മരണം ബ്രേക്കിംഗ് ന്യൂസ് ആക്കുമ്പോൾ..|മരണം അറിയിക്കുന്നതിന് ചില ഔചിത്യവും രീതികളും ഉണ്ട്|മുരളി തുമ്മാരുകുടി

Share News

മരണം ബ്രേക്കിംഗ് ന്യൂസ് ആക്കുമ്പോൾ

പല വട്ടം പറഞ്ഞിട്ടുള്ളതാണ്, പക്ഷെ മാറ്റം കാണാത്തതുകൊണ്ട് ഒന്ന് കൂടി പറയാം.

ഏറ്റവും സങ്കടകരമായ വാർത്തയാണ് കുസാറ്റിൽ നിന്നും ഇന്നലെ നമ്മൾ കേട്ടത്. ഒരു സംഗീതനിശക്കിടയിൽ അപകടം ഉണ്ടാകുന്നു, അതിൽ വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിക്കുന്നു.

അപ്പോൾ തന്നെ പേടിച്ചതാണ്, ഇപ്പോൾ മാധ്യമപ്പട സ്ഥലത്തെത്തും, മരിച്ചവരുടെ പേരുകൾ ബ്രേക്കിംഗ് ന്യൂസ് ആയി സ്ക്രോൾ വരും. മരിച്ച ആളുകളുടെ മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ എങ്ങനെയായിരിക്കും ചിലപ്പോൾ അറിയാൻ പോകുന്നത്.

പേടിച്ച പോലെ അത് സംഭവിച്ചു എന്നാണ് ഇപ്പോൾ അറിയുന്നത്. ഇന്ന് രാവിലെ തന്നെ ഒരു സുഹൃത്ത് ഇതിനെപ്പറ്റി ഒരു വാർത്ത അയച്ചു തന്നു. ഏത് മാധ്യമം അല്ലെങ്കിൽ മാധ്യമങ്ങൾ ആണെന്നറിയില്ല. പക്ഷെ ആധുനിക സമൂഹത്തിനോ സംസ്കാരത്തിനോ ചേർന്ന മാധ്യമ പ്രവർത്തനം അല്ല എന്ന് ഉറപ്പായും പറയാം.

നിങ്ങൾ തന്നെ ഒന്നാലോചിക്കൂ. നമ്മുടെ കുട്ടി ഒരു സംഗീതോത്സവത്തിന് പോകുന്നു. അതൊക്കെ കഴിഞ്ഞു സന്തോഷത്തോടെ തിരിച്ചു വന്നു വിശേഷങ്ങൾ പറയുന്നതും നോക്കി നാം ഇരിക്കുന്നു. അങ്ങനെയിരിക്കുമ്പോൾ മരണവാർത്ത ടി വി യിൽ വരുന്നു. എങ്ങനെയാണ് ആ കുടുംബം ആ വാർത്തയുമായി പൊരുത്തപ്പെടുന്നത്. ഹൃദയാഘാതം വരെ ഉണ്ടാകാം, ട്രാജഡി ഇരട്ടിയാകാം.

മരണം അറിയിക്കുന്നതിന് ചില ഔചിത്യവും രീതികളും ഉണ്ട്. അടുത്ത ആളുടെ മരണം എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിൻ്റെ നിമിഷമാണ്. അത് മനസ്സിലാക്കി വേണം അതിനെ കൈകാര്യം ചെയ്യാൻ. അങ്ങനെ അറിഞ്ഞു കഴിഞ്ഞാൽ അവർക്ക് മാനസിക പിന്തുണ, വേണ്ടിവന്നാൽ വൈദ്യ സഹായം, അല്പം സ്വകാര്യത ഒക്കെ കൊടുക്കണം.

വികസിതരാജ്യങ്ങളിൽ ഇതിനൊക്കെ കൃത്യമായ പ്രോട്ടോകോൾ ഉണ്ട്. കുടുംബത്തെ അറിയിക്കുകയും അവർ വിവരം പുറത്തു പറയാൻ സമ്മതിക്കുകയും ചെയ്യുന്നത് വരെ മരണവിവരം പുറത്തു പറയില്ല. നൈജീരിയയിൽ യു എൻ ആസ്ഥാനം അക്രമിക്കപ്പെട്ടപ്പോൾ ഇരുപത്തി ഒന്ന് പേർ മരിച്ചു. ഞാൻ സ്ഥിരം പോകുന്ന ഓഫീസ് ആണ്, ഏറെ പേർ എൻ്റെ സുഹൃത്തുക്കൾ ആണ്. ആരാണ് മരിച്ചത് എന്നതിൽ ഞങ്ങൾക്ക് ഏറെ ആകാംഷയുണ്ട്. പക്ഷെ ഒരാഴ്ച കഴിഞ്ഞാണ് ഔദ്യോഗികമായി ലിസ്റ്റ് പുറത്തു വരുന്നത്. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനും സ്വകാര്യതക്കും മേലെ അല്ല സമൂഹത്തിന് അവരുടെ പേരറിയാനുള്ള അവകാശം.

ഇത് ചിന്തിച്ചാൽ വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന ഒന്നാണ്, പല പ്രാവശ്യം പറഞ്ഞതുമാണ്. പക്ഷെ എന്നിട്ടും രണ്ടായിരത്തി ഇരുപത്തി മൂന്നിലും ഇത് വീണ്ടും സംഭവിച്ചു എന്നുള്ളത് മാധ്യമങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്, വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കേണ്ടതാണ്.

മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

കുസാറ്റിലെ അപകടം

സംഗീതമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിൽ നാലു വിദ്യാർഥികൾ മരിച്ചു എന്ന വാർത്ത വരുന്നു.

ഏറെ സങ്കടപ്പെടുത്തുന്നു.

ഏറെ ആളുകൾ വരുന്ന മേളകളിലും സമ്മേളനങ്ങളിലും ഒന്നും വേണ്ടത്ര ക്രൗഡ് മാനേജ്‌മെന്റ് നടത്തുക, മുൻ‌കൂർ ഇവാക്വേഷൻ പ്ലാൻ ചെയ്യുക എന്നതൊന്നും നമ്മുടെ രീതിയല്ല.

ഇനി കുട്ടികളുടെ ടെക്ഫെസ്റ്റ് നിരോധിക്കുക എന്നതിനപ്പുറം എങ്ങനെയാണ് സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും ഡ്രില്ലുകളും ഉണ്ടാകും എന്ന് കരുതാം.

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു

മുരളി തുമ്മാരുകുടി

(അടുത്തയിടക്ക് യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ ഒന്നാം ദിവസം ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഹാൾ ഇവാക്വേറ്റ് ചെയ്യാം എന്നുള്ള ഡ്രിൽ ഉണ്ടായിരുന്നു എന്നും അത് അപകടത്തിൻ്റെ രണ്ടാം നിര ദുരന്തം ഒഴിവാക്കി എന്നും വായിച്ചിരുന്നു, നല്ലത്)

മുരളി തുമ്മാരുകുടി

കുസാറ്റിലെ ക്യാമ്പസിൽ ഉണ്ടായ അപകടത്തിൽ മൂന്നു വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിക്കുകയും അനവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്ത വാർത്ത ആണ് മാധ്യമങ്ങളിൽ ഒക്കെ.

സർക്കാർ സംവിധാനം ആയത് കൊണ്ട് ഒന്നോ രണ്ടോ ദിവസത്തെ ഒച്ചപ്പാടിന് ശേഷം ഇതങ്ങ് അവസാനിക്കും. ഇതേ സംഭവം ഒരു സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിൽ ആയിരുന്നു നടന്നതെങ്കിയിൽ എന്ന് കരുതുക. കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച എന്ന് വാർത്ത, സംഗീത നിശയിൽ നിറയെ മയക്കുമരുന്നായിരുന്നു എന്ന് ഊഹാപോഹങ്ങൾ, പിന്നെ മലപ്പുറം കത്തി, അമ്പും വില്ലും ഒക്കെയായി ചർച്ചയോടു ചർച്ച ആയിരിക്കും. ഇതിനകം മാനേജരും പ്രിൻസിപ്പലും ഒക്കെ ഒന്നുകിൽ അറസ്റ്റിൽ അല്ലെങ്കിൽ ഒളിവിൽ ആയിരിക്കും. റെക്ക്ഫെസ്റ്റിലെ സംഗീത നിശയും ഒരു പക്ഷെ ടെക്ഫെസ്റ്റ് തന്നെയും നിരോധിച്ചിരിക്കും. ഇതിപ്പോൾ യൂണിവേഴ്സിറ്റി ആയത്കൊണ്ട് എല്ലാം “ആകസ്മികമായി ഉണ്ടായ മഴ”യുടെ തലയിൽ വച്ച് കൊടുക്കും. മഴക്കാലത്ത് മഴ ആകസ്മികമാണോ എന്നൊന്നും ആരും ചോദിക്കില്ല.

ഒരു അപകടം ഉണ്ടായാൽ ഉടൻ ആരെയെങ്കിലും ഉത്തരവാദി ആക്കുക, അറസ്റ്റ് ചെയ്യുക ഇതൊന്നുമല്ല ശരിയായ രീതി. ആദ്യമേ അപകടത്തിൽ പെട്ടവരെ രക്ഷിക്കുക, അവർക്ക് വേണ്ട ചികിത്സ ഉറപ്പു വരുത്തുക, മരിച്ചവർ ഉണ്ടെങ്കിൽ കുടുംബത്തെ ആശ്വസിപ്പിക്കുക, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുക, സഹപാടികൾക്ക് കൗൺസലിംഗ് ഉറപ്പാക്കുക, അപകടം ഉണ്ടായ സ്ഥലം ആക്സിഡന്റ് സീൻ ആക്കി സുരക്ഷിതമാക്കുക. ഇതൊക്കെയാണ് ആദ്യം ചെയ്യേണ്ടത്.

പ്രൊഫഷണൽ ആയിട്ടുള്ള ഒരു ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ നടത്തണം. സേഫ്റ്റി എഞ്ചിനീയറിങ്ങ് ഒക്കെ പഠിപ്പിക്കാൻ വകുപ്പുള്ള കോളേജ് ആണ്, അപ്പോൾ ഇതിനൊക്കെ വേണ്ട അറിവുള്ളവർ ഉണ്ടാകും. ഹാളിന്റെ ഡിസൈനിൽ, പരിപാടിയുടെ നടത്തിപ്പിൽ ഒക്കെ എന്തൊക്കെ പോരായ്മകൾ ആണ് ഉണ്ടായത്, ഇതൊക്കെ പഠിക്കണം. അടിസ്ഥാന കാരണങ്ങൾ കണ്ടെത്തണം.

ഇതിന്റെ ഉത്തരവാദികളെ ശിക്ഷിക്കണം എന്നുള്ള ഉദ്ദേശത്തോടെ അല്ല അത്തരം ഇൻവെസ്റ്റിഗേഷൻ നടത്തേണ്ടത്. അങ്ങെനെ നടത്തിയാൽ അപകട കാരണം മഴയും ചുഴലിയും ഒക്കെയാകും കാരണം മരിച്ചവരോ മരിച്ചു ഇനി നമ്മുടെ സഹപ്രവർത്തകരുടെ പണി പോകാതെ നോക്കണമല്ലോ എന്നതായിരിക്കും എല്ലാവരുടെയും ചിന്ത. മറിച്ച് ഇനി ഇത്തരം ഒരു അപകടം കുസാറ്റിൽ അല്ല കേരളത്തിൽ ഒരു കാമ്പസുകളിലും ഉണ്ടാകരുത് എന്നുള്ള ചിന്തയോടെ വേണം അപകടത്തിൽ അന്വേഷണം നടത്താൻ.

കേരളത്തിൽ എത്ര ക്യാമ്പസുകൾ ഉണ്ട് എന്ന് ആർക്കെങ്കിലും ഒരു കണക്കുണ്ടോ ?, യൂണിവേഴ്സിറ്റികൾ ഇരുപത്തി മൂന്നുണ്ട്, എഞ്ചിനീയറിങ്ങ് കോളേജുകൾ നൂറ്റി അന്പതിനോടടുത്ത്, മെഡിക്കൽ കോളേജുകൾ, ആർട്സ് കോളേജുകൾ, പൊളി ടെക്നിക്കുകൾ, ഡിപ്ലോമ കോളേജുകൾ ഒക്കെയായി ഒരു രണ്ടായിരം എണ്ണം വരും.

സർക്കാർ സ്‌കൂളുകളും എയ്‌ഡഡ്‌ സ്‌കൂളുകളും എടുത്താൽ അത് തന്നെ എണ്ണായിരം ഉണ്ട്. അതിന് പുറത്തുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളും കൂടി എടുത്താൽ എണ്ണം പതിനായിരം കടക്കും.

അതായത് മൊത്തം കാമ്പസുകൾ പതിനയ്യായിരത്തിനടുത്താണ് !.

അതിൽ എല്ലാ കാംപസിലും സുരക്ഷാ വിഷയങ്ങൾ ഉണ്ട്. ക്‌ളാസ് റൂമിനകത്ത് ഒരു കുട്ടി പാമ്പുകടി ഏറ്റു മരിച്ചത് വയനാട്ടിൽ ആണ്, കാമ്പസിനകത്ത് മരം വീണു കുട്ടി മരിച്ചത് കാസർഗോഡ്, സ്പോർട്സ് സമയത്ത് ഡിസ്ക്കോ ജാവലിനോ തറച്ചു കുട്ടികൾ മരിച്ചിട്ടുണ്ട്, രണ്ടാമത്തെ നിലയിലെ ജന്നൽ തുറന്നപ്പോൾ അതിലൂടെ വീണു മരിച്ചത് അധ്യാപകനാണ്, കാമ്പസിനകത്ത് വാഹനാപകടത്തിൽ മരണം ഉണ്ടായത്ത് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ ആണെന്ന് തോന്നുന്നു, ടെന്നീസ് കോർട്ടിന്റെ മതിലിടിഞ്ഞു വിദ്യാർത്ഥി മരിച്ചത് എൻ ഐ ടി യിൽ ആണ്.

കാമ്പസിനകത്ത് മാത്രമല്ല വിദ്യാർത്ഥികളുടെ മരണം നടക്കുന്നത്. വിനോദ യാത്രക്കിടയിൽ ഉള്ള റോഡ് അപകടങ്ങൾ, ഒന്നിന് പുറകെ ഒന്നായി നടക്കുന്ന മുങ്ങി മരണം.

ഒരു വർഷം എത്ര വിദ്യാർഥികൾ കേരളത്തിൽ മരിക്കുന്നുണ്ട്?

ഒരു കണക്കും ആരും സൂക്ഷിക്കുന്നില്ല.

ചില കണക്കുകൾ ഞാൻ പറയാം

കേരളത്തിൽ ഒരു വർഷം നാല്പത്തിനായിരത്തിന് മുകളിൽ റോഡപകടങ്ങൾ ആണ് നടക്കുന്നത്, അതിൽ നാലായിരത്തോളം ആളുകൾ മരിക്കുന്നു. മരിക്കുന്നതിന് പകുതിയും യുവാക്കൾ ആണ്. ഇതിൽ ഏറെ വിദ്യാർഥികൾ ആണ്.

കേരളത്തിൽ ഒരു വർഷം ആയിരത്തി ഇരുന്നൂറോളം ആളുകൾ മുങ്ങി മരിക്കുന്നു. ഇതിൽ ബഹു ഭൂരിപക്ഷവും ഇരുപത്തി എട്ടു വയസ്സിന് താഴെയുള്ള ആണുങ്ങൾ ആണ്. ഇതിൽ ഏറെ വിദ്യാർഥികൾ ആണ്.

കേരളത്തിലെ ട്രെയിൻ പിടിച്ചോ ട്രെയിനിൽ നിന്നും വീണോ ഓരോ വർഷവും അഞ്ഞൂറോളം ആളുകൾ മരിക്കുന്നുണ്ട്. ഇതിലും വിദ്യാർഥികൾ ഉണ്ട്.

അപ്പോൾ എൻ്റെ ഊഹം അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ വിദ്യാർഥികൾ ഓരോ വർഷവും കേരളത്തിൽ മരിക്കുന്നുണ്ട് എന്നാണ്. ഓരോ ക്യാമ്പസിലും ഒരു ദിവസം നടക്കുന്ന അവധിയും ദുഃഖാചരണവും കഴിഞ്ഞാൽ പിന്നെ ആരും അത് ഓർക്കുന്നില്ല.

ഇതൊക്കെ ഒറ്റക്കൊറ്റക്കായി നടക്കുന്ന അപകടങ്ങൾ ആയതിനാലും അതൊന്നും കാമ്പസുകൾക്ക് അകത്തല്ലാത്തതിനാലും അതിനെ നമ്മൾ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തുന്നില്ല. പക്ഷെ എവിടെ മരിച്ചാലും മരിക്കുന്നത് വിദ്യാർഥികൾ ആണ്. മാതാപിതാക്കളുടെ പ്രതീക്ഷയാണ്, സമൂഹത്തിന്റെ ഭാവിയാണ്.

ഇത് നമുക്ക് മാറ്റാൻ സാധിക്കുന്ന ഒന്നാണ്

സുരക്ഷ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗം ആക്കണം, എൽ കെ ജി മുതൽ

നമ്മുടെ ഓരോ കാമ്പസിലും സുരക്ഷാ ഓഡിറ്റ് വേണം

കാമ്പസിൽ ഒന്നാം ദിവസം സുരക്ഷാ ഓറിയെന്റേഷൻ വേണം

കാമ്പസിൽ എന്തൊരു പരിപാടി നടക്കുമ്പോഴും, എസ്കർഷൻ, സ്പോർട്സ്, ആർട്സ് ഫെസ്റ്റിവൽ, ടെക്ക്ഫെസ്റ്റ് ഒക്കെ, അതിനൊരു സുരക്ഷാ പദ്ധതി ഉണ്ടാക്കണം

ഇതൊക്കെ ചെയ്താൽ നമുക്ക് പല ഗുണങ്ങൾ ഉണ്ട്

ഒന്നാമത് നമ്മുടെ വിദ്യാർഥികൾ സുരക്ഷിതരാകും,

രണ്ടാമത് അവരിലൂടെ സുരക്ഷാ ബോധം കുടുംബങ്ങളിൽ എത്തും

മൂന്നാമത് അവർ വളർന്നു വരുമ്പോൾ അവർ ഏതൊരു കർമ്മ മണ്ഡലത്തിൽ എത്തിയാലും അവിടെ ഒക്കെ സുരക്ഷാബോധത്തോടെ പെരുമാറും

നമുക്ക് ഒരു സുരക്ഷാ സംസ്കാരം ഉണ്ടാകും.

ഇതൊട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല

ഒരു അപകടം ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ഉള്ള ഒരു മാറ്റത്തിന് ശ്രമിക്കുകയാണ് വേണ്ടത്

മുരളി തുമ്മാരുകുടി

Share News