
സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി|ശാരീരിക സ്വയരക്ഷാ പരിശീലനം തുടങ്ങി സൈബർ സുരക്ഷ വരെ പ്രസക്തമായ 15 അധ്യായങ്ങൾ
പുസ്തകപരിചയം
സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി
പീനൽ കോഡും നിയമങ്ങളും ചട്ടങ്ങളും മാനുവലുകളുംകൊണ്ടു മാത്രം ഉറപ്പാക്കാൻ കഴിയുന്നതല്ല സ്ത്രീസുരക്ഷ. എന്നാൽ ഇതെല്ലാം ആവശ്യവുമാണ്. അവയെക്കുറിച്ചു വേണ്ടത്ര അറിവ് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നില്ല എന്നത് അരക്ഷിതത്വം വർധിപ്പിക്കുകയാണ്. ഇതാണ് ഈ വനിതാദിനത്തിൽ പുറത്തുവരുന്ന ” സ്ത്രീപക്ഷം: സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി” എന്ന ആകർഷകവും വിവരസമൃദ്ധവുമായ കൈപ്പുസ്തകത്തിന്റെ പ്രസക്തി.

കില ഗസ്റ്റ് ഫാക്കൽറ്റി അംഗം സുനു മാത്യുവും കോട്ടയത്തെ എഡിറ്റിന്ത്യ കണ്ടന്റ് ഫാക്ടറി ഡയറക്ടർ റെജി ടി. തോമസും ചേർന്നു തയ്യാറാക്കിയ 92 പേജ് ഉള്ള ഈ പുസ്തകം സ്ത്രീസുരക്ഷാവെല്ലുവിളികൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അവയെ അഭിമുഖീകരിക്കാനും അതിജീവിക്കാനും സഹായിക്കുന്ന സർക്കാർ, സർക്കാതിര സേവനങ്ങളും സംവിധാനങ്ങളും നല്ല വ്യക്തതയോടെ പരിചയപ്പെടുത്തുന്നു.
ശാരീരിക സ്വയരക്ഷാ പരിശീലനം തുടങ്ങി സൈബർ സുരക്ഷ വരെ പ്രസക്തമായ ഒട്ടെല്ലാ മേഖലകളെയും ഇതിലെ 15 അധ്യായങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിയമകാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും കാണാറുള്ള വക്രഭാഷ ഇതിലില്ല. നേർക്കുനേർ പ്രതിപാദനമാണ്. ഇന്നും കുഞ്ഞുങ്ങളുടെ സുരക്ഷയെന്നത് സ്ത്രീകളുടെതന്നെ മുഖ്യകരുതലായി നിൽക്കുന്നതുകൊണ്ടാവാം, സ്ത്രീസുരക്ഷ എന്ന് ശീർഷകമുള്ള പുസ്തകത്തിൽ കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങളെക്കുറിച്ചും അവർക്കുള്ള സഹായഹസ്തങ്ങളെക്കുറിച്ചും ഓരോ അധ്യായമുണ്ട്.
ദേശീയ വനിതാ കമ്മീഷനെയും കേരള വനിതാ കമ്മീഷനെയും നന്നായി പരിചയപ്പെടുത്തി. സ്ത്രീസുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള പോലീസ് സംവിധാനങ്ങളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും വിലാസങ്ങളും വെബ്സൈറ്റ് വിലാസങ്ങളും വളരെ റീഡർ-ഫ്രണ്ട്ലി ആയി ചേർത്തിരിക്കുന്നു. സാമൂഹിക പ്രവർത്തകർക്കെന്നപോലെ പൊതുജനത്തിനും റഫറൻസ് യോഗ്യം.
പുസ്തകത്തിൽ ഏറെ മനോഹരമായി വിന്യസിച്ചിരിക്കുന്ന പൊതുതാത്പര്യ പരസ്യപ്പെടുത്തലുകൾ (Public Interest Ads) ആണ് എടുത്തുപറയേണ്ട ഒരു ഘടകം.
കാൽനൂറ്റാണ്ടായി വിവരപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുവരുന്ന എഡിറ്റിന്ത്യ (കോട്ടയം 686 014; ഫോൺ 94969 91475) ആണ് 150 രൂപ വിലയുള്ള ഈ പുസ്തകത്തിന്റെ പ്രസാധകർ.

പ്രഫ. ലീന ജോസ് ടി.
