പസിഫിക്കിലെ പ്രേതദ്വീപ്!

Share News

125,000 ഏക്കറുകൾ വിസ്താരമുള്ള കൊയ്‌ബാ (Coiba), മധ്യഅമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ്. ഒരുകാലത്ത് ഈ ദ്വീപ് പനാമൻ തീരത്തോട് ബന്ധപ്പെട്ട് തന്നെയാണ് കിടന്നിരുന്നത്. എന്നാൽ സമുദ്രനിരപ്പ് ഉയരുവാൻ തുടങ്ങിയതോടെ ദ്വീപിനും, മധ്യഅമേരിക്കൻ തീരത്തിനുമിടയിൽ വെള്ളം കയറുകയും 15,000 വർഷങ്ങൾക്ക് മുൻപ് ദ്വീപ് പൂർണമായും ഒറ്റപ്പെടുകയും ചെയ്തു. എങ്കിലും ആയിരത്തി അഞ്ഞൂറുകളുടെ അവസാനംവരെയും കൊയ്ബ കഫിക്കെ (Coiba Cacique) എന്ന നേറ്റീവ് അമേരിക്കൻസ് ഈ ദ്വീപിൽ വസിച്ചിരുന്നു. അവരെ സ്പാനിഷുകൾ അടിമകളായി പിടിച്ചുകൊണ്ട് പോയതോടെ വീണ്ടും നൂറ്റാണ്ടുകളോളം കൊയ്ബ മനുഷ്യസ്പർശമേക്കാതെ തീർത്തും ഒറ്റപ്പെട്ട് തന്നെ നിലകൊണ്ടു. വീണ്ടും 1919 ലാണ് കെയ്ബയിലേക്ക് മനുഷ്യൻ എത്തുന്നത്. പക്ഷെ ഇപ്രാവിശ്യമെത്തിയത് തടവുകാരും, അവരുടെ കാവൽക്കാരുമാണ്. പനാമൻ രാഷ്ട്രീയ തടവുകാരെ മുഖ്യധാരയിൽനിന്നും മാറ്റി നിർത്തുവാൻ, നമ്മുടെ ആൻഡമാനിലെ സെല്ലുലാർ ജയിൽപോലെ ഏകാധിപതികൾ കണ്ടുപിടിച്ച ഒന്നാതരം തടവറ. പക്ഷെ ഇവിടെ സ്ഥിതി ആൻഡമാനിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് വിജനമായി കിടന്നിരുന്ന ദ്വീപിൽ മറ്റൊരിടത്തും ഇല്ലാത്ത ഒരു ആവാസവ്യവസ്ഥ രൂപപ്പെട്ടിരുന്നു. വൻകരയിൽ നിന്നും കുറ്റിയറ്റുപോയ പല ജീവിവർഗ്ഗങ്ങളും ഇവിടെ മാന്യമായ നിലയിൽ കഴിയുന്നുണ്ടായിരുന്നു. പ്രകൃതിയുമായി ഘോരസമരത്തിലേർപ്പെടാതെ മനുഷ്യന് പൂർണ്ണമായും നിലനിന്ന് പോകുവാൻ സാധിക്കാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ഇവിടുത്തെ ജയിലിനും ഒരു പ്രത്യകത ഉണ്ടായിരുന്നു. ഇവിടെ സംരക്ഷണം ആവശ്യമായിരുന്നത് കാവൽക്കാർക്കായിരുന്നു. അവർ മതിലുകൾ കെട്ടി അതിനുള്ളിൽ താമസിച്ചു. കുറ്റവാളികളാകട്ടെ പുറത്ത് കൂടാരങ്ങളിലും! എങ്കിൽ ഇവിടെ നിന്നും ആളുകൾക്ക് എളുപ്പം രക്ഷപെട്ടുകൂടെ എന്ന് നാം സംശയിച്ചേക്കാം, പക്ഷേ നടക്കില്ല. ഇടതൂർന്നവനങ്ങൾ താണ്ടി, മുതലകളുടെ വായിൽനിന്നും രക്ഷപെട്ട് തീരത്തെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റൻ സ്രാവുകളാണ്. അന്നും ഇന്നും സ്രാവുകളുടെ വിഹാരകേന്ദ്രമാണ് കൊയ്‌ബാ ദ്വീപ്.

പ്രതികൂലമായ ഭൂപ്രകൃതി, പോരാത്തതിന് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തടവുകാരും. അങ്ങനെ ഒരു സാധാരണ മനുഷ്യൻ ഒരു കാലത്തും തിരിഞ്ഞുനോക്കാൻ ഇഷ്ടപ്പെടാത്ത ശപിക്കപ്പെട്ട ദ്വീപായി മാറി കൊയ്‌ബാ. ഭീതികാരണം ടെന്ററുകളുടെ പരിധി വിട്ട് തടവുകാരാരും പോയില്ല, അല്ലെങ്കിൽ പോയവരാരും തിരികെ വന്നതുമില്ല. തടവുകാർക്ക് മരണശിക്ഷ തന്നെയായിരുന്നു കൊയ്‌ബയിലെ ജീവിതം. പ്രകൃതി കൊന്നില്ലെങ്കിൽ സഹതടവുകാർ കൊല്ലും എന്നതായിരുന്നു അവസ്ഥ. അക്കാലങ്ങളിൽ ഏതാണ്ട് മുന്നൂറോളം തടവുകാർ ഇവിടെവെച്ച് കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. കൊയ്‌ബയിലെ തടവുപുള്ളികളെ ലോസ് ഡെസപരതീദോസ് (Los Desaparecidos) എന്നാണ് വിളിച്ചിരുന്നത്. എന്നന്നേക്കുമായി അപ്രത്യക്ഷ്യരായവർ എന്നാണ് അർത്ഥം!

ഒടുക്കം 2004 ൽ അവസാന തടവുകാരനെയും പറഞ്ഞയച്ച് കൊയ്‌ബാ തടവറ എന്നന്നേക്കുമായി പൂട്ടുമ്പോഴും ദ്വീപിലെ എൺപതു ശതമാനം വനങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപുള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നു. ഒരുതരത്തിലുമുള്ള പര്യവേഷണങ്ങളോ, ഗവേഷണങ്ങളോ നടക്കാതിരുന്നതിനാൽ കൊയ്‌ബയിൽ എന്തൊക്കതരം ജീവികളാണ് ഉള്ളതെന്നുപോലും ആർക്കും അറിവില്ലായിരുന്നു. ഈ കന്യാവനങ്ങളെ സംരക്ഷിക്കുവാൻ 1992 ൽ ഇതൊരു നാഷണൽ പാർക്കായും, 2005ൽ യുനെസ്കോ ദ്വീപിനെ ഒരു വേൾഡ് ഹെറിറ്റേജ് സൈറ്റായും പ്രഖ്യാപിച്ചു. അതോടെ പ്രകൃതിഗവേഷകർക്ക് ഇതൊരു പറുദീസയായി മാറി. പക്ഷെ മുൻപ് ദ്വീപിൽ മരണപ്പെട്ട തടവുകാരെ അവിടെയും ഇവിടെയുമായി കുഴിച്ചിട്ടിട്ടുണ്ട് എന്ന അറിവ് കാര്യങ്ങൾ കുഴപ്പത്തിലാക്കി. കാട്ടിൽ നിന്നും അലർച്ചകളും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുവാൻ തുടങ്ങി. ഒരു തടവുപുള്ളിയെ കണ്ടതായി തോന്നി പിറകെ പോയ ഒരാൾ ഭയന്ന് ഒടുക്കം സ്വയം വെടിവെച്ച് മരിക്കുന്നതുവരെയെത്തി കാര്യങ്ങൾ! പക്ഷെ ഇക്കഥകളിലൊന്നും കുലുങ്ങാതിരുന്ന ഗവേഷകർ ദ്വീപിന്റെ ഉള്ളറകളിലേയ്ക്ക് ഇറങ്ങി ചെന്നു. അങ്ങനെ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി ഒരു ബയോബ്ലിറ്റ്സ് (BioBlitz) പ്രോഗ്രാം കൊയ്‌ബാ ദ്വീപിനായി പ്രഖ്യാപിച്ചു. ഒരു പ്രത്യേക സ്ഥലത്തെ ജീവിവർഗ്ഗങ്ങളുടെ പഠനം ഒരു നിശ്ചിത സമയത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ആളുകളുടെ സഹകരണത്തോടു കൂടി കൃത്യമായും, വേഗതയോടു കൂടിയും ചെയ്തു തീർക്കുന്ന പരിപാടിയാണ് ബയോബ്ലിറ്റ്സ് പ്രോജക്റ്റ്. അങ്ങിനെ മുപ്പതോളം ഗവേഷകരുടെ സഹായത്തോടു കൂടി ക്രിസ്റ്റ്യൻ സീഗ്ലർ (Christian Ziegler) എന്ന നാഷണൽ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫർ ദ്വീപിനുള്ളിൽ നാൽപ്പതോളം ക്യാമെറാ ട്രാപ്പുകൾ വെച്ച് ഏകദേശം 100,000 ത്തോളം ചിത്രങ്ങൾ എടുത്തു.

തൽഫലമായി കിട്ടിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. കൊയ്‌ബയിൽ കടവാവലുകൾ മാത്രം മുപ്പതു തരം! 172 തരം പക്ഷിവർഗ്ഗങ്ങൾ! അതിൽത്തന്നെ 21 വിഭാഗങ്ങൾ ഭൂമിയിൽ കൊയ്‌ബയിൽ മാത്രമേ ഉള്ളൂ. എഴുപതോളം ടൈപ്പ് ഉറുമ്പുകളിൽ ഏഴെണ്ണം നാം ആദ്യമായി കാണുന്നവയാണ്. ചുറ്റുമുള്ള കടലിലെ പവിഴപ്പുറ്റുകൾ പസഫിക് തീരങ്ങളിലെതന്നെ ഏറ്റവും വലിപ്പമേറിയതാണ്. അതിനാൽതന്നെ ഇവിടെ കണ്ടെത്തിയ മീൻ വർഗ്ഗങ്ങൾ ഏകദേശം 760 തോളം വരും. കൂടാതെ തടവുകാരുടെ ശരീരങ്ങൾ ശാപ്പിട്ടു കഴിഞ്ഞുകൂടിയ സ്രാവ് വർഗ്ഗങ്ങൾ ഏകദേശം 33. ഇത്രയുമാണ് ഇതുവരെ അനലൈസ് ചെയ്ത ഡേറ്റകളിൽ നിന്നും മനസിലായത്. ഇനിയും റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. സീഗ്ലർ പറയുന്നത് ഇതാണ് “കൊയ്‌ബാ ഒരു തടവറയല്ല , മറിച്ച് പ്രകൃതിസ്നേഹികളുടെ പറുദീസയാണ് !”

ക്രൂയിസ് ഷിപ്പുകളോ, ഹെലിക്കോപ്റ്ററുകളോ കൊയ്‌ബയിൽ ചെല്ലില്ല. കൊയ്‌ബ കാണേണ്ടവർ പനാമയിലെ Santa Catalina യിൽ നിന്നും ബോട്ട് പിടിക്കണം. തൊണ്ണൂറ് മിനുട്ട് യാത്ര. ഒരു രാത്രി പരമാവധി അറുപതുപേരെയേ ദ്വീപിൽ താമസിക്കുവാൻ അനുവദിക്കൂ. Coibadventure എന്നൊരു കമ്പനി ചെറിയൊരു ചാർട്ടേർഡ് ഫ്ലൈറ്റ് ഇതിനടുത്തുള്ള ദ്വീപിലേക്ക്‌ പറത്തുന്നുണ്ട്.

കടപ്പാട്

Roshni Rose 

Share News