സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങൾ പുനഃപരിശോധിക്കാനും ചട്ടപ്രകാരമല്ലെങ്കിൽ അവ റദ്ദാക്കാനും ചാൻസലർ പ്രതിജ്ഞാബദ്ധനാണ്: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share News

കൊച്ചി: കാലടി കണ്ണൂർ സർവകലാശാലകളിൽ യു ജി സി ചട്ടപ്രകാരമല്ല വി സിമാരെ നിയമിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. നിയമവും ചട്ടവും പാലിക്കാതെ സർവകലാശാലകളിലെ നിയമനങ്ങൾ തന്നിഷ്ടപ്രകാരം നടത്തി സർവകലാശാലകളുടെ അന്തസ്സ് കെടുത്തുന്ന നടപടിയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാട്ടി.

സർവകലാശാലകളുടെ പ്രവർത്തനം യു ജി സി നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ചായിരിക്കണം എന്ന സുപ്രീം കോടതി വിധി സർവകലാശാല വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടരുന്ന നിയമ ലംഘനത്തിന് ഏറ്റ കനത്ത അടിയാണ്. കൊച്ചി സർവകലാശാല വിധി നടപ്പാക്കുന്നതോടൊപ്പം കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങൾ പുനഃപരിശോധിക്കാനും ചട്ടപ്രകാരമല്ലെങ്കിൽ അവ റദ്ദാക്കാനും ചാൻസലർ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഡോ. കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങൾ പുനഃപരിശോധിക്കാനും ചട്ടപ്രകാരമല്ലെങ്കിൽ അവ റദ്ദാക്കാനും ചാൻസലർ പ്രതിജ്ഞാബദ്ധനാണ്

സർവകലാശാലകളുടെ പ്രവർത്തനം യു ജി സി നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ചായിരിക്കണം എന്ന് സുപ്രീം കോടതി വിധിച്ചു. സർവകലാശാല വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടരുന്ന നിയമ ലംഘനത്തിന് ഏറ്റ കനത്ത അടിയാണിത്. നിയമവും ചട്ടവും പാലിക്കാതെ സർവകലാശാലകളിലെ നിയമനങ്ങൾ തന്നിഷ്ടപ്രകാരം നടത്തി സർവകലാശാലകളുടെ അന്തസ്സ് കെടുത്തുന്ന നടപടിയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. കേരള സർവകലാശാലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തോന്ന്യാസങ്ങൾ തന്നെ ഏറ്റവും പുതിയ ഉദാഹരണം. സർവകലാശാലയിൽ ചട്ടപ്രകാരം വി സി യെ നിയമിക്കാൻ സർക്കാർ തന്നെ തടസം നില്കുന്നു. അതിനെ ചെറുക്കുന്ന ചാൻസലറെ പുലഭ്യം പറഞ്ഞു ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു. എന്തായാലും, ഈ വിധിയോടെ അത് തുടർന്നു നടത്താൻ കഴിയാതായിരിക്കുന്നു.

യു ജി സി ചട്ടം പാലിക്കാതെ ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറെ നിയമിച്ച നടപടി റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രധാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. യു ജി സി ചട്ടം അനുസരിച്ചു വൈസ്‌ചാൻസലറെ കണ്ടെത്താനുള്ള അന്വേഷണ സമതി മൂന്ന് പേരടങ്ങുന്ന ഒരു പട്ടിക ചാൻസലർക്ക് സമർപ്പിക്കണം എന്നാണ് വ്യവസ്ഥ. അതിൽനിന്നും ഒരാളെ ചാൻസലർ തന്റെ വിവേചനാധികാരം ഉപയോഗിച്ചു തെരഞ്ഞെടുത്തു നിയമിച്ചുകൊണ്ട് വിജ്ഞാപനം പ്രസദ്ധീകരിക്കും. എന്നാൽ, ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വി സി നിയമനത്തിൽ ഈ ചട്ടം സംസ്ഥാന സർക്കാർ പാലിച്ചില്ല. യു ജി സി നിയമവും ചട്ടവും നടപ്പിലാക്കുന്നതിനു മുൻപുള്ള സർവകലാശാല നിയമവും ചട്ടവും അനുസരിച്ചു സർക്കാർ വി സി നിയമനം നടത്തുകയാണ് ഉണ്ടായത്. അത് പ്രകാരം അന്വേഷണ സമിതിക്ക് പരമാവധി മൂന്ന് പേരടങ്ങുന്ന പട്ടികയോ ഒരാളുടെ മാത്രം പേരോ നിർദ്ദേശിക്കാവുന്നതാണ്. ഒന്നിലേറെ പേരുള്ളവരുടെ പട്ടികയാണെങ്കിൽ അതിൽനിന്നും ഒരാളെ വിവേചനാധികാരം ഉപയോഗിച്ച് ചാൻസലർക്ക് നിയമിക്കാവുന്നതാണ്. സമതി ഒരു പേര് മാത്രമാണ് നിദ്ദേശിക്കുന്നതു എങ്കിൽ ആ വ്യക്തിയെ വി സി യായി നിയമിക്കാൻ ചാൻസലർ ബാധ്യസ്ഥനുമാണ്. ഈ ചട്ടം അനുസരിച്ചാണ് ഡോ. എം എസ് രാജശ്രീയെ ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വി സി യായി നിയമിച്ചത്.

ഈ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2013ലെ യു ജി സി നിയമം നടപ്പിലാക്കിയതിന് ശേഷവും പഴയ സർവകലാശാല നിയമം വി സി നിയമനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ‘നിലനിൽക്കും’ എന്നായിരുന്നു സർക്കാർ നിലപാട്. കേരള ഹൈക്കോടതി ഈ നിലപാട് ശരിവെച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഇതിനോട് യോജിച്ചില്ല. യു ജി സി നിയമവും ചട്ടവും നടപ്പിലാക്കിയതോടെ മറ്റു നിയമങ്ങൾ അസാധുവായി എന്നും അതുകൊണ്ട് യു ജി സി നിയമപ്രകാരം നടത്തുന്ന നിയമനമേ സാധുവാകൂ എന്നും സുപ്രീം കോടതി വിധിച്ചു. യു ജി സി കേന്ദ്ര നിയമമാണ്. കേന്ദ്രനിയമം നടപ്പിലാകുന്നതോടെ സംസ്ഥാന നിയമങ്ങൾ അസാധുവാകും. ഇതാണ് നമ്മുടെ നിയമ വ്യവസ്ഥ നിഷ്കർഷിക്കുന്നത്. ഈ വ്യവസ്ഥ പക്ഷെ കേരള സർക്കാരിന് അസ്വീകാര്യമായിരുന്നു. ഇഷ്ടക്കാരെ തന്നിഷ്ടം പോലെ നിയമിക്കാൻ യു ജി സി ചട്ടം തടസമാണ് എന്നത് കൊണ്ടാണ് എല്ലാ ചട്ടങ്ങളെയും മാറി കടക്കാൻ സർക്കാർ തീരുമാനിച്ചത്.

മറ്റു രണ്ടു സർവകലാശാലകളിൽ കൂടി ഈ വിധി സ്വാഭാവികമായും ബാധകമാകും. കാലടി സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും യു ജി സി ചട്ടപ്രകാരമല്ല വി സിമാരെ നിയമിച്ചിരിക്കുന്നത്. കൊച്ചി സർവകലാശാല വിധി നടപ്പാക്കുന്നതോടൊപ്പം കാലടി, കണ്ണൂർ സർവകലാശാലകളിലും ഈ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ചാൻസലർ ബാദ്ധ്യസ്ഥനാകും. സർവ്വകലാശാലകൾ നിയമവും ചാട്ടവും അനുശാസിക്കുന്ന വിധമാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പു വരുത്തുക എന്നത് ചാൻസലറുടെ പ്രാഥമികമായ കടമയാണ്. അതുകൊണ്ടു ഈ രണ്ടു സർവകലാശാലകളിലെ വി സി നിയമനങ്ങൾ പുനഃപരിശോധിക്കാനും ചട്ടപ്രകാരമല്ലെങ്കിൽ അവ റദ്ദാക്കാനും ചാൻസലർ പ്രതിജ്ഞാബദ്ധനാണ്. കണ്ണൂർ സർവകലാശാലയിലെ വി സി നിയമനം ഹൈക്കോടതിയുടെ പരിഗണനയിലായതുകൊണ്ടു കോടതി വിധിക്കായി കാത്തിരിക്കേണ്ടിവരും.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News