പരിമിതികൾക്കപ്പുറം നൂറുമേനി വിളവുമായി ചാവറ സ്പെഷ്യൽ സ്കൂൾ

Share News

കൂനമ്മാവ് : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വി ഗാർഡ്  ഫൗണ്ടേഷന്റെ  സഹകരണത്തോടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി  നടപ്പിലാക്കുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.  എറണാകുളം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ടി. ദിലീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനകാലം മുതൽ കൃഷിപ്രവർത്തനങ്ങളോട് ആഭിമുഖ്യം വളർത്താൻ സ്‌കൂൾ തലത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  വിദ്യാർഥികളുടെയും,അധ്യാപകരുടെയും, മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ്  കപ്പ, ചേന, മുളക്, മഞ്ഞൾ,വാഴ, ചേമ്പ് എന്നിവ നാടൻ രീതിയിൽ കൃഷി ചെയ്ത് നല്ല നിലയിൽ വിളവെടുക്കാൻ സാധിച്ചതെന്ന് സ്‌പെഷ്യൽ സ്‌കൂൾ  പ്രിൻസിപ്പൽ സിസ്റ്റർ  ജിത  തോമസ് അറിയിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ,വി  ഗാർഡ് സി. എസ്. ആർ ഓഫീസർ  കെ. സനീഷ്, അഡ്മിനിസ്ട്രേറ്റർ ജോസഫ്, ചാവറ സ്പെഷ്യൽ സ്കൂൾ  മാനേജർ സിസ്റ്റർ  ക്ലയർ ആന്റോ സി. എം. സി , ഫാ. ജോബി  കോഴിക്കോട്ട്  സി. എം. ഐ     പി. ടി. എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കൂനമ്മാവ് ചാവറ സ്‌പെഷ്യൽ സ്‌കൂളിൽ നവദർശൻ പദ്ധതിയുടെ ഭാഗമായി നടത്തിയ വിളവെടുപ്പ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി. ദിലീപ്‌  ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, സിസ്റ്റർ ജിത തോമസ്, വി  ഗാർഡ് അഡ്മിനിസ്ട്രേറ്റർ ജോസഫ് തുടങ്ങിയവർ സമീപം.

Share News