മാതാപിതാക്കളെന്ന വലിയസത്യത്തിന്റെ ചെറിയ ഒരു കഥ
ഞാനൊരിക്കൽ സംഘടനാ രംഗത്ത് പരിചയപ്പെട്ട ഒരു കോടീശ്വരനായ സുഹൃത്തിനെ കാണുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. വീടെന്ന് പറഞ്ഞാൽ കൊട്ടാരം പോലത്തെ ഒരു വീട്!
സ്വീകരണമുറിയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അകത്തെ മുറിയിൽനിന്ന് മനോഹരമായ ഒരു സംഗീതം അവിടേക്ക് ഒഴുകി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം വേവലാതി പൂണ്ട് പറഞ്ഞു: ‘അയ്യോ ദൈവമേ, എന്റെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ടല്ലോ. അമ്മ ഇപ്പോൾ ഫോൺ എടുക്കുമല്ലോ!’
അദ്ദേഹത്തിന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോൾ
എന്റെയുള്ളിൽ ദേഷ്യം വന്നു.
ഞാൻ ചോദിച്ചു: ‘സ്വന്തം അമ്മ ഫോണെടുത്താൽ എന്താണ് പ്രശ്നം?’
അതിന് മറുപടി തരാനുള്ള സാവകാശമില്ലാതെ അദ്ദേഹം ചാടിയെഴുന്നേറ്റ് മുന്നോട്ടാഞ്ഞ് വാതിൽപ്പടി കടക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഏറെ വില പിടിപ്പുള്ള ഫോണുമായി അമ്മ അവിടേക്കെത്തി. അമ്മ ഫോണെടുക്കും എന്ന് അദ്ദേഹം പറഞ്ഞതിന്റെ കാരണം അപ്പോഴാണ് എനിക്ക് മനസ്സിലായത്. വിറച്ച് വിറച്ച് കൂനിക്കൂടി അദ്ദേഹത്തിന്റെ അമ്മ ആ ഫോണുമായി എത്തിയപ്പോൾ ഞാൻ പോലും പേടിച്ചുപോയി. കാരണം വലിയൊരു ഫോൺ ആ അമ്മയുടെ കയ്യിൽ കിടുകിടാന്ന് വിറച്ചുകൊണ്ട് ഇപ്പോ താഴെ വീഴുമെന്ന രീതിയിൽ പിടിച്ചുകൊണ്ട് വരുന്നു!
അദ്ദേഹം ഭയപ്പെട്ടതുപോലെതന്നെ അതാ ആ ഫോൺ താഴേക്ക് വീണു. അമ്മ അന്തംവിട്ട് പേടിച്ച് അങ്ങനെ നിൽക്കുവാ. അദ്ദേഹം ഓടിച്ചെന്ന് ഫോണെടുത്തപ്പോൾ കാണുന്നത് ഇനി പൊട്ടാൻ ഒരിടവുമില്ലാതെ, എട്ടുകാലി വല കെട്ടിയതുപോലെ ആയിരിക്കുന്നു ആ ഫോൺ!
അദ്ദേഹം ഫോൺ നോക്കിയിട്ട്
അത് മാറ്റിവെച്ച് അമ്മയെ
കെട്ടിപ്പിടിച്ച് കവിളത്ത് ഒരുമ്മ നൽകിയതിന് ശേഷം പറഞ്ഞു:
അമ്മ എന്നെ രക്ഷപ്പെടുത്തി.
ഈ ഫോൺ പഴഞ്ചനായി, ഇതൊന്ന് മാറ്റിക്കൂടേന്ന് ചോദിച്ച് കൂട്ടുകാരും, സഹപ്രവർത്തകരുമെല്ലാം എന്നെ കളിയാക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി. ഞാനത് മാറ്റാതെ, കൊണ്ടുനടക്കുകയായിരുന്നു. ഇതിപ്പോ എന്തായാലും നന്നായി, എന്തെങ്കിലും ഒരു കാരണമില്ലാതെ എങ്ങിനെ മാറ്റും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അമ്മയുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണ് പൊട്ടിയത്!
എനിക്ക് സന്തോഷമായി എന്ന് പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് വീണ്ടുമൊരുമ്മ നൽകി അകത്തെ മുറിയിൽ കൊണ്ട് പോയി ഇരുത്തിയതിന് ശേഷം, തിരികെ ആ ഫോണുമായി എന്റെ അടുത്ത് വന്നിട്ട് പറയുകയാണ്, അറുപത്തയ്യായിരം രൂപ കൊടുത്ത് ഞാനീ ഫോൺ മേടിച്ചിട്ട് ഒരാഴ്ചയേ കഴിഞ്ഞുള്ളൂന്ന്!
അപ്പോൾ ഞാനദ്ദേഹത്തിനോട് ചോദിച്ചു: സാറങ്ങനെയല്ലല്ലോ അമ്മയോട് പറഞ്ഞത്. പഴയ ഫോണാണ്, അത് പൊട്ടിയത് നന്നായി, എന്നൊക്കെയാണല്ലോ. അപ്പോൾ അദ്ദേഹം എന്നോട് പറയുകയാണ്!
എടോ ഞാനിപ്പോൾ ഷോപ്പിലേക്ക് വിളിച്ച് പറഞ്ഞാൽ അറുപത്തയ്യായിരമല്ല, അതിനേക്കാൾ വിലയുള്ള ഫോൺ ഇപ്പോൾ അവരിവിടെ കൊണ്ടുവന്ന് തരും. എന്റെ അടുത്ത് പണമുണ്ട്. എനിക്കത് പ്രശ്നമേയല്ല. പക്ഷെ, എന്റെ അമ്മയോട് ദേഷ്യപ്പെട്ട് എന്തിനാണമ്മേ എന്റെ ഫോണെടുത്തത്, നിങ്ങൾ അവിടെ ഇരുന്നാൽ പോരായിരുന്നോ എന്ന് ചോദിച്ചാൽ അമ്മയുടെ മനസ്സ് നീറും. ആ നീറ്റൽ മാറ്റാൻ അറുപത്തയ്യായിരമല്ല അറുപത്തഞ്ച് ലക്ഷം മുടക്കിയാൽ എനിക്ക് സാധിക്കുമോ? ഒരിക്കലും എന്റെ അമ്മയെ വേദനിപ്പിക്കുന്ന ഒരു വാക്കും എന്റെ നാവിൻതുമ്പിൽ നിന്ന് പുറത്ത് വരില്ല. അമ്മയെ വേദനിപ്പിക്കുന്ന ഒരു പ്രവർത്തിയും ഞാൻ ചെയ്യില്ല.
കാരണം എന്റെ വാക്കിലൂടെ എന്റെ അമ്മയുടെ കണ്ണിൽനിന്ന് ഒരിറ്റ് കണ്ണീര് വീണാൽ ആ കണ്ണീരിന്റെ പാപത്തിൽനിന്ന് എന്നെ രക്ഷപ്പെടുത്താൻ ലോകത്തെ
ഒരു ശക്തിക്കും, ഒരീശ്വരനും സാധിക്കില്ല!
അദ്ദേഹത്തിന്റ ആ പറച്ചിൽ കേട്ടപ്പോൾ എന്റെ കടക്കണ്ണിൽ
ഒരു നനവ് പടർന്നു!
നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും “ന്റെ കുട്ടിയേ കാത്തോളണേ ഈശ്വരൻമാരേ”ന്ന്!
ആ വിളി കേൾക്കാത്ത ഒരീശ്വരനുമുണ്ടാവില്ല ഈ ലോകത്ത്. അവരുടെ ലോകം അവരുടെ മക്കളായ നമ്മളാണ് നമ്മൾ മാത്രം!!!
(കടപ്പാട്).. ചങ്ങാതിക്കൂട്ടം