കേരളത്തിൻ്റെ മതേതരത്വവും സാമുദായിക സന്തുലിതാവസ്ഥയും സാമൂഹിക സമാധാനവും നിലനിർത്താനുള്ള പ്രവാചകശബ്ദമായിരുന്നു അത് എന്നെങ്കിലും തിരിച്ചറിയുക.
യുഡിഎഫുകാർ ആദ്യം വന്നു… തനി വർഗീയമുന്നണിയായി തങ്ങൾ മാറിക്കഴിഞ്ഞെന്നു പരസ്യമായി തെളിയിച്ച ശേഷം ആദ്യമായി അവർ മുഖ്യ വർഗീയപാർട്ടിയിലെ ചാണക്യരെത്തന്നെ കേരളകത്തോലിക്കാ സഭയുടെ നിലവിലുള്ള അധ്യക്ഷനെ കാണാൻ വിട്ടു. സൗഹൃദം പുതുക്കാനും കുശലം ചോദിക്കാനുമാണത്രേ! ഹേയ്, പച്ചക്കള്ളം! *മാമനോടൊന്നും തോന്നരുതേ* എന്നു പറയാൻ മാത്രമാണതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. അല്ലെങ്കിൽ, കാണിച്ചുകൂട്ടുന്ന തോന്ന്യാസങ്ങളിൽ ഒരു ഉളുപ്പും മനസ്താപവും ഇതുവരെ ഇല്ലാത്ത മുസ്ലീം ലീഗ് എന്ന വർഗീയ പാർട്ടിയുടെ നേതാക്കൾ എത്തിയത്, കണ്ണിലെ കൃഷ്ണമണി പോലെ സെക്കുലറിസം കാക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യാൻ ഇതുവരെ ജാഗ്രത പുലർത്തിയിട്ടുള്ള ഒരു സമൂഹത്തിൻ്റെ ആത്മീയനേതൃത്വത്തിൻ്റെ മുമ്പിൽ കുമ്പസാരിച്ച് സംശുദ്ധരായി നവീകൃതരാകാനായിരുന്നോ?
പുറകെ എത്തിയത്രേ കേ.കോ.പി! മുസ്ലീം ലീഗിൻ്റെ കുടിയാന്മാരായ കോൺഗ്രസ്സിൻ്റെ അടിയാന്മാരായി കഴിയാൻ നേർച്ച നേർന്നിട്ടുള്ള കൂട്ടർക്കും പറയാനുള്ളത് ഒന്നു മാത്രം: *മാമനോട് ഒന്നും തോന്നരുത്!*
ഇനി എൽഡിഎഫുകാരും വരും… ഈ സർക്കാരിനെപ്പോലെ ഇത്രയ്ക്കു വർഗീയ കാർഡിറക്കി കളിച്ച മറ്റൊരു സർക്കാരും കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നതിന് ഡിജിറ്റൽ തെളിവുകളും കുറ്റാന്വേഷണ മൊഴികളും തെളിവുകളും സാക്ഷി! വിദ്യാഭ്യാസം, ന്യൂനപക്ഷാനുകൂല്യങ്ങൾ, അനാഥാലയം, മദ്യനയം, കോവിഡു നിയന്ത്രണം തുടങ്ങി അനേകം വിഷയങ്ങളിൽ ചതിയും പരിഹാസവും അക്രമവും അവഗണനയും കൊണ്ട് തങ്ങൾ ശ്വാസം മുട്ടിച്ചവരുടെ മുമ്പിൽ അവരും പറയും: *മാമനോട് ഒന്നും തോന്നരുതേ!*
ഈ നെരങ്ങിമാമന്മാരോട് ക്രൈസ്തവസമൂഹത്തിനു പറയാൻ ഒന്നേയുള്ളൂ: ക്ഷമയുടെ നിറകുടങ്ങളായ ഞങ്ങളുടെ ആത്മീയനേതാക്കളെ സ്വൈര്യമായി വിടുക. തികച്ചും അപൂർവമായി അവരുടെ *കടുത്ത സ്വരം* ഇപ്രാവശ്യം നിങ്ങൾ കേട്ടല്ലോ! ആ സ്വരം ക്രിസ്ത്യാനികൾക്കു വേണ്ടിയാണ് മുഴങ്ങിയത് എന്നാണോ നിങ്ങൾ കരുതുന്നത്?!
കേരളത്തിൻ്റെ മതേതരത്വവും സാമുദായിക സന്തുലിതാവസ്ഥയും സാമൂഹിക സമാധാനവും നിലനിർത്താനുള്ള പ്രവാചകശബ്ദമായിരുന്നു അത് എന്നെങ്കിലും തിരിച്ചറിയുക. അവരെ ഇനിയും അവഹേളിക്കാതിരിക്കുക.