
കറുപ്പ് മുറിവേറ്റവന്റെ നിറമാണ്!!!
ചെറുപ്പകാലത്ത് ഞാൻ വാങ്ങിച്ചു തേച്ച അത്ര ഫെയർ ആൻഡ് ലൗലിയും വിക്കോ ടെർമറിക്കും ജീവിതത്തിൽ ആരും ഉപയോഗിച്ച് കാണില്ല. സ്കൂളിൽ പഠിക്കുമ്പോൾ അമ്മയോട് പോലും ചോദിച്ചിട്ടുണ്ട് അമ്മയ്ക്ക് വെളുത്ത നിറമുള്ള ഒരാളെ കല്യാണം കഴിച്ചു കൂടായിരുന്നോ എന്ന്? കോളേജിലെത്തിയപ്പോൾ ആ അപകർഷതാ ബോധം കൂടി. കാരണം വെളുത്ത സുന്ദരൻമാർക്ക് കോളേജിൽ നല്ല ഡിമാൻഡ് ആണല്ലോ. ആദ്യവർഷംതന്നെ പ്രിഡിഗ്രി റെപ്പായി വെറും 13 വോട്ടിന് തോറ്റു. ഇലക്ഷൻ ചർച്ച നടക്കുമ്പോൾ എന്നേക്കാൾ കുറുത്ത നിറമുള്ള ഒരു പെൺകുട്ടി എഴുന്നേറ്റുനിന്നു പറഞ്ഞു അടുത്ത വർഷം നമുക്ക് വെളുത്ത് സ്മാർട്ട് ആയിട്ടുള്ള ഒരാളെ ഇലക്ഷന് നിർത്തി ജയിപ്പിക്കണം. അന്ന് ഒത്തിരി മനസ്സ് വിഷമിച്ചു. പിന്നീട് കാലങ്ങൾ എടുത്തു കാര്യങ്ങൾ മനസ്സിലാക്കാൻ വെളുപ്പ് അല്ല സൗന്ദര്യം അത് തൊലിയുടെ നിറം മാത്രമാണ്. സ്‌ത്രീ പുരുഷന്‍റെ നിറമല്ല നോക്കുന്നത്, അവന്‍റെ ആന്തരീക ഗുണങ്ങളേയാണ് എന്നൊക്കെ. എനിക്കും ശ്രീകൃഷ്ണനും ഒക്കെ ഒരേ കളറാണ് എന്നതാണ് ഒരു ആശ്വാസം. എല്ലാ പെണ്ണുങ്ങൾക്കും ശ്രീകൃഷണനെ ഇഷ്ടമാണ്, എന്നാൽ സ്വന്തം ഭർത്താവ് ശ്രികൃഷ്ണന്റെ കളർ ആകാനും പാടില്ല.
കാലങ്ങളായി മനുഷ്യനെ പറഞ്ഞു കൊതിപ്പിക്കുന്നു കറുപ്പിന് ഏഴഴകാണ് എന്നൊക്കെ. എന്നിട്ടും എന്തേ കറുക്കാനായി ഒരുക്രീമോ ലേപനമോ വിപണിയില്‍ ഇറക്കാത്തത്? സത്യത്തിൽ സമൂഹത്തിൽ പൊതുവേ കാണപ്പെടുന്ന ചില കാര്യങ്ങൾ പറയാം. ആണിന്റെ കറുപ്പിന് ഭംഗി കാണുന്നവർക്ക് പോലും പെണ്ണിന്റെ കറുപ്പിനെ അംഗീകരിക്കാൻ കഴിയുന്നില്ല. വെളുത്ത കുട്ടികളാണ് മിക്ക ദമ്പതികളുടെയും സ്വപ്നം. ഗർഭകാലത്ത് കുങ്കുമപ്പൂ കഴിക്കുന്നതും പോലും ഭാവിയിലെങ്കിലും തങ്ങളുടെ തലമുറ വെളുത്തനിറത്തിൽ അനുഗ്രഹിക്കപ്പെടും എന്ന് ആശ കൊണ്ടല്ലേ? അച്ഛനും അമ്മയും വെളുത്തവരായിട്ടും താൻ മാത്രമെന്തേ ഇരുണ്ടു പോയി എന്ന് സങ്കടപ്പെടുന്ന സംശയം ചോദിക്കുന്ന എത്രയോ കുട്ടികളുണ്ട്?
സത്യത്തിൽ നമ്മുടെ നാട്ടിലെ ഓരോ പ്രൊഡക്റ്റുകളുടെ പരസ്യങ്ങൾ ഒക്കെ എത്രയോ കപടമാണ്. കോംപ്ലാൻ കഴിച്ചു ബുദ്ധിയും നീളവും കൂടിയ എത്ര കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ട്?സന്തൂർ സോപ്പ് തേച്ച് പ്രായംകുറഞ്ഞ എത്ര മമ്മിമാരെ നിങ്ങൾ കണ്ടിട്ടുണ്ട്?കോൾഗേറ്റ് ഉപയോഗിച്ച് പല്ല് വെളുത്ത രോഗം കുറഞ്ഞ എത്ര പേരെ നിങ്ങൾ കണ്ടിട്ടുണ്ട്?സൈക്കിൾ അഗർബത്തി കത്തിച്ചു പ്രാർത്ഥിച്ചിട്ടു ആഗ്രഹം സാധിച്ച എത്ര വിശ്വാസികളുണ്ട്?കൊക്കോ നാട് വെളിച്ചെണ്ണ ഉപയോഗിച്ച് കൊള സ്‌ട്രോൾ കുറച്ചവർ എത്ര?ഇന്ദുലേഖ തേച്ചിട്ടു മുടി വളർന്ന എത്ര സുന്ദരിമാരുണ്ട്?ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. കറുപ്പ് മുറിവേറ്റവന്റെ നിറമാണ്!!! ശുഭദിനം
Vinod Panicker