
ജീവന്റെ സംരക്ഷണമാണ് കത്തോലിക്കാ ജിവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദർശനം
ടെക്‌സസ്: മനുഷ്യജീവന് മൂല്യം കൽപ്പിക്കുന്നവരെ ഭരണാധികാരികളായി തിരഞ്ഞെടുക്കാൻ കത്തോലിക്കാ വിശ്വാസികൾ ജാഗ്രതകാട്ടണമെന്ന് ഓർമിപ്പിച്ച് അമേരിക്കയിലെ ടൈലർ രൂപതാ ബിഷപ്പ് ജോസഫ് സ്ട്രിക്ട്‌ലന്റ്.
‘ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുമ്പോൾ ജീവന്റെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരും ഗർഭസ്ഥ ശിശുക്കളുടെ അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കുന്നവരും നേതൃനിരയിലെത്തണമെന്ന മാനദണ്ഡമാവണം കത്തോലിക്കരായ നാം സ്വീകരിക്കേണ്ടത്,’ ഈയിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ മനുഷ്യജീവൻ പവിത്രമായി സംരക്ഷിക്കപ്പെടണം എന്നാണ് സഭ പഠിപ്പിക്കുന്നത്. ഓരോ പുരുഷനും സ്ത്രീയും ദൈവത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇവിടെയാണ് മനുഷ്യജീവന്റെ മൂല്യം ആരംഭിക്കുന്നത്. ദൈവത്തിന്റെ സ്വരൂപമാകുകയെന്നാൽ ഏറ്റവും അന്തസ് നൽകുന്ന കാര്യമാണ്.
ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും എല്ലായിടങ്ങളിലും മനുഷ്യജീവൻ മാനിക്കപ്പെടണം. സാമൂഹ്യവും സാംസ്‌കാരികവും ശാസ്ത്രപരവുമായ എല്ലാ വിഷയങ്ങളിലും മനുഷ്യജീവന്റെ അന്തസ് ഉയർത്തികാട്ടുകയും വേണം. അതുപോലെ ഗർഭച്ഛിദ്രമെന്നത് ഒരു അവകാശമല്ല. ഗർഭച്ഛിദ്ര അവകാശമെന്ന തെറ്റായ പ്രയോഗം അംഗീകരിക്കാനും കഴിയില്ല. എന്തെന്നാൽ അവകാശങ്ങൾ എപ്പോഴും ജീവിക്കാൻ വേണ്ടിമാത്രമുള്ളതാണ്. ആദ്യത്തെ അവകാശവും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.