ചിലപ്പോഴെങ്കിലും മരം വച്ച് പിടിപ്പിക്കുന്നതല്ല അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റുന്നതാണ് ശരിയായ പരിസ്ഥിതി പ്രവർത്തനം എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഉണ്ട്.|മുരളി തുമ്മാരുകുടി
മരം പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം
ഇന്ന് ലോക പരിസ്ഥിതി ദിനമാണ്.
Land Restoration, Desertification, and Drought Resilience ആണ് ഈ വർഷത്തെ മുഖ്യ വിഷയം.
പ്രധാന ആഘോഷങ്ങൾ സൗദി അറേബിയയിലെ റിയാദിൽ ആണ്. അതിൽ പങ്കെടുക്കാൻ കൂടിയാണ് ഇന്ന് റിയാദിൽ എത്തിയിരിക്കുന്നത്.
ലോകത്തെവിടെയും പരിസ്ഥിതി ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. ചർച്ചകൾ ആയി, വെബ്ബിനാർ ആയി, പരിസ്ഥിതി സിനിമാ പ്രദർശനം ആയി, പെയിന്റിംഗ് മത്സരങ്ങൾ ആയി.
പക്ഷെ ഏറ്റവും കൂടുതൽ നടക്കുന്നത് മരം നടുന്നത് തന്നെയാണ്.
കേരളത്തിലും ഓരോ പരിസ്ഥിതി ദിനത്തിലും മരങ്ങൾ നടുന്ന പദ്ധതികൾ ഉണ്ട്, കാലാകാലമായി ആചാരം പോലെ നടക്കുന്ന ഒന്നാണ്.
കഴിഞ്ഞ ദിവസം ഹരിയുമായി സംസാരിക്കുമ്പോൾ എന്താണ് ലാൻഡ് റെസ്റ്റോറേഷൻ എന്ന വിഷയത്തിൽ കേരളത്തിൽ ചെയ്യാൻ പറ്റുന്നത് എന്ന ചോദ്യം വന്നു.
ലോകത്തെ മറ്റുള്ള പ്രദേശങ്ങളെപ്പോലെ അല്ലാത്ത, ഇന്ത്യയിലെ പോലും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.
വീട് വക്കാനും കൃഷിക്കും കാലിവളർത്തലിനും വ്യവസായങ്ങൾക്കും ഒക്കെയായി കൂടുതൽ സ്ഥലങ്ങൾ, വനം ഉൾപ്പടെ , വെട്ടിപ്പിടിക്കുന്നതും വെളുപ്പിക്കുന്നതും ഒക്കെയാണ് ലോകത്ത് കൂടുതൽ കാണുന്നത്.
കേരളത്തിൽ ആകട്ടെ ഓരോ വർഷവും കൃഷി കുറഞ്ഞുവരുന്നു. പല പ്രദേശങ്ങളിൽ നിന്നും ആളുകൾ നഗരങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. വീടിനടുത്തുള്ള കൃഷിഭൂമി പോലും മനുഷ്യൻ ഒന്നും ചെയ്യാതെ കാടും പടലും കടന്നു കയറുന്നു.
പ്രകൃതിയുടെ ഈ തിരിച്ചുവരവിനെ നമ്മൾ ശാസ്ത്രീയമായി ശ്രദ്ധിക്കുന്നില്ല. തിരിച്ചുവരവിൽ മുന്നിൽ നിൽക്കുന്നത് അധിനിവേശ സസ്യങ്ങൾ ആണ്.
നമ്മുടെ ചുറ്റും രാക്ഷസക്കൊന്നയും ധൃതരാഷ്ട്ര പച്ചയും ഒക്കെയായി അധിനിവേശ സസ്യങ്ങൾ അനവധി ഉണ്ട്.
പോരാത്തതിന് കോവിടാനന്തരം കൂണുപോലെ മുളക്കുന്ന നേഴ്സറികളിലും ഓൺലൈൻ ആയി നടക്കുന്ന നഴ്സറികളും വഴി ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുപോലും ഉള്ള അധിനിവേശ സസ്യങ്ങൾ നമ്മൾ അലങ്കാരച്ചെടികൾ ആയി വച്ചു പിടിപ്പിക്കുന്നു.
ഇത് വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ ഇതിന്റെ പ്രത്യാഘാതത്തെ പറ്റി ഒരറിവും ഇല്ല.
നാളത്തെ കേരളത്തിലെ ഒരു പ്രധാന പരിസ്ഥിതി പ്രശ്നം പാടത്തും പറമ്പിലും ടെറസ്സിലും അക്വേറിയം മുതൽ കായൽ വരെയുള്ള ആവാസ വ്യവസ്ഥകളിലും കടന്നു കയറുന്ന അധിനിവേശ സസ്യങ്ങളും ജീവികളും ആകും.
ഇതിനെപറ്റി നമ്മുടെ ആളുകളെ, നേഴ്സറികളെ, ഉദ്യോഗസ്ഥരെ ഒക്കെ കൂടുതൽ ബോധവൽക്കരിക്കാൻ സമയമായി.
ഇക്കാര്യത്തിൽ കൂടുതൽ നയങ്ങൾ, നിയമങ്ങൾ പദ്ധതികൾ ഉണ്ടാക്കേണ്ട സമയം കഴിഞ്ഞു.
ചിലപ്പോഴെങ്കിലും മരം വച്ച് പിടിപ്പിക്കുന്നതല്ല അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റുന്നതാണ് ശരിയായ പരിസ്ഥിതി പ്രവർത്തനം എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ഉണ്ട്.
ഈ വിഷയങ്ങൾ ഒക്കെ ഉൾപ്പെട്ട വളരെ വിശദമായ ഒരു ഇന്റർവ്യൂ ആണ്. അല്പം നീണ്ടതാണ്, പക്ഷെ കണ്ടാൽ നഷ്ടം വരില്ല
മുരളി തുമ്മാരുകുടി