![](https://nammudenaadu.com/wp-content/uploads/2020/05/behadoor.jpg)
ഉള്ളിൽ കരയുമ്പോഴും നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച ആ മഹാനായ ജോക്കറുടെ സ്നേഹം തുളുമ്പുന്ന ഓർമ്മകൾക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ പ്രണാമം.’
![](https://nammudenaadu.com/wp-content/uploads/2020/05/unnamed.jpg)
ഇന്ന് ബഹദൂറിന്റെ ഓർമ്മദിനം
‘ ജോക്കർ ചെയ്തപ്പോൾ പത്തിരുപതു ദിവസത്തോളം ബഹദൂറിക്ക എന്നോടൊപ്പം (ലോഹിതദാസ്) ഉണ്ടായിരുന്നു. ആരോഗ്യപരമായി ചില പരാധീനതകൾ ഉണ്ടായിരുന്നതിനാൽ ചില നിബന്ധനകൾ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിരുന്നു
![](https://nammudenaadu.com/wp-content/uploads/2020/05/maxresdefault-1-1-1024x576.jpg)
.രാവിലെ ജോക്കറിന്റെ ഷൂട്ടിങ്ങിനായി പുറപ്പെടുമ്പോഴും രാത്രി തിരിച്ചെത്തുമ്പോഴും ഞാൻ ബഹദൂറിക്കയെ കാണും. രാത്രി കാണുമ്പോൾ ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചുനോക്കുമ്പോൾ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ പറയും.”ഇല്ല മോനെ. ഇക്ക തൊട്ടിട്ടില്ല.”വല്ലപ്പോഴും ഒരു പെഗ്ഗ് കഴിക്കാൻ ഞാൻ അനുവദിച്ചിരുന്നു.
രാവിലെ ചിലപ്പോൾ എന്റെ മുറിയിൽ വന്നു ചോദിക്കും.”മോനെ..ഇക്കാടെ നമ്പറായോ?”ജോക്കറിൽ ഇക്കയുടെ കഥാപാത്രം എല്ലാവരോടും ചോദിക്കുന്ന ചോദ്യമായിരുന്നു അത്.പഴയ പരിചയക്കാർ സങ്കടം പറഞ്ഞു വരുമ്പോൾ കൊടുക്കാൻ ഇക്ക പ്രൊഡ്യൂസറിന്റെ കയ്യിൽ നിന്ന് രണ്ടായിരവും മൂവായിരവുമൊക്കെ വാങ്ങാറുണ്ടെന്നറിഞ്ഞപ്പോൾ മേലിൽ ഇക്ക പണം ചോദിച്ചാൽ കൊടുക്കരുതെന്ന് ഞാൻ പറഞ്ഞു. ഇക്ക സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായതിനാൽ കൊടുക്കാനുള്ള പണം ഷൂട്ടിംഗ് കഴിഞ്ഞുപോവുമ്പോൾ ഡ്രാഫ്റ്റ് എടുത്ത് കൊടുത്താൽ മതിയെന്ന് ഞാൻ നേരത്തെ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നതാണ്.പിറ്റേന്ന് ആരോ വന്നു സങ്കടം പറഞ്ഞപ്പോൾ ഇക്ക പണം ചോദിച്ചു. പണം കൊടുക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ കുറെ ദേഷ്യപ്പെട്ടു. അന്ന് രാത്രി ഷൂട്ടിംഗ് കഴിഞ്ഞു ഞാൻ വരുമ്പോൾ മുഖം അത്ര പന്തിയല്ല. കണ്ണിലേക്കു ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ധിക്കാരത്തോടെ പറഞ്ഞു.”അടിച്ചിട്ടുണ്ട്. മൂന്നാലെണ്ണം അടിച്ചിട്ടുണ്ട്. ആരും എന്നെ പഠിപ്പിക്കണ്ട..ഞാൻ ജോലി ചെയ്യുന്ന പണം ഞാൻ ഇഷ്ടമുള്ളവർക്ക് കൊടുക്കും. അതിലാരും ഇടപെടണ്ട.”എനിക്ക് വിഷമം തോന്നി. ഞാൻ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ എന്റെ മുറിയിൽ വന്നു. മുഖത്തെ ധിക്കാരഭാവം മാറിയിരിക്കുന്നു. ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖം.”പാവങ്ങളാ മോനേ..അവരു വന്നു ചോദിക്കുമ്പോ ഇക്ക എങ്ങിന്യാ കൊടുക്കാണ്ടിരിക്ക്യാ..ഉണ്ടായിട്ടു കൊടുത്തില്ലെങ്കി ഇക്കയ്ക്ക് മനസ്സിനു സമാധാനമുണ്ടാവില്ല.””കിട്ടുമെന്നറിയാവുന്നതുകൊണ്ട് ഓരോരുത്തർ സൂത്രം പറഞ്ഞു വരികയാണ്.” ഞാൻ പറഞ്ഞു.”കൊണ്ടുപോട്ടെ മോനേ..ഇക്ക ഇനി സമ്പാദിച്ചിട്ട് പോകുമ്പൊ കൊണ്ടുപോവ്വാ?’എനിക്കുത്തരമില്ല.
കിട്ടിയത് മുഴുവൻ മറ്റുള്ളവർക്കായി വാരിക്കൊടുത്ത ആ കൈകളെ തടയാൻ ഞാനല്ല പടച്ചവൻ വിചാരിച്ചാൽ പോലും കഴിയില്ല.ജോക്കറിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു വിഷു കടന്നുപോയത്. എന്റെ രണ്ടാമത്തെ മകൻ വിജയ്‌ശങ്കർ അവന് പലരിൽനിന്നു കിട്ടിയ വിഷുക്കൈനീട്ടംകൊണ്ട് ഒരു വാച്ചു വാങ്ങി ബഹദൂറിക്കയുടെ കയ്യിൽ കെട്ടികൊടുത്തു. കണ്ണ് നിറഞ്ഞു അവനെ ചേർത്ത് പിടിച്ചു ഇക്ക പറഞ്ഞു:”മോൻ ഇക്കയെപ്പോലെയാവരുത്…ഇക്കയെപോലെയായാൽ ജീവിതത്തിലൊന്നും നേടാൻ പറ്റില്ല..”ബഹദൂറിക്കയുടെ ആത്മാംശങ്ങൾ കലർന്നതായിരുന്നു ജോക്കറിൽ അദ്ദേഹം ചെയ്ത കഥാപാത്രം. സ്വർഗ്ഗത്തിലേക്ക് ഗോവണിയിലൂടെ കയറാൻ ശ്രമിക്കുന്നതായിരുന്നു ജോക്കറിൽ ഇക്ക അവസാനമായി അഭിനയിച്ചുപൂർത്തിയാക്കിയത്. ചിത്രം പൂർത്തിയാക്കി ഇക്ക പോകുന്നത് സ്വർഗ്ഗത്തിലേക്കുള്ള ഗോവണി കയറിപ്പോകാനായിരുന്നുവെന്ന് അന്ന് ആരുമറിഞ്ഞില്ല.
![](https://nammudenaadu.com/wp-content/uploads/2020/05/MV5BNTQyNmJkZmYtZTJkZC00N2NkLTk5MTMtNjhlODZlMDk0N2QwXkEyXkFqcGdeQXVyMjkxNzQ1NDI@._V1_UY1200_CR9006301200_AL_-538x1024.jpg)
മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായേറ്റുവാങ്ങി, ഉള്ളിൽ കരയുമ്പോഴും നമ്മളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച ആ മഹാനായ ജോക്കറുടെ സ്നേഹം തുളുമ്പുന്ന ഓർമ്മകൾക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ എന്റെ പ്രണാമം.'(ഗോവണികയറി സ്വർഗ്ഗത്തിലേക്ക് പോയ ഒരാൾ (കാഴ്ചവട്ടം) – ലോഹിതദാസ്)ഇന്ന് ബഹദൂറിന്റെ ഓർമ്മദിനം. ശ്രീ സണ്ണി കുരിയൻപറമ്പിൽ
ഫേസ് ബുക്കിൽ എഴുതിയത്
55LikeComment
![](https://static.xx.fbcdn.net/rsrc.php/v3/yP/r/EyGUmEdOqjv.png)
Share