തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം – സംവിധാനങ്ങൾ പുനസ്ഥാപിക്കപ്പെടുന്നു .

Share News

.

സുരക്ഷിതമായി പൊതു നിരത്തുകളിൽ പെരുമാറുക എന്നത് മനുഷ്യൻറെ പൗരാവകാശമാണ്. പലപ്പോഴും തെരുവ് നായ ശല്യം മൂലം അത്തരത്തിൽ സ്വതന്ത്രമായി നടക്കാനാകാത്ത സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. എന്നുകരുതി തെരുവ് നായ്ക്കളെ അങ്ങനെയങ്ങ് കൊന്നുകളയാനും പറ്റില്ല. കാരണം മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. മനുഷ്യൻറെ അവകാശങ്ങൾ ആണോ മൃഗത്തിൻറെ അവകാശങ്ങൾ ആണോ മുന്നിൽ നിൽക്കേണ്ടത് എന്നത് സംബന്ധിച്ച് ചർച്ചകളും നിയമ വ്യാഖ്യാനങ്ങളും തുടരുകയാണ്. സുരക്ഷിതമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള മനുഷ്യവകാശങ്ങളെ പറ്റി ഈയടുത്തും സുപ്രീം കോടതി ഈ വിഷയത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതാണ്.

അതേ സമയം തെരുവ് നായയുടെ കടി ഏറ്റു കഴിഞ്ഞാൽ പിന്നീട് അതിന് നഷ്ടപരിഹാരം നൽകുക എന്നതുകൂടി ഭരണകൂട സംവിധാനങ്ങളുടെ ബാധ്യതയാണ് എന്നതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഒരു കമ്മീഷൻ (ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ ) നിയോഗിക്കപ്പെട്ടുവെങ്കിലും പിന്നീട് അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന് മൃഗങ്ങൾക്കുള്ള നിയമപരമായ മറ്റ് അവകാശങ്ങളേക്കാൾ മുൻതൂക്കം ലഭിക്കപ്പെടേണ്ടതാണ് എന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ തെരുവ് നായകടിയേറ്റാൽ നഷ്ടപരിഹാരം നൽകിയിരുന്ന സിരിജഗൻ കമ്മിറ്റി മറ്റൊരു തരത്തിൽ പുനസ്ഥാപിക്കാനുള്ള നടപടികളുമായി കേരള ഹൈക്കോടതിയും മുന്നോട്ട് പോവുകയാണ്. തെരുവനായ കടിച്ചാൽ ഉള്ള നഷ്ടപരിഹാരം സംബന്ധിച്ച് പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾക്ക് വളരെയധികം ആളുകൾക്ക് ഗുണപ്രദമാകും.

എന്താണ് പുതിയ നിർദ്ദേശങ്ങൾ

2025 ജൂലൈ ജൂലൈ മാസം കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പുറത്തിറക്കിയ ഇടക്കാല ഉത്തരവിലൂടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ നിരവധി ആളുകൾക്ക് ആശ്വാസം ലഭിക്കും. തെരുവനായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് എബിസി ചട്ടങ്ങൾ പാലിക്കാൻ നിലവിലുള്ള കോടതിവിധിയും നിയമങ്ങളും നടപ്പിൽ വരുത്താൻ സർക്കാരിനും എല്ലാ തദ്ദേശ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകി.

തെരുവ് നായ്ക്കളുടെ ഏകദേശം സംഖ്യയും, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ടായ നായകടിയേറ്റ സംഭവങ്ങളുടെ എണ്ണവും, പരിക്കുപറ്റിയവരുടെയും മരണമടഞ്ഞവരുടെയും എണ്ണവും ഉൾപ്പെടെ അറിയിക്കണം.

മൃഗങ്ങളെ അലക്ഷ്യമായി കൈകാര്യം ചെയ്തത് സംബന്ധിച്ചതും മൃഗങ്ങളെ ഉപദ്രവിച്ചതുമായ എത്ര കേസുകൾ കഴിഞ്ഞ ഒരു വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Dog

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ നൽകിയിരുന്ന, നിലവിൽ തീർപ്പാകാതെ തുടരുന്ന നഷ്ടപരിഹാര അപേക്ഷകൾ അതത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ ശേഖരിക്കണം. എല്ലാ ജില്ലകളിലും സർക്കാരുമായി ആലോചിച്ച് ഒരു മാസത്തിനകം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സമിതികൾ ഉണ്ടാക്കുകയും ലഭിക്കുന്ന അപേക്ഷകൾ വീണ്ടും നമ്പർ ചെയ്തു പരാതിക്കാർക്കും തദ്ദേശ ഭരണകൂടങ്ങൾക്കും നോട്ടീസ് നൽകി നിയമപ്രകാരം എത്രയും വേഗം തീർപ്പാക്കുകയും വേണം. അത്തരത്തിൽ പരാതികൾ പരിഗണിക്കുമ്പോൾ ജസ്റ്റിസ് സിരിജൻ കമ്മിറ്റി പാലിച്ചു പോന്നിരുന്ന നടപടിക്രമങ്ങൾ സ്വീകരിക്കണം.

എവിടെ പരാതി നൽകണം

തെരുവ് നായയുടെ കടിയേറ്റവർക്ക് നേരിട്ടും ഓൺലൈൻ ആയും ജില്ലാതലത്തിലോ താലൂക്ക് തലത്തിലോ ഉള്ള ലീഗൽ സർവീസ് അതോറിറ്റികൾ മുമ്പാകെ പരാതി നൽകാം. താലൂക്ക് തലത്തിൽ നൽകിയിട്ടുള്ള പരാതികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്ക് കൈമാറണം. ലീഗൽ സർവീസസ് അതോറിറ്റിയിലെ നോഡൽ ഉദ്യോഗസ്ഥർ പരാതികൾ തയ്യാറാക്കാൻ ആവശ്യമെങ്കിൽ പരാതിക്കാരെ സഹായിക്കണം. തെരുവുനായ കടിച്ചാൽ ഉണ്ടാകുന്ന നഷ്ടപരിഹാരം സംബന്ധിച്ച പരാതികളിൽ സ്ഥിരമായി സിറ്റിങ്ങുകൾ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആവശ്യമായ രജിസ്റ്ററുകളും രേഖകളും കരുതണം.

ചുരുക്കത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതോടുകൂടി നായകടിയേറ്റവർക്ക് പരാതി കൊടുക്കാൻ സംവിധാനങ്ങൾ ഇല്ലാതിരുന്നത് വീണ്ടും പുനസ്ഥാപിക്കപ്പെടാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി. ഇപ്പോൾ ഇടക്കാല ഉത്തരവിന്റെ രൂപത്തിലാണ് ഈ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിന്റെ വിധി കൂടി പരിഗണിച്ച് നായ കടിച്ചാൽ പരിഹാരം ലഭിക്കുന്നതിന് സ്ഥിരമായ ഒരു സംവിധാനമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ പ്രവർത്തിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകും.

Share News