എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ.

Share News

എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രണ്ട് മുന്നണികളേയും കേരള ജനത കയ്യൊഴിയും. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കും അധികാരത്തിനും വേണ്ടിയുള്ള ഒത്തുകളിയാണ് ഇരുകൂട്ടരും നടത്തുന്നത്. പിണറായിക്ക് താത്പര്യം സ്വര്‍ണത്തോടാണെങ്കില്‍ മുന്‍ മുഖ്യമന്ത്രിക്ക് താത്പര്യം സോളാറിനോടായിരുന്നുവെന്നും നദ്ദ പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും പത്തു വര്‍ഷത്തിനിടയില്‍ നടത്തിയത് വന്‍ അഴിമതികളാണ്. സ്വര്‍ണക്കടത്ത് അഴിമതി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പട്ടത് പിണറായിയാണ്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിയപ്പോള്‍ എതിര്‍ക്കുകയാണ്. സ്പീക്കര്‍ പദവി പോലും ദുരുപയോഗം ചെയ്തു. ഈ കേസില്‍ ഇനിയും പല മുഖങ്ങളും പുറത്തുവരാനുണ്ടെന്നും നദ്ദ പറഞ്ഞു.

സംസ്ഥാന ഭരണം എല്ലാ നിലയിലും പരാജയമാണ്. സ്ത്രീ -ദളിത് പീഡനങ്ങളും പോലീസ് അതിക്രമവും കേരളത്തില്‍ വര്‍ധിക്കുന്നു. കോവിഡിലെ കേരള മാതൃക പരിഹാസ്യമായി. രാജ്യത്തെ പകുതിയോളം രോഗികള്‍ ഇപ്പോള്‍ കേരളത്തിലാണ്. മനുഷ്യന്റെ വേദന മനസിലാക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കേരളത്തോട് എന്‍ഡിഎ സര്‍ക്കാരിന് പ്രത്യേക കരുതലും പരിഗണനയുമുണ്ട്. പുറ്റിങ്ങല്‍ അപകടം ഉണ്ടായപ്പോള്‍ മോദി അപകട സ്ഥലത്തെത്തി. പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു. മരുന്നുകളും എത്തിച്ചു. ശബരിമലയിലെ പുല്‍മേട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും എന്ത് ചെയ്തുവെന്ന് കൂടി പരിശോധിക്കണം.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. നിപയെ നേരിടാന്‍ കേരളത്തിന് 2600 കോടി നല്‍കി. കോവിഡ് കാലത്ത് നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി കേരളത്തിന് വന്‍ സഹായമാണ് കേന്ദ്രം നല്‍കിയത്. കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ 19,000 കോടി രൂപയുടെ പ്രത്യേക സഹായം നല്കി. ബജറ്റ് വിഹിതത്തില്‍ 135 ശതമാനം വര്‍ധനവാണ് കേരളത്തിന് നല്കിയിട്ടുള്ളത്. ഗെയില്‍ പൈപ്പ് ലൈനിന് 3000 കോടി നല്കി. ദേശീയപാത വികസനവും മെട്രോ റെയില്‍ വികസനവും ഉള്‍പ്പെടെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പണം നല്കി. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ മാത്രമല്ല ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണ് കേരള സര്‍ക്കാര്‍. സിഎജിക്കെതിരെ പ്രമേയം പാസാക്കിയതും മറ്റും ഉദാഹരണമാണ്.

ശബരിമല പ്രശ്‌നത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നത് ബിജെപിയാണ്. സമരം നയിച്ചതും പീഡനങ്ങളേറ്റുവാങ്ങിയതും ബിജെപി പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് ഭക്തരെ പറ്റിച്ച് വോട്ടു തട്ടാനുള്ള ശ്രമം മാത്രമാണ്. കേരളത്തിലെ ജനത മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് ബിജെപി പരിപാടികളിലെ വന്‍ ജനപങ്കാളിത്തം. എല്‍ഡിഎഫിനും യുഡിഎഫിനും ഇനി വിശ്രമമനുവദിക്കണം. ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാന്‍ ബിജെപിയെ തെരഞ്ഞെടുക്കണം. നദ്ദ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ്, ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, കേരള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, മുന്‍ അധ്യക്ഷന്മാരായ സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ സ്വാഗതവും ഉല്ലാസ് ബാബു നന്ദിയും പറഞ്ഞു.

Share News