മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം ആദ്യ സംരഭങ്ങൾക്കുള്ള വായ്പാ അനുമതിപത്ര വിതരണം ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 28, 2020) നിർവ്വഹിക്കും.

Share News

100 സംരംഭങ്ങൾക്കുള്ള വായ്പയാണ് 100 ദിന പരിപാടിയില്‍ അനുവദിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും കെ.ഫ്.സി മുഖാന്തരം 250 സംരംഭങ്ങൾക്കുള്ള വായ്പകൾ തന്നെ ഈ ഘട്ടത്തിൽ വിതരണം ചെയ്യാൻ പോവുകയാണ് സർക്കാർ. അതിനു പുറമേ, കെ.എഫ്.സിയുടെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവർക്കു നൽകുന്ന പ്രത്യേക വായ്പകളും ഈ പരിപാടിയിയില്‍ വിതരണം ചെയ്യുന്നതായിരിക്കും.

കോവിഡിൻ്റെ പശ്ചാത്തലത്തില്‍ പല മേഖലകളിൽ ജോലി നഷ്ടമായവർക്കും, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവർക്കും വേണ്ടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യകതയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ വായ്പാ നയം ആവിഷ്കരിച്ചു കൊണ്ട് ചെറുകിട സംരംഭങ്ങൾക്കു പുറമേ, സൂക്ഷ്മ തൊഴില്‍ സംരംഭങ്ങൾക്കും അതിവേഗം വായ്പകൾ ലഭ്യമാക്കാൻ കെ.എഫ്.സിയെ അധികാരപ്പെടുത്തി. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളുമായി ചേർന്ന് ഒരു ലക്ഷം രൂപ വരെ സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകാന്‍ തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്നവർക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും, ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നു. പ്രോജക്ട് കോസ്റ്റിൻ്റെ 90% വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നൽകുക.10% പലിശ നിരക്കിലായിരിക്കും കെ.എഫ്.സി വായ്പ അനുവദിക്കുക. 3% പലിശ സർക്കാർ വഹിക്കും. ഫലത്തില്‍ 7% ആയിരിക്കും പലിശ. മാത്രമല്ല, ഒരുലക്ഷം വരെയുള്ള വായ്പകള്‍ക്ക് പ്രോസസ്സിംഗ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. വേഗതയിലൂടെയുള്ള നടപടികളിലൂടെ, സംരംഭകരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുകയും, വീഡിയോ കോൺഫറൻസിംഗിലൂടെ സംരംഭകർക്ക് വീടുകളിൽ നിന്നുതന്നെ കെ.എഫ്.സി.യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. വളരെ ഉദാരമായ ജാമ്യവ്യവസ്ഥകളുമായി സ്റ്റാർട്ട്അപ്പുകളെയും മറ്റു നൂതന ആശയങ്ങളെയും ഈ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട- സൂക്ഷ്മ സംരഭങ്ങൾ സംസ്ഥാനത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഏറ്റവും പ്രയോജനപ്രദമായ മേഖലയാണ്. അതിൻ്റെ വളർച്ചക്കായി നിരവധി ഇടപെടലുകൾ സർക്കാർ ഇതുവരെ നടത്തിയിട്ടുണ്ട്. കോവിസ് പ്രതിസന്ധി മറികടക്കാൻ ആ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുക എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ടു പോവുന്നത്.

Pinarayi Vijayan

Share News