
പഞ്ചാബിൽ നിന്ന് ഇന്ദിരാഗാന്ധി കണ്ടെടുത്ത് രാജീവ് ഗാന്ധി വളർത്തിയ മുൻകേന്ദ്രമന്ത്രി ബൂട്ടാസിംഗ് ഓർമ്മയായി.
പഞ്ചാബിൽ നിന്ന് ഇന്ദിരാഗാന്ധി കണ്ടെടുത്ത് രാജീവ് ഗാന്ധി വളർത്തിയ മുൻകേന്ദ്രമന്ത്രി ബൂട്ടാസിംഗ് ഓർമ്മയായി.
ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ മൂന്നാം ലോക് സഭയിൽ അംഗമായ ബൂട്ടാ സിംഗ് 13-ാം ലോക് സഭ വരെ അംഗമായിരുന്നു.1984 ൽ ഞാൻ ലോക് സഭയിൽ എത്തുമ്പോൾ ബൂട്ടാസിംഗ് ഏറ്റവും കരുത്തുറ്റ ദേശീയ നേതാവും മന്ത്രിയുമായിരുന്നു.
ബൂട്ടാസിംഗിന് ലീഡർ കെ.കരുണാകരനുമായുള്ള ബന്ധമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ, ലീഡറുടെ നിർദ്ദേശപ്രകാരം ദുരിതാശ്വാസ ധനസഹായത്തിനായി അന്ന്, കൃഷി മന്ത്രിയായിരുന്ന ബൂട്ടാസിംഗിനെ സമീപിച്ചത് ഞാനായിരുന്നു. അദ്ദേഹം നേരിട്ടെത്തി സ്ഥലം സന്ദർശിച്ച് ചർച്ച നടത്തി നൂറു കോടിയിലേറെ രൂപ സഹായം നൽകി.
1985 കാലഘട്ടത്തിൽ ഇത് എത്രയോ വലിയ തുകയാണ്. കരുണാകരനുമായുള്ള അടുപ്പമാണ് അതിന് സഹായകമായത്. 1984ൽ ഇന്ദിരഗാന്ധിയുടെ മരണശേഷം സിക്ക് വിരുദ്ധ കലാപങ്ങളും പ്രശ്നങ്ങളും ഉണ്ടായപ്പോൾ സിക്ക് ജനതയെ ദേശീയ ധാരയോട് അടുപ്പിച്ച് നിർത്താൻ ഏറ്റവും കൂടുതൽ യത്നിച്ചത് ബൂട്ടാസിംഗ് ആയിരുന്നു.ആഭ്യന്തരം, കൃഷി, റെയിൽവെ, വാണിജ്യം, ഷിപ്പിംഗ്, കമ്മ്യൂണിക്കേഷൻ, സ്പോർട്സ്, പാർലമെന്ററി കാര്യം തുടങ്ങി ഒട്ടുമിക്ക വകുപ്പുകളും അദ്ദേഹം കേന്ദ്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാ രംഗത്തും ബൂട്ടാസിംഗിന്റെ വലിയ സംഭാവന ഉണ്ടായിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനായിരുന്നു. പിന്നീട് ബീഹാർ ഗവർണ്ണറായി.പ്രവർത്തിച്ച മേഖലകളിൽ കഴിവും, ആത്മാർത്ഥതയും തെളിയിച്ച നേതാവായിട്ടാണ് ബൂട്ടാസിംഗിനെ രാജ്യം വിലയിരുത്തുക. പിന്നാക്കക്കാരനല്ലെങ്കിലും തന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് അത് തടസ്സമായില്ല.
ഇത്തരത്തിലുള്ള നേതാക്കളെ വളർത്തിയെടുത്തതാണ് കോൺഗ്രസ്സ് പൈതൃകം.
ദീർഘകാലമായി അടുത്ത ബന്ധമുള്ള ബൂട്ടാസിംഗിന് അന്ത്യപ്രണാമം.

മുൻ മന്ത്രി കെ വി തോമസ്