ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ .

Share News

ഫാ.സ്റ്റാൻ സ്വാമി ഐക്യദാർഡ്യ സമ്മേളനം

കൊച്ചി:വന്ദ്യ വയോധികനായ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയെ ജയിലിൽ നിന്നും ഉടൻ വിട്ടയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു സ്റ്റാൻഡ് വിത്ത് സ്റ്റാൻ സ്വാമി എന്ന ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു.


കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഝാർഖണ്ഡിലെ ആദിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം സമർപ്പിച്ച ഫാദർ സ്റ്റാൻ സ്വാമിയ്ക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. “സ്റ്റാൻഡ് വിത്ത് സ്റ്റാൻ” ഐക്യദാർഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടത് ‘സത്യമേവ ജയതേ’ എന്ന മുദ്രാവാക്യത്തിൻ്റെ അടിത്തറയിലാണ്. സത്യം ജയിക്കുന്നതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു.


ഒരധർമ്മവും ന്യായീകരിക്കപ്പെടരുതെന്ന ഭാരതത്തിന്റെ പാരമ്പര്യവും പശ്ചാത്തലവും മറന്നു കൊണ്ടാണ് ഫാ.സ്റ്റാൻ സ്വാമിയെ തടങ്കലിലാക്കിയിട്ടുള്ളതെന്ന് എഴുത്തുകാരനും നോവലിസ്റ്റുമായ സി.രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ മനസാക്ഷി സംശയരഹിതമായി ഫാ.സ്റ്റാൻ സ്വാമിയോടൊപ്പമുണ്ട്. അദ്ദേഹം ആർക്ക് എന്ത് ദ്രോഹം ചെയ്തെന്ന് വെളിപ്പെടുത്തുവാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യഭ്യാസ, ആരോഗ്യ മേഖലകളിൽ പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഈശോസഭാംഗങ്ങൾ ആദിവാസി ഗ്രാമങ്ങളിൽ ചെയ്തു വരുന്ന സാമൂഹിക ഇടപെടലുകളുടെ തുടർച്ചയാണ് ഫാ. സ്റ്റാൻ സ്വാമി ചെയ്തു വരുന്നതെന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുതല ചൂണ്ടിക്കാട്ടി, രാജ്യദ്രോഹ കുറ്റങ്ങളല്ല അത് ജനക്ഷേമത്തിനുള്ള പ്രവർത്തനങ്ങളായിരുന്നു.

അഗോള ഈശോ സഭയുടെ പ്രതിനിധി ഫാ. എം.കെ. ജോർജ്, കെ സി ബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കേരള ജസ്യൂട്ട് പ്രൊവിൻഷ്യാൾ ഫാ. ഇ.പി. മാത്യു , മുൻ കേന്ദ്രമന്ത്രിമാരായ പ്രൊഫ. കെ വി. തോമസ്, പി.സി.തോമസ്, മുൻ എംപി തമ്പാൻ തോമസ്, ഷാജി ജോർജ്, ജോസഫ് ജൂഡ് ,പി.കെ. ജോസഫ്, അഡ്വ. ബിജു പറയനിലം, അഡ്വ. ഷെറി ജെ. തോമസ്, ജെയിൻ ആൻസിൽ, കെ.എം. മാത്യു, ജോയി ഗോതുരുത്ത്, ക്രിസ്റ്റി ചക്കാലക്കൽ, ഫാ. പ്രിൻസ് ക്ലാരൻസ്, സാബു ജോസ്, ഫാ. ബിനോയ് പിച്ചളക്കാട്ട് എന്നിവർ പ്രസംഗിച്ചു.

ജാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തകനായ സ്റ്റാൻ സ്വാമിയെന്ന ഈശോസഭാ വൈദീകനെ അന്യായമായി തടങ്കലിലാക്കിയ ഭരണസംവിധാനങ്ങളുടെ നടപടികളിൽ പ്രതിഷേധിച്ച് നടത്തിയ ഐക്യദാർഢ്യ സമ്മേളനം

Share News