നന്മയ്ക്ക് ഒരു വോട്ട്

Share News

ചങ്ങനാശ്ശേരി;ചരിത്രത്തിന്റെ ഭാഗമായ ഒരു പ്രദേശം,ചങ്ങനാശ്ശേരി ചന്തയും,അഞ്ചു വിളക്കും,ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ആരാധനാലയങ്ങളും,വിവിധ പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിൽ പ്രസിദ്ധമാണ്. ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയവും കേരളത്തിലെ ജനങ്ങൾ എക്കാലവും ഉറ്റുനോക്കിയിരുന്ന ഒന്നാണ്.

വിദ്യാഭ്യാസവും വിവേകവും അറിവും ഉള്ള ജനങ്ങൾ രാഷ്ട്രീയ- മത സ്വാധീനങ്ങൾക്കു വഴിപ്പെടാതെ നാടിനും നാട്ടാർക്കും ഗുണമുണ്ടാകുമെന്നു വിശ്വസിച്ചവരെയാണ് നാളിതുവരെയും നെഞ്ചോടു ചേർത്തത്.

ഏതാണ്ടു നാലു പതിറ്റാണ്ടുകളായി ചങ്ങനാശ്ശേരിയുടെ കരുത്തുറ്റ ജനനായകൻ ശ്രീ.സി.എഫ് തോമസ് സാർ ആയിരുന്നു.രാഷ്ട്രീയം എന്ന വാക്കിന് ഇത്ര മനോഹരമായ അർത്ഥം സമ്മാനിച്ചു കടന്നു പോയ ആ സാത്വികനെ രാഷ്ട്രീയ ലാക്കോടെ അപമാനിക്കുന്ന നന്ദിയില്ലാത്ത ഒരു വിഭാഗം ഇന്നുമുണ്ട്.

വിദ്യാർത്ഥീ രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃ സ്ഥാനങ്ങളിലൂടെ വളർന്ന ശ്രീ. വി.ജെ ലാലി ചങ്ങനാശ്ശേരിയിൽ ജനവിധി തേടുകയാണ്. യാദൃശ്ഛികമായാണ് വി.ജെ ലാലി സാറിനെ പരിചയപ്പെടുന്നത്.രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും അത്ര താൽപ്പര്യമില്ലാതിരുന്നതു കൊണ്ടും,സ്വതവേ ഗൗരവ ഭാവമായതു കൊണ്ടും എന്തോ അത്ര അടുപ്പം തോന്നിയില്ല.

അനാഥരായ കുഞ്ഞുങ്ങളെയും വൃദ്ധരെയും സഹായിക്കുന്ന ചില സുഹൃത്തുക്കൾ പഠനകാലത്തു തന്നെ എനിക്കുണ്ടായിരുന്നു.ഞങ്ങളുടെ ജന്മദിനങ്ങളും ഓണം,ക്രിസ്തുമസ് ആഘോഷങ്ങളുമൊക്കെ പിന്നീട് അവരോടൊപ്പമായി.പഠനം കഴിഞ്ഞ് സുഹൃത്തുക്കൾ പലവഴിക്കു പിരിഞ്ഞു.നാട്ടിലുണ്ടായിരുന്ന ഞങ്ങൾ വഴി അവർ പാവങ്ങൾക്കു സഹായം എത്തിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ ഞങ്ങളെ ലാലിസാർ വീട്ടിലേക്കു വിളിപ്പിച്ചു.ഞങ്ങളുടെ എളിയ പരിശ്രമങ്ങൾ അറിഞ്ഞ് പ്രോത്സാഹനവും പിന്തുണയും നൽകി സമാന ചിന്താഗതിക്കാരായ ചിലരെകൂടി അദ്ദേഹം ഞങ്ങൾക്കു പരിചയപ്പെടുത്തി;”രാഷ്ട്രീയ മത ചിന്തകൾക്കതീതമായി പാവങ്ങളെയും നിരാലംബരെയും സഹായിക്കുവാൻ നിങ്ങളോടൊപ്പം ഞാനും ഉണ്ട്,നമ്മൾ ചെയ്യുന്നത് ആരും അറിയണ്ട,നമ്മെപ്പോലെ ചിന്തിക്കുന്നവരുണ്ടെങ്കിൽ അവരെയും കൂടെ കൂട്ടാം”.അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ അത്ഭുതപ്പെട്ടുപോയി. വീടിനടുത്തുള്ള കടമുറിയിൽ അന്തിയുറങ്ങുന്ന ആരുമില്ലാത്ത വൃദ്ധന് സ്വന്തം മക്കളെക്കൊണ്ട് അത്താഴം എത്തിച്ചു നൽകിയിരുന്ന രാഷ്ട്രീയക്കാരൻ.ചെയ്യുന്നതെന്തും രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കുന്ന ജനസേവകരിൽ നിന്നും എത്ര വ്യത്യസ്തനാണ് നാടറിയാതെ നന്മ ചെയ്യുന്ന ഈ മനുഷ്യൻ!

ലാലി സാറിനെക്കുറിച്ചുണ്ടായിരുന്ന മുൻധാരണകളൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതായിപ്പോയി.പിന്നീടൊരിക്കൽ പ്രളയക്കെടുതിയിൽ മുങ്ങി നനഞ്ഞവരെ ഊട്ടിയും ഉടുപ്പിച്ചും ഒരു പറ്റം ചെറുപ്പക്കാർ നാടിന്റെ താങ്ങായപ്പോൾ ആ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച രാഷ്ട്രീയക്കാരനെ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും.

ഓർമ്മ വച്ച കാലം തൊട്ട്,കറയില്ലാത്ത രാഷ്ട്രീയത്തിന്റെ ആൾരൂപമായി കണ്ടിരുന്ന സി.എഫ് സാറിന്റെ പിൻഗാമിയെ ലാലി സാറിൽ കാണുകയാണ്.ഉള്ളിലെ കള്ളം മറയ്ക്കാൻ ചുണ്ടിൽ ഒരു കൃതിമച്ചിരി അദ്ദേഹം ചുമക്കാറില്ല.കട്ടെടുത്തതിന്റെ പങ്കുകൊണ്ട് പ്രചരണ പ്രഹസനങ്ങളും ഉണ്ടാവില്ല.അധികാരത്തിന്റെ ഗർവ്വോ അഴിമതിയുടെ കളങ്കമോ ഉണ്ടാവില്ല.ആ രാഷ്ട്രീയത്തിന് ഒരു മുഖമേ ഉണ്ടാവൂ.സഹജീവികളോടുള്ള കരുതലിന്റെ,കരുണയുടെ മുഖം.ഒരു തലമുറയ്ക്ക് അറിവിന്റെ വെളിച്ചം പകർന്ന ആ ദീപം ഒരു ദേശത്തിനു തന്നെ വഴികാട്ടിയാവട്ടെ.ആ കരങ്ങളിൽ ചങ്ങനാശേരി സുരക്ഷിതമാകട്ടെ.

Seby Joseph

Share News