രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തൻ: ചെന്നിത്തല
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തില്‍ പൂര്‍ണമായും തൃപ്തനാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു സ്ഥാനവും ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണവും ചില ആശങ്കകളും രാഹുലിനോട് പങ്കുവച്ചു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പൂർണ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനും ഉമ്മന്‍ചാണ്ടിയും എന്നും ഹൈക്കമാന്റിനൊപ്പം നിന്നവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാജിയും എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കും. നാളെയും അങ്ങനെയായിരിക്കും. പുതിയ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും രമേശ് പറഞ്ഞു.