കലാകാരന് ഭാര്യയും കുടുംബവും മക്കളും എല്ലാമുണ്ട്, അവർക്ക് വിശപ്പും ഉണ്ട് ഇത് ആരും തിരിച്ചറിയുന്നില്ല.
അശോകൻറെ കവിത ബേക്കറി.
ആരക്കുഴയിലുള്ള എൻറെ പ്രിയ കൂട്ടുകാരൻ അശോകൻറെ കവിത ബേക്കറിയിൽ കയറി ഒരു നാരങ്ങ വെള്ളമെങ്കിലും കുടിക്കാത്തവർ ഇന്ന്ആരക്കുഴയിൽ കാണില്ല ,. ഞാനും അശോകനും ആരക്കുഴസ്കൂളിൽ എട്ടാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവരാണ്, പഠനം മുന്നോട്ടുകൊണ്ടുപോകാതെ സ്കൂളിനടുത്ത് തന്നെ അശോകൻ കവിത ബേക്കറി തുടങ്ങി.
ഇപ്പോൾ 29 വർഷം പിന്നിട്ടിരിക്കുന്നു. പഴയ പ്രൗഢി നിലനിർത്തിക്കൊണ്ട് ഇന്നും നമ്മുടെ കവിത ബേക്കറി മുന്നോട്ടുപോകുന്നു. കവിത ബേക്കറി തുടങ്ങുന്ന സമയം , ആരകുഴയിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ അവിടെ എൻറെ മിമിക്രി ഉണ്ടാവുമായിരുന്നു.
ഒരു ദിവസം വൈകുന്നേരം ഒരു മിമിക്രി പ്രോഗ്രാം കഴിഞ്ഞ് ക്ഷീണിതനായി അശോകൻറെ കടയിൽ വന്നു നാരങ്ങ വെള്ളം കുടിക്കുമ്പോൾ . ബേക്കറിക്കടുത്തു എയ്ഞ്ചൽ സ്റ്റുഡിയോ നടത്തുന്ന ജോയി ചേട്ടൻ എന്നോട് ചോദിച്ചു.
ഇന്നത്തെ പരിപാടിക്ക് എന്ത് കിട്ടി സാബു പത്തഞ്ഞൂറ് കിട്ടിയോ. ഞാനൊന്നും മിണ്ടിയില്ല, ഇതു കേട്ട് അശോകൻ . പറ സാബു എന്ത് കിട്ടി 500 കിട്ടിയോ. അപ്പോഴാണ് ആ സത്യം ഞാൻ തുറന്നു പറയുന്നത്. ഒന്നും കിട്ടിയില്ല, മിമിക്രി ഫ്രീ ആയിട്ട് നടത്തിയതായിരുന്നു..
. ഞാൻ പറഞ്ഞത് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോൾ സാബു ഈ മിമിക്രി നടത്തണതൊക്കെ ഫ്രീയായിട്ട് ആണോ. ഫ്രീ ആയിട്ടല്ല, കാശു കിട്ടിയാൽ വാങ്ങും, പക്ഷേ കിട്ടാറില്ല, പരിപാടി കഴിയുമ്പോൾ എല്ലാവരും നന്ദി പറയും, സാബുനിനക്ക് ഒരു അവസരം ആണിത്,, ഞാൻ പറഞ്ഞത് കേട്ട് അവർ രണ്ടുപേരും പറഞ്ഞു. എന്തായാലും ഇത് ശരിയല്ല ഇതിന് നമുക്ക് ഒരു പരിഹാരം കാണണം .
അപ്പോൾ ജോയി പറഞ്ഞു. ഇനിമുതൽ ആരക്കുഴ പഞ്ചായത്തിൽ എവിടെ സാബുമിമിക്രി നടത്തിയാലും ഞങ്ങൾ 50 രൂപ സാബുവിന് തരും , പക്ഷേ സാബു കവിത ബേക്കറി യുടെയും, എയ്ഞ്ചൽ സ്റ്റുഡിയോയുടെയും പരസ്യം ആ മിമിക്രിയിൽ പറയണം. എനിക്ക് സന്തോഷമായി ഞാൻ സമ്മതിച്ചു. അന്നുമുതൽ ആരക്കുഴ എവിടെ ഞാൻ മിമിക്രി നടത്തിയാലും ആ പരിപാടിക്കിടയിൽ ഈ രണ്ടു സ്ഥാപനങ്ങളുടെ പരസ്യം ഞാൻ പറയാൻ തുടങ്ങി. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടാവും, അതിനാൽ കവിത ബേക്കറിയിൽ നിന്ന് നാരങ്ങാവെള്ളവും പപ്സും എല്ലാം കഴിച്ച് ആ 50 രൂപ അപ്പോൾ തന്നെ തീർക്കും.
കവിത ബേക്കറിയിൽ നിന്ന് കഴിച്ച നാരങ്ങ വെള്ളത്തിൻറെയും , പപ്സ്ൻറെയും സ്വീറ്റ് പൊറോട്ടയുടെയും എല്ലാം രുചി ഇപ്പോഴും നാവിലുണ്ട്. അന്ന് മിമിക്രി മാത്രമായിരുന്നില്ല, ഞാൻ ചെയ്ത നാടകങ്ങൾ ഉൾപ്പെടെ അവതരിപ്പിച്ചിരുന്ന കലാപരിപാടികളിൽ എല്ലാം ഈ സ്ഥാപനങ്ങളുടെ പരസ്യം പറഞ്ഞിരുന്നു.
.. അന്ന് കലാപരിപാടികൾ അവതരിപ്പിക്കുന്ന സ്ഥലത്തുനിന്നും പ്രത്യുപകാരമായി താങ്ക്യൂ… കിട്ടുമായിരുന്നു. ഈ താങ്ക്യൂ എല്ലാംതൂക്കി വിൽക്കാൻ പറ്റുമായിരുന്നെങ്കിൽ അന്നേ രക്ഷപ്പെട്ടേനെ.. പലരും നിർബന്ധിച്ചു, കവിത ബേക്കറി യുടെ പരസ്യം പറയുന്നതിനൊപ്പം ഇനിമുതൽ ഞങ്ങടെ കടയുടെ പരസ്യം കൂടി സാബു പറയണം.
അപ്പോൾ ഞാൻ പറയും കാശ് തന്നാൽ പറയാം.. അപ്പോൾ അവര് പറയും.. കാശോ നിനക്കോ,, നിനക്ക് നല്ല അവസരം അല്ലേ സാബു കിട്ടുന്നത്.. പ്രോഗ്രാം സ്ഥലത്തു നിന്നും പണം കിട്ടിയില്ലേലും , ഈ രണ്ടു സ്ഥാപനങ്ങൾ എൻറെ പ്രോഗ്രാമിന് ചെറിയൊരു തുക തരുന്നുണ്ട് എന്ന് ഞാൻ ആരോടും പറഞ്ഞിരുന്നില്ല.,മിമിക്രിയിൽ കവിത ബേക്കറിയുടെ പേര് പറയരുതെന്ന് ചിലർ എന്നെ ഉപദേശിച്ചു.
അപ്പോഴാണ് ഈ സ്ഥാപനങ്ങളുടെ പേരുകൾ എൻറെ പ്രോഗ്രാമിൽ ഞാൻപറയുന്നതിൽ പലർക്കും വിയോജിപ്പ് ഉണ്ട് എന്ന് ഞാനറിയുന്നത്. പക്ഷേ കവിത ബേക്കറി, എയ്ഞ്ചൽ സ്റ്റുഡിയോ,, ഈ പേരുകൾ ഓരോ പ്രോഗ്രാമിനും ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അത് എന്തു കൊണ്ടാണ് എന്ന് ഇത് എഴുതും വരെ ഞങ്ങൾക്ക് അല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു എന്നാണ് എൻറെ വിശ്വാസം. അന്ന് എൻറെ കലാപരമായ കഴിവിനെ സഹായിച്ചിരുന്ന ,ഈ സ്ഥാപനങ്ങളെ ജീവിതത്തിൽ എനിക്ക് എങ്ങനെ മറക്കാൻ കഴിയും, എയ്ഞ്ചൽ സ്റ്റുഡിയോ ഇന്ന് ഇല്ല.
. പക്ഷേ എൻറെ ഓർമ്മയിൽ എന്നും ഉണ്ട്. പണ്ടുകാലത്ത് കലാകാരന്മാർ രാജകൊട്ടാരത്തിൽ വന്നു കലകൾ അവതരിപ്പിച്ച് കൊട്ടാര വാസികളെ സന്തോഷിപ്പിക്കും. രാജാവ് കൈനിറയെ സമ്മാനങ്ങൾ കൊടുക്കും… സത്യത്തിൽ ഇത് പ്രതീക്ഷിച്ചാണ് കലാകാരൻ കൊട്ടാരത്തിൽ പരിപാടി അവതരിപ്പിക്കാൻ എത്തുന്നത്.. അങ്ങനെ കാലം കടന്നുപോയി കലകളേയും കലാകാരന്മാരേയും ഒക്കെ പ്രോത്സാഹിപ്പിക്കുന്ന രാജഭരണം എല്ലാം അവസാനിച്ചു .
. പിന്നീട് കേരളത്തിൽ തന്നെ കലാകാരന്മാരെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടായി ,, ഒരു പ്രോഗ്രാം കഴിയുമ്പോൾ പ്രതിഫലം നൽകേണ്ടതിനുപകരം കലാകാരന്മാരെ മദ്യം കൊടുത്തു സന്തോഷിപ്പിച്ച് പറഞ്ഞയക്കുന്ന ഏർപ്പാട്,, അതുല്യ പ്രതിഭകളായ പലരും ഈ ചൂഷണത്തിൽ വീണു പോയി ജീവിതം നശിച്ചിട്ടുണ്ട്. കലാകാരന് ഭാര്യയും കുടുംബവും മക്കളും എല്ലാമുണ്ട്, അവർക്ക് വിശപ്പും ഉണ്ട് ഇത് ആരും തിരിച്ചറിയുന്നില്ല..
പഴയ ചൂഷണ മദ്യക്കുപ്പിക്ക് ഇന്ന് രൂപ മാറ്റം സംഭവിച്ചിരിക്കുന്നു. അതിഥിയായി എത്തുന്ന കലാകാരൻറെ ഫോട്ടോ പതിപ്പിച്ച ട്രോഫി ആയി മാറിയിരിക്കുന്നു, .ഇത് പലർക്കും ഇന്നുകിട്ടാറുണ്ട്. പറ്റുമെങ്കിൽ ഇത് സ്വർണ്ണം പൂശിയത് ആക്കാൻ കൊടുക്കുന്നവർ ശ്രമിക്കുന്നു. കാരണം മറ്റുള്ളവരുടെ മുൻപിൽ വച്ച് നൽകുന്നത് അഭിമാനത്തിൻറെ പ്രശ്നമാണല്ലോ
…വേദിയിൽവച്ച് കലാകാരനെ ട്രോഫി നൽകി ആദരിക്കും. എന്നിട്ട് അവർ ഫോട്ടോയെടുത്തു പത്രത്തിൽ കൊടുക്കും. വണ്ടിക്കൂലി കടംവാങ്ങി വന്ന കലാകാരൻ വിലകൂടിയട്രോഫിയുമായി സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങും, ഈ ട്രോഫി വിറ്റാൽ പകുതി വിലയെങ്കിലും കിട്ടും ആയിരുന്നെങ്കിൽ, അത് ഉറപ്പായും വിൽക്കുമായിരുന്നുഎന്നാൽ കലകളേയും കലാകാരന്മാരേയും തിരിച്ചറിഞ്ഞു,
അവരുടെ കലയെ മാനിക്കുന്ന, അവരെ സഹായിക്കുന്ന കവിത ബേക്കറി ഉടമ അശോകനെ പോലുള്ള ഒരുപാടു നല്ല മനസ്സുകൾ ഇന്നും നമുക്കിടയിലുണ്ട്, അവരെ നമുക്ക് ഒരിക്കലും മറക്കാനാവില്ല.