
വോട്ടു ചെയ്യുന്നെങ്കിൽ മിടുക്കരായവർക്ക് മാത്രം എന്ന നയം സ്വീകരിക്കുക. രാഷ്ട്രീയം മാറ്റി നിറുത്തി വ്യക്തിഗുണത്തിന് വോട്ടു നൽകുക. -വെള്ളാപ്പള്ളി നടേശൻ
ഇത്തവണയെങ്കിലും നാം തോൽക്കരുത്
വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും ഒരു സീസൺ കൂടിയെത്തി. വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലം. ഏഴ് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ പുരോഗതിയിലേക്ക് നയിക്കാൻ പറ്റാത്ത പരാജയപ്പെട്ട രാഷ്ട്രീയത്തിന്റെ പുതിയൊരു അദ്ധ്യായം കൂടി ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ കുറിക്കപ്പെടും.130 കോടി ജനതയുടെ മുക്കാൽ ഭാഗത്തിനും അന്നവും അക്ഷരവും നൽകാൻ പറ്റാത്തവർ പൊട്ടിപ്പൊളിഞ്ഞ പ്രത്യയശാസ്ത്ര വിശകലനങ്ങളും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടെയും ഫോർമുലകളുമൊക്കെയായി നമ്മുടെ വീട്ടുമുറ്റത്തെത്തും. ഇത്രയും കാലം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഉടൻ ചെയ്യുമെന്നൊക്കെ വാഗ്ദാനം ചെയ്യും. മണ്ടന്മാരായ മലയാളികൾ അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ച്, പറ്റുമെങ്കിൽ ചായയും നൽകി വിടും. ഇത്തരമൊരു ലോകതട്ടിപ്പിന്റെ തനിയാവർത്തനത്തിന്റെ പേരാണ് നമ്മുടെ തിരഞ്ഞെടുപ്പ്.
ഉയർന്ന വിദ്യാഭ്യാസ നിലവാരവും ജീവിത സാഹചര്യവുമുള്ള കേരളത്തിലും ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ, വിശേഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാര്യം പറയാനുണ്ടോ. തലമുറകൾ മാറുന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ മനസിലാക്കാതെ പോകുന്നുണ്ടെങ്കിൽ അതവരുടെ പരാജയമാണ്. കേരളത്തിൽ വികസനത്തിന്റെ പട്ടിക നിരത്തുന്നവർ ഇവിടത്തെ പട്ടികജാതിക്കാരുടെയും ആദിവാസികളുടെയും പിന്നാക്കജനങ്ങളുടെയും യഥാർത്ഥ അവസ്ഥകൾ മറച്ചുവയ്ക്കുന്നത് വെറുതേയല്ല.
പട്ടിണി മരണങ്ങൾ, ശിശുമരണ നിരക്ക്, രോഗാവസ്ഥകൾ, വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥ എന്നിവയ്ക്ക് കേരളത്തിലും പഞ്ഞമില്ല. ഏറിയും കുറഞ്ഞും ഇതൊക്കെ ഇവിടെയും ഉണ്ടാകുന്നുണ്ട്. ആരൊക്കെ സംസ്ഥാനവും ജില്ലാ, ഗ്രാമ പഞ്ചായത്തുകൾ ഭരിച്ചാലും അതിനൊന്നും വലിയ മാറ്റങ്ങളുണ്ടാകാറില്ല. മാറ്റങ്ങൾ വാഗ്ദാനങ്ങൾക്ക് മാത്രമാണ്.
കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത് നടത്തേണ്ട കാലമായി. മനുഷ്യന്റെ ദൈനംദിനജീവിതത്തിന് ഏറ്റവുമധികം ബന്ധപ്പെടേണ്ടി വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ കുത്തഴിഞ്ഞ ഭരണവും അഴിമതിയും കെടുകാര്യസ്ഥതയും കണ്ടു മടുത്ത ജനങ്ങൾ സ്വമേധയാ മറ്റ് പോംവഴികൾ തേടി തുടങ്ങിയതിന്റെ ഉദാഹരണങ്ങളാണ് ആം ആദ്മി പാർട്ടിയുടെയും കിഴക്കമ്പലത്തെ ട്വന്റി 20 എന്ന അരാഷ്ട്രീയ സംഘടനയുടെ ഉദയവും മറ്റും.തദ്ദേശ സ്ഥാപനങ്ങൾക്ക് മുമ്പെന്നത്തേക്കാളും പ്രാധാന്യമുണ്ടിപ്പോൾ. നിയമത്തിന്റെയും ഫയലുകളുടെയും നൂലാമാലകളുടെ ഭാഗമാകാതെ കാര്യക്ഷമമായ തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിൽ തന്നെ അവ നാടിന് മുതൽക്കൂട്ടാണ്. ആശുപത്രികളും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലേക്ക് വരുമ്പോൾ ഒരു ജനതയുടെ പുരോഗതിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ ഇവിടെ ഇപ്പോഴും നടക്കുന്നത് തരംതാണ രാഷ്ട്രീയ കളികളും അഴിമതിയും കെടുകാര്യസ്ഥതയും മാത്രം.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കൈവരിച്ച വികസനം ഇതിനൊക്കെ അപവാദമായിരുന്നു. ട്വന്റി 20 എന്ന അരാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തിൽ 19ൽ 17 സീറ്റും പിടിച്ചെടുത്ത് ഭരിച്ച് അവർ മികവുതെളിയിച്ചു. റോഡുകൾ വീതികൂട്ടി ഉന്നതനിലവാരത്തിൽ നിർമ്മിച്ചു, കനാലുകൾ നവീകരിച്ചു, പഞ്ചായത്ത് ഓഫീസ് അക്ഷരാർത്ഥത്തിൽ ആധുനികമാക്കി, രണ്ട് ലക്ഷംവീടു കോളനികൾ നഗരത്തിലെ വില്ലകൾ പോലെയാക്കി,
തരിശുനിലങ്ങളിൽ കൃഷി ചെയ്തു, എന്തിന് പഞ്ചായത്തിലെ ജനങ്ങൾക്ക് മാത്രമായി പകുതി നിരക്കിൽ സൂപ്പർമാർക്കറ്റ് തുറന്നു… അവിശ്വസനീയമായ കാര്യങ്ങളാണ് നടന്നത്. ഒരുവലിയ വ്യവസായ ഗ്രൂപ്പിന്റെ പിന്തുണയോടെയായിരുന്നു സംഘടനയുടെ പ്രവർത്തനമെങ്കിലും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇതൊക്കെയാണ്. അതുകൊണ്ടാണ് ഈ മാതൃക സമീപങ്ങളിലേക്കും ഇക്കുറി വ്യാപിക്കുന്നത്. കിഴക്കമ്പലത്ത് മറ്റുകക്ഷികൾ സമാനമായ വാഗ്ദാനങ്ങളുമായി ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നു. അതിന്റെ ഗുണം ജനങ്ങൾക്കാണ്. ഗുണപരമായ ഭരണം നടക്കണമെങ്കിൽ ഇത്തരം മത്സരങ്ങളും മാറ്റങ്ങളും അനിവാര്യമാണ്.സാധാരണക്കാരായ വോട്ടർമാരുടെ മുന്നിൽ ഇനി ഒരു മാർഗം മാത്രമേയുള്ളൂ. വോട്ടു ചെയ്യുന്നെങ്കിൽ മിടുക്കരായവർക്ക് മാത്രം എന്ന നയം സ്വീകരിക്കുക. രാഷ്ട്രീയം മാറ്റി നിറുത്തി വ്യക്തിഗുണത്തിന് വോട്ടു നൽകുക. വാക്കും പ്രവൃത്തിയും പശ്ചാത്തലവും വിദ്യാഭ്യാസവും വിവേകവും പ്രായോഗിക ബുദ്ധിയും ഉള്ളവരെ, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ ചേർത്തുപിടിക്കുന്നവരെ ജനപ്രതിനിധികളാക്കുക. പുതിയ തലമുറയ്ക്ക് മുൻതൂക്കം നൽകുക. രാഷ്ട്രീയക്കാർ മാറിയില്ലെങ്കിൽ നമ്മൾ ജനങ്ങളാണ് മാറേണ്ടത്. ഇത്തവണയെങ്കിലും, ഈ കൊവിഡുകാലത്തെങ്കിലും നാം തോൽക്കരുത്.

വെള്ളാപ്പള്ളി നടേശൻ
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി