതെങ്ങിനെ നടപ്പാക്കാമെന്ന് നോക്കാം .

അവരുടെ മനസ്സിനെ അറിയാം ..

ആദ്യം ദുരന്തത്തിന് ഇരയായവരുടെ മാനസികാവസ്ഥ ഉൾക്കൊള്ളാൻ ശ്രമിക്കാം .മുണ്ടക്കൈ ചൂരമല പ്രദേശവാസിയാണെന്ന് ഒന്ന് സങ്കൽപ്പിക്കുക. വീടും നാടും ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പ്രീയപ്പെട്ടവരെ കാണാനില്ല.രാത്രി ഒപ്പം ഉറങ്ങാൻ കിടന്നവരുടെ മൃതദേഹമാണ് പിന്നെ കാണുന്നത്.

ആ ഭൂപ്രദേശത്തിന് സംഭവിച്ചത് പോലെയുള്ളൊരു തകിടം മറിയൽ മനസ്സിനുണ്ടാകുമ്പോൾ എന്താവും നമ്മുടെ ഉടനെയുള്ള അവസ്ഥ ?ഓർക്കുമ്പോൾ തന്നെ ഞെട്ടലുണ്ടാകുന്നില്ലേ ?

ഇത് തിരിച്ചറിയാൻ കഴിയുകയും, അത്തരം വിഹ്വലതയിൽ ഒപ്പം നിൽക്കാനുള്ള സന്മനസ്സുമുണ്ടാകുമ്പോഴാണ്

മാനസികാരോഗ്യ പ്രഥമ ശുശ്രുഷയ്ക്കുള്ള ഇടമൊരുങ്ങുന്നത്.

ആദ്യം ചെയ്യേണ്ടത്

ദുരന്തത്തിന്റെ ആദ്യ ഘട്ടത്തിൽ

ഒപ്പം നിൽക്കുകയെന്നതും, കേൾക്കുകയെന്നതും മാത്രമാകണം മാനസിക പിന്തുണയുടെ പ്രധാന ലക്‌ഷ്യം.അനുഭവ തലങ്ങൾ പറയുകയാണെങ്കിൽ കേൾക്കാനുള്ള സന്മനസ്സുണ്ടാകണം .വൈകാരിക വിക്ഷോഭങ്ങൾ സ്വാഭാവിക പ്രതികരണമാണെന്ന് ബോധ്യപ്പെടുത്തണം .ഈ ഘട്ടത്തിൽ കൗൺസിലിങ് ചെയ്ത് കളയാമെന്ന ക്ളീഷേ വർത്തമാനം ഒഴിവാക്കാം . അത്തരം ഔപചാരിക ഇടപെടലിന് നിന്ന് തരാൻ ആർക്കെങ്കിലുമാകുമോ ?

തത്വചിന്താപരമായ വർത്തമാനങ്ങൾക്ക്‌ പ്രസക്തിയില്ല. പാഴ് പ്രതീക്ഷകൾ നൽകേണ്ട.ഉപദേശങ്ങളും ഒഴിവാക്കുക. വാക്കുകൾക്ക്‌ ഒരു

ശക്തിയുമില്ലാത്ത അസാധാരണ പ്രതിസന്ധിയാണിത്.കരുതലുണ്ടെന്നും ഒപ്പമുണ്ടെന്നുമുള്ള തോന്നലുണ്ടാക്കുന്ന സാന്നിധ്യം മാത്രം മതി. വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ ആവശ്യങ്ങൾ അറിഞ്ഞു നിറവേറ്റുന്നതിലും മാനസിക പിന്തുണയുടെ വലിയ അംശമുണ്ട്. ഭക്ഷണം ,വസ്ത്രം, കിടക്കാനുള്ള സുരക്ഷിത ഇടം – ഇവയൊക്കെ നൽകുമ്പോൾ ഈ പ്രതിസന്ധി ഘട്ടത്തിൽ അവർ

തനിച്ചാവുന്നില്ലെന്ന തോന്നൽ വരും.പലരും പെട്ടെന്ന് അനാഥരാക്കപ്പെട്ടവരാണ് .ചിതറി പോയ കുടുംബാംഗങ്ങളെ

കണ്ടെത്താനും അവരുടെ അവസ്ഥ എന്തെന്ന് അന്വേഷിക്കാനുമുള്ള സഹായങ്ങൾ നൽകണം. ആർക്കെങ്കിലും വിദഗ്ധ സഹായം വേണ്ടി വരുമെന്ന് തോന്നിയാൽ അതിനായി കണ്ണി ചേർക്കാം .

കുട്ടികൾക്കും പ്രായമായവർക്കും രോഗമുള്ളവർക്കും പ്രേത്യേക ശ്രദ്ധ തുടക്കം മുതൽ നൽകണം .നിലവിൽ മാനസികമോ ശാരീരികമോവായ രോഗങ്ങൾക്ക് ചികിത്സ എടക്കുന്നവർക്ക് അതിന്റെ തുടർച്ച ഉറപ്പാക്കണം .

മറ്റുള്ളവരുടെ സങ്കടങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ കഴിവുള്ള മനുഷ്യ സ്നേഹമുള്ള ആർക്കും ഇത് ചെയ്യാം.തുടക്കത്തിൽ അത്ര മാത്രം മതി.വയനാട്ടിലെ ദുരന്തത്തിൽ ഇത്തരമൊരു കൂടെ നിൽക്കൽ നന്നായി സംഭവിക്കുന്നുണ്ട് .സമാന സങ്കടമുള്ളവർ പരസ്പരം വിഷമം പങ്ക്‌ വയ്ക്കുകയും വൈകാരിക പിന്തുണ നൽകുകയും ചെയ്യുന്ന സ്വയം സഹായ കൂട്ടായ്മ രൂപപ്പെടുവാനുള്ള സാഹചര്യം കൂടി ഒരുങ്ങണം .മാനസികമായ തിരിച്ചു വരവിനുള്ള പ്രാപ്തി അവരിൽ തന്നെ വളർത്തിയെടുക്കണം .

തുടർ നിരീക്ഷണം അനിവാര്യം

ആഴ്ചകൾ കഴിയുമ്പോൾ മാനസികാരോഗ്യ സഹായം നൽകേണ്ട ഗുരുതരമായ അവസ്ഥകൾ തെളിഞ്ഞു വരാം.അപ്പോഴാണ് വിദഗ്ധരുടെ ഇടപെടലുകൾ കൂടുതായി വേണ്ടത്. ഉണ്ടാകാനിടയുള്ള മനസികാസ്വാസ്ഥ്യങ്ങളെ തിരിച്ചറിയാൻ പറ്റണം.

മനുഷ്യ സങ്കല്പങ്ങൾക്കപ്പുറമുള്ള ദുരന്ത മുഖത്ത് നിന്നവരാണ് രക്ഷപ്പെട്ടവർ . പ്രീയപ്പെട്ടവർ കുത്തൊഴുക്കിൽ ഒലിച്ചു പോയത് കണ്ടിട്ടുള്ളവരുമുണ്ടാകും .രക്ഷിക്കാൻ ആള് വരുമോയെന്നും അതോ മറ്റൊരു ഉരുൾപൊട്ടലിൽ ഒഴുകി പോകുമോയെന്നുമുള്ള വിഹ്വലതയിൽ മണിക്കൂറുകളോളം

വെറുങ്ങലിച്ചു നിന്നിട്ടുമുണ്ടാകും. പോസ്റ്റ് ട്രമാറ്റിക്ക് സ്ട്രെസ് ഡിസോഡറിന്റെ ലക്ഷണങ്ങൾ പതിയെ ചിലരിൽ തല പൊക്കാം.ഭീതിപ്പെടുത്തുന്ന ഓർമ്മകൾ വേട്ടയാടാം .അത് പേടി സ്വപ്നമായി ശല്യം ചെയ്യാം .ചെറിയ മഴ പോലും ഭയപ്പെടുത്താം. മലയോര പ്രദേശങ്ങളിൽ പോകുന്നത് ആധിയുണ്ടാക്കാം .

വെറുതെ ഇരിക്കുമ്പോൾ പോലും ഉൽക്കണ്ഠയുടെ ഉരുൾപൊട്ടൽ ഉണ്ടായേക്കാം .ഇത്തരം വേളകളിൽ വിദഗ്ദ്ധ സഹായം നൽകണം.

വല്ലാത്തൊരു വിരഹ ദുഖത്തിന്റെ ചൂട്അവശേഷിക്കുന്നവരിലുണ്ടാകാം. ഗ്രാമ പ്രദേശമായത് കൊണ്ട് പ്രീയപ്പെട്ടർ ആരെങ്കിലുമൊക്കെ

ഒരു രാത്രി കൊണ്ട് മരണത്തിലേക്ക് ഒഴുകി പോയിട്ടുണ്ടാകും .

ശരീര ഭാഗങ്ങൾ മാത്രം കണ്ട്‌ മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളേണ്ടി വന്നവരുണ്ടാകും. കാണാതായവർ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ വഴിക്കണ്ണുമായി നിൽക്കുന്നവരുണ്ടാകും. ഇതൊക്കെ ദേഹവിയോഗത്തെ ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിൽ തടസ്സമുണ്ടാക്കാം. ദുഖത്തിന്റെ സ്വാഭാവികമായ ആവിഷ്കാരത്തിനും ശമനത്തിനും വഴിയൊരുക്കണം.ഒരു പ്രദേശത്തിലെ എല്ലാവരും തന്നെ ആരുടെയെങ്കിലും ദേഹവിയോഗത്തിൽ ദുഖിതരാകുന്ന സന്ദർഭങ്ങളിൽ കമ്മ്യൂണിറ്റി കൂട്ടമായി ആചരിക്കുന്ന ഓർമ്മ ചടങ്ങുകൾ മരണവുമായി പൊരുത്തപ്പെടുവാൻ പരസ്പരം പിന്തുണച്ചേക്കാം .

വിരഹ ദുഃഖം അതിരു വിടുന്ന സന്ദർഭത്തിൽ സഹായം വേണ്ടി വരും.

അവർ താമസിച്ച ഗ്രാമത്തിന്റെയും വീടിന്റെയും പരിസരത്തിന്റെയും അപ്രത്യക്ഷമാകൽ മറ്റൊരു നഷ്ടമാണ്. പ്രീയപ്പെട്ടവരുടെ ദേഹവിയോഗവുമായി സമരസപ്പെടുവാൻ ഇതും പ്രതിബന്ധമാകാം .ഒരുമിച്ചു കഴിഞ്ഞ വീടിനുള്ളിലെ ഓർമ്മകളിലൂടെയും കൂട്ടായ്മകളിലൂടെയും മനസ്സിലെ മുറിവുകൾ കരിയാനുള്ള അവസരമാണ് പലർക്കും ഇല്ലാതാകുന്നത് . പ്രീയപ്പെട്ടയാളുടെ നഷ്ടം പോലെയാകും ചിലർക്ക് വീടിന്റെയും ഗ്രാമത്തിന്റെയും നാശം. നഷ്ടമായത് ഇല്ലാത്ത ലോകത്തിൽ അർത്ഥപൂർണ്ണമായ മറ്റൊന്നുമായി ചേർന്ന് ജീവിതം മുന്നോട്ട് പോകുമ്പോഴാണ് വിരഹത്തിന് അയവ് വരുന്നത് .

കുട്ടികളെ പ്രേത്യേകം ശ്രദ്ധിക്കാം

ദുരന്ത സാഹചര്യത്തിലെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക്‌ പ്രേത്യേക ശ്രദ്ധ നൽകണം .ചെറിയ ശബ്ദങ്ങളിൽ ഞെട്ടൽ ,ഉറക്കത്തിനുള്ള ബുദ്ധിമുട്ടുകൾ ,പേടി സ്വപ്നം കാണൽ, ഭക്ഷണത്തോടുള്ള വിരക്തി ,രക്ഷകർത്താക്കളെ വിട്ട് പിരിയാതെയുള്ള നിൽപ്പ് , അകാരണമായ ദ്വേഷ്യം , കരച്ചിൽ ,പേടി പറയൽ -ഇങ്ങനെ ഒറ്റപ്പെട്ട ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിക്കാം .സ്‌കൂളിൽ പോകാൻ മടി കാട്ടാം. നിഷേധ

സ്വഭാവങ്ങളും പെരുമാറ്റ വൈകല്യങ്ങളും പൊട്ടി മുളയ്ക്കാം.

പോസ്റ്റ് ട്രമാറ്റിക് സ്ട്രെസ് ഡിസോഡറിന്റെ കുട്ടി പതിപ്പുകൾ ഉണ്ടാകാം.കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ

പരിഹരിക്കേണ്ടതുണ്ട് .പള്ളിക്കൂടത്തിലേക്കും പ്രായത്തിന് ചേരുന്ന ദൈനം ദിന ചിട്ടകളിലേക്കും പതിയെ കൊണ്ട് വരേണ്ടതുണ്ട്. ഇല്ലെങ്കിൽ അതിന്റെ ആഘാതം വ്യക്തിത്വത്തിൽ ഉണ്ടായേക്കാം .

രക്ഷാ പ്രവർത്തകരെ മറക്കരുത്

രക്ഷാ പ്രവർത്തനത്തിൽ മുഴുകുന്നവരിലും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പോകുന്നവരിലും അസ്വസ്ഥതകൾ പതിയെ മുള പൊട്ടാമെന്ന കാര്യം മറക്കരുത്.അവരും മനുഷ്യരല്ലേ ?

ഉയിരോടെയുള്ള ആളുകളെ വീണ്ടെടുക്കാൻ പോകുമ്പോൾ

മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമൊക്കെ കാണേണ്ടി വരുമ്പോൾ മനസ്സ് തളരാം. ക്ലേശകരമായ ദൗത്യത്തിൽ വിശ്രമമില്ലാതെ പങ്ക്‌ ചേരുമ്പോൾ തളർച്ചയുണ്ടാകാം .പൊതുവിൽ ആത്മവീര്യം ചോർന്നു പോകാം.

ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുണ്ടാകുന്ന

തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഇവരിൽ ചിലരിലും

ഉണ്ടാകാം . അത് അനുഭവപ്പെടുമ്പോൾ മടിക്കാതെ സഹായം തേടണം . താങ്ങാൻ പറ്റാത്ത വിധത്തിലായാൽ താൽക്കാലികമായി പിൻവാങ്ങുകയും ചെയ്യണം. രക്ഷാപ്രവർത്തകരുടെ ആരോഗ്യവും മനസ്സിന്റെ അവസ്ഥയും റെസ്ക്യൂ ,റിക്കവറി ഘട്ടത്തിലെ മുൻഗണനയാണ് .

സമൂഹ പുനർ നിർമ്മിതി കർമ്മ പദ്ധതി വേണം

സവിശേഷമായ പല വെല്ലുവിളികളും ഉയർത്തുന്ന ഒരു സാഹചര്യമാണ് എല്ലാ ദുരന്തങ്ങളും സൃഷ്ടിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ സമഗ്രമായി പരിഹരിക്കുന്ന കമ്മ്യൂണിറ്റി ആക്ഷൻ പ്ലാൻ വേണ്ടി വരും .

ദുരന്തം സംഭവിച്ച ദേശത്തിലെ സർക്കാർ സംവിധാനങ്ങളാണ് ഇതിൽ നേതൃത്വപരമായ പങ്ക്‌ വഹിക്കേണ്ടത്. കേരളത്തിൽ ഇത് അർത്ഥപൂർണ്ണമായി സംഭവിക്കുന്നുണ്ട് .പങ്കാളികളാകേണ്ട എല്ലാ വിഭാഗങ്ങളുടെയും സന്നദ്ധ പ്രവർത്തനത്തിന്റെയും ഏകോപനം പ്രധാനമാണ് .

എല്ലാ ദുരന്തങ്ങളിലും പുനരധിവാസം ഒരു മുൻഗണനാ വിഷയമാണ് .

പുനരധിവാസം ഇല്ലാതെ എങ്ങനെ

സ്വസ്ഥത നില നിർത്താനാകും?മാനസികാരോഗ്യം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സമഗ്രമായ

പിന്തുണ ഒരു വർഷമെങ്കിലും തുടരേണ്ടതുണ്ട്.ഇടപെടേണ്ട മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മാറ്റങ്ങൾ വരാം .

അതിനനുസരിച്ചു ഉണർന്ന്‌ പ്രവർത്തിക്കുന്ന ഒരു സംവിധാനം സ്ഥിരമായി അവർക്കൊപ്പം വിളിപ്പാടകലെ എപ്പോഴും ഉണ്ടാകണം.

(ഡോ .സി ജെ ജോൺ)

Share News