
കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്.
കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്. ഈ തട്ടിപ്പിന് വേണ്ടി കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ചിലവാക്കി, അവർ എന്തൊക്കെയോ മഹാകാര്യങ്ങൾ ചെയ്തു കൊടുക്കുയാണെന്ന് പറഞ്ഞു, കേരളത്തിലെ ജനങ്ങളെ മുഴുവൻ ഹിപ്നോടൈസ് ചെയ്തു വച്ചിരിക്കുകയാണീ കൂട്ടർ.
കേരളാ സർക്കാർ കണക്ക് പ്രകാരം, സർക്കാർ തൊഴിൽ കൊടുക്കുന്നത് മൊത്തം ഏകദേശം 5.15 ലക്ഷത്തോളം ആളുകൾക്കാണ്. ഇതിനു പുറമെ 4.39 ലക്ഷത്തോളം പെൻഷൻകാരും വരും. കേരളത്തിൽ മൊത്തം 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർ 1.80 കോടിയോളം വരും, അതിൽ വെറും 5.15 ലക്ഷത്തോളം ആളുകൾക്കാണ് സർക്കാർ ജോലി, അതായത് വെറും 2.75% മാത്രം, ജനസംഖ്യക്കനുപാതമായി വെറും 1.5%. ഈ 5.15 ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കായി 2018 -19 ൽ ചിലവാക്കിയത് 32,349 കോടി രൂപയാണ്. അതായത് ഒരാൾക്ക് ശരാശരി 6.27 ലക്ഷം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും. ഈ 4.39 ലക്ഷത്തോളം പെൻഷൻ ആയ ജീവനക്കാർക്കായി 2018 -19 ൽ ചിലവാക്കിയത് 319,938 കോടി രൂപയാണ്. അതായത് ഒരാൾക്ക് ശരാശരി 4.55 ലക്ഷം രൂപ പെൻഷനും മറ്റാനുകൂല്യങ്ങളും. ശമ്പളവും, പെൻഷനും വാങ്ങുന്ന 9.54 ലക്ഷത്തോളം ആളുകൾക്കായി, മൊത്തം ചിലവാക്കുന്നത് 52,287 കോടി രൂപയാണ്, അഥവാ സർക്കാരിന്റെ റവന്യു റെസിപ്റ്റിന്റെ 56%. എന്ന് വച്ചാൽ ജനസംഖ്യയുടെ വെറും 2.77% വേണ്ടി ചിലവാക്കുന്നത് വരുമാനത്തിന്റെ 56%.
സർക്കാർ കണക്കു പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ 12.5% ശതമാനമാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും മോശമായതിൽ ഒന്ന്. തൊഴിൽ പ്രായമായവരിൽ 2.75% മാത്രം സർക്കാർ ജോലി കൊടുക്കുന്നു, മറ്റുള്ളവർ സ്വന്തമായി തൊഴിൽ ചെയ്യുന്നു, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു, പിന്നെ 30 ലക്ഷം അഥവാ 16% പ്രവാസികളായി വേറെ നാടുകളിൽ ജീവിതം കഴിച്ചു തീർക്കുന്നു, ബാക്കിയുള്ളവരിൽ 12.5% തൊഴിലില്ലായ്മ കണക്കിൽ പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സ്വന്തം വരുമാനമുള്ളവർ സർക്കാരിലേക്ക് നികുതി കെട്ടുന്നു, ആ നികുതി വരുമാനത്തിന്റെ സിംഹഭാഗവും വളരെ കുറച്ചുപേർക്കായി ശമ്പളവും, പെൻഷനുമായി കൊടുത്തു തീർക്കുന്നു.
അവരുടെ സർക്കാർ കൂടുതൽ ജോലി സൃഷ്ട്ടിച്ചു എന്ന് എല്ലാ രാഷ്രീയക്കാരും വാദിക്കാറുണ്ട്. പക്ഷെ സർക്കാർ ചെയ്യേണ്ട ജോലി കൂടുന്നില്ലലോ, കമ്പ്യൂട്ടറും, കൺസൾട്ടൻസിയും, കരാർ ജീവനക്കാരും ഒക്കെ കൊണ്ട് ജോലി കുറയുകയല്ലേ ചെയ്തിട്ടുള്ളത്? പക്ഷെ ഇവർ അനാവശ്യ തസ്തികകൾ ഉണ്ടാക്കി, ഒരാൾക്ക് ചെയ്യാനുള്ള ജോലിക്കു വേണ്ടി മൂന്നോ നാലോ തസ്തികകളുണ്ടാക്കി മേനി പറയുന്നു. ഈ തൊഴിൽ ദാനം മര്യാദക്കു ചെയ്യുന്നു പോലുമില്ല എന്നത് മറ്റൊരു വശം. സർക്കാരിന്റെ ശമ്പള ചിലവ് 2008 മുതലുള്ള 10 വര്ഷം കൊണ്ട് 317% ആണ്, അതായത് നാലിരട്ടിക്കു മേളിൽ ആണ് വർദ്ധിച്ചിട്ടുള്ളത്. കാട്ടിലെ തടി, തേവരുടെ ആന എന്ന മാതിരി പരിപൂർണ്ണ ഉത്തരവാദിത്വമില്ലായ്മ.
സ്വകാര്യ മേഖലാ ജോലി സർക്കാരിലേക്ക് പണം നൽകുമ്പോൾ, സർക്കാർ തൊഴിലാളികൾ നികുതി പണം തിരിച്ചെടുക്കുന്നു. അപ്പോൾ ഏതാണ് ജനങ്ങൾക്ക് മെച്ചം, സർക്കാർ കൂടുതൽ ജോലിക്കാരെ ഉണ്ടാക്കുന്നതോ, കൂടുതൽ സ്വകാര്യ മേഖലാ ജോലികൾ വരുന്നതോ? സർക്കാരിലേക്ക് കാശു കൊടുക്കുന്ന സ്വകാര്യ മേഖലാ തൊഴിലാളിയാണോ, ജനങ്ങളുടെ കാശെടുത്തു വീട്ടിൽ കൊണ്ടുപോകുന്ന സർക്കാർ ജോലിക്കാരനോ യഥാർത്ഥ ബൂർഷ്വാ തൊഴിലാളി?
ഈ 52,287 കോടി ശമ്പളവും, പെൻഷനുമായി കൊടുത്തു തീർക്കുന്നത് കൂടാതെ 34,944 കോടി രൂപ വായ്പാ തിരിച്ചടവും, പലിശയുമായി പോകുന്നു, അതായത് സർക്കാരിന്റെ റവന്യു റെസിപ്റ്റിന്റെ 38%. എന്ന് വച്ചാൽ ശമ്പളവും, പെൻഷനും, കടം വീട്ടലും, പലിശയുമായി മൊത്തം 87,231 കോടി രൂപ, അതായത് റവന്യു റെസിപ്റ്റിന്റെ മൊത്തം 94% ചിലവാക്കുന്നു. അപ്പോൾ പ്രവാസികളെയും, സർക്കാർ തൊഴിലാളികളെയും, തൊഴിലില്ലായ്മയിലുള്ളവരെയും മാറ്റിയാലുള്ള ഏകദേശം 1.27 കോടി ആളുകളാണ് ഈ ചിലവൊക്കെ വഹിക്കുന്നത്, വഹിക്കാൻ പോകുന്നത്, ഒരാൾ ഒരുവർഷം ഏകദേശം 68.5 ആയിരം രൂപ. ഇതിൽ രാഷ്രീയക്കാരുടെ ചിലവും, അധികാരികാരികളുടെ മറ്റു ചിലവുകൾ ഉൾപ്പെടുന്നില്ല. പഴയ ഒരു RTI കണക്കു പ്രകാരം മന്ത്രിമാരും MLA മാരും മാത്രം 5 വര്ഷം കൊണ്ട് 100 കോടിയിലേറെ ചിലവാക്കി എന്നാണ്. ഇത് ഇന്ന് കൂടിയിട്ടേയുള്ളു, കുറഞ്ഞിട്ടില്ല.
ഇതിനു പുറമെയാണ് രാഷ്ട്രീയാക്കാരുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി നഷ്ടത്തിലോടുന്ന കോര്പറേഷനുകൾ വാങ്ങിക്കൂട്ടുകയും, വ്യവസായം ചെയ്തു കൂടുതൽ നഷ്ട്ടമുണ്ടാക്കുകയും ചെയ്യുന്നത്. എന്ന് വച്ചാൽ ജനങ്ങൾ സർക്കാരിലേക്കടക്കുന്ന നികുതി വരുമാനം മുഴുവനും ശമ്പളം, പെൻഷൻ, വായ്പാ തിരച്ചടവ്, പലിശ, രാഷ്ട്രീയക്കരുടെ ചിലവുകൾക്കും മറ്റു വികൃതികൾക്കുമായി മാത്രമേയുള്ളു. നാടിനു വേണ്ടി എന്ത് ചെയ്യണമെങ്കിലും വീണ്ടും വായ്പയെടുക്കണം, ആ ബാധ്യത ഇപ്പോൾ ഉള്ള ബാധ്യതകളുടെ മുകളിൽ വീണ്ടും മലയാളിയുടെ പുറത്തേക്കു വയ്ക്കും. രാഷ്ട്രീയക്കാർക്ക് ഇതെല്ലാം പത്രപരസ്യങ്ങൾ കൊണ്ടും, TV സ്പോണ്സറെഡ് പ്രോഗ്രാം കൊണ്ടും, ഫോട്ടോ വച്ച പരസ്യങ്ങൾ കൊണ്ടും വെളുപ്പിച്ചെടുക്കാമല്ലോ. പൊതുജനം കഴുത ആ ഭാരം കൂടി വലിക്കും. എത്ര നാൾ?

Tony Thomas
Global Tech Leader. CIO, Angel Investor, Strategic Advisor. Opinions & Connects Personal not Official