
ചതയദിനം പ്രത്യേകമായി ആരുടെയും ദിനമല്ല അതുപോലെ ഗുരുവും ഒരു സമുദായത്തിന്റെയോ നാടിന്റെയോ മാത്രമല്ല.
ശ്രീനാരായണഗുരു തത്വചിന്തകൻ കൂടിയാണ്. അദ്ദേഹത്തെ ആ അർത്ഥത്തിൽ മനസിലാക്കാൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് ചർച്ചാ വിഷയമാണ്. കരുണയും ദയയയും അഹിംസയും സാഹോദര്യവും സമത്വവുമെല്ലാം ഗുരുവിന്റെ എഴുത്തുകളിലും പ്രവർത്തികളിലും കാണാം. വീണ് കിടക്കുന്ന പൂവിനോടും താഴ്ന്ന ജാതിയിൽപ്പെട്ട മനുഷ്യന് ദാഹജലം നൽകുന്ന സഹജീവിയിലും ‘അറിവിനെ’ ‘ജ്ഞാനത്തെ’ ദൈവമായി തിരിച്ചറിയാൻ അദ്ദേഹം തന്റെ ശിഷ്യരെ പ്രാപ്തരാക്കി.
കണ്ണാടി പ്രതിഷ്ഠയും അരുവിക്കര പ്രതിഷ്ഠയും പരോക്ഷമായി നൽകുന്ന സന്ദേശവും ഈ “ലോക ഐക്യത്തിലേക്കുള്ള” താക്കോൽ കൂടിയാണ്. പാശ്ചാത്യർ ഗുരുവിനെ ആ തരത്തിൽ കൂടി മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്.
മലയാളിക്കും അതിന് കഴിയണം.നമുക്ക് ജാതിയില്ലെന്നും, പീഡ വരുത്തരുത് ഉറമ്പിന് പോലുമെന്നും പറയുന്ന ഗുരുവിൽ നാം ക്രാന്ത ദർശിയായ ഒരു സമൂഹ സൃഷ്ടാവിന്റെ പുരോഗമന ചിന്തയുടെ ഒഴുക്ക് കൂടി കാണാൻ ശ്രമിക്കണം.
ചതയദിനം പ്രത്യേകമായി ആരുടെയും ദിനമല്ല അതുപോലെ ഗുരുവും ഒരു സമുദായത്തിന്റെയോ നാടിന്റെയോ മാത്രമല്ല.
വികസിത മനുഷ്യ സമൂഹത്തെയും, വിശ്വമാനവികതയെയും, സർവലോക ഐക്യത്തെയും സ്നേഹത്തെയും ഉൾക്കൊള്ളുന്ന, ഉൾകൊള്ളാൻ ശ്രമിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ദാര്ശനികനാണ് ഗുരു. അതുകൊണ്ട് തന്നെ ചതയദിനത്തിന് ഈ സമൂഹത്തോട് ഏറെ സംവാദിക്കാനുമുണ്ട്.സോദരത്വേന ഈ ദിനം കൊണ്ടാടുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

സിറിയക് ചാഴിക്കാടാൻ.