
ലാബുകള്‍ കൈമാറരുതെന്ന കോടതി വിധി റബര്‍ ബോര്‍ഡിനുള്ള താക്കീത്: ഇന്‍ഫാം
കൊച്ചി: റബര്‍പാലിന്റെ ഗുണമേന്മ അഥവാ ഡിആര്‍സി പരിശോധിക്കുന്ന ലാബുകള്‍ റബര്‍ ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്ന് റബര്‍ കമ്പനികള്‍ക്ക് കൈമാറിയ നടപടി റദ്ദ് ചെയ്തുകൊണ്ടുള്ള കോടതിവിധി ഇന്‍ഫാം നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അട്ടിമറിച്ചുകൊണ്ടുള്ള ബോര്‍ഡിന്റെ കര്‍ഷകദ്രോഹനടപടികള്‍ക്കുള്ള താക്കീതാണിത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് രക്ഷാകവചമൊരുക്കേണ്ട റബര്‍ബോര്‍ഡിന്റെ കര്‍ഷകദ്രോഹത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് കോടതിവിധിയിലൂടെ ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് റബര്‍പാല്‍ വാങ്ങിക്കുന്ന കമ്പനികള്‍തന്നെ പാലിലെ കൊഴുപ്പ് കണ്ടെത്തുന്ന ഡിആര്‍സി നിര്‍ണ്ണയിക്കുമ്പോള്‍ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും. ഓഗസ്റ്റ് 14ന് കമ്പനികള്‍ക്ക് കൈമാറിയ ഡിആര്‍സി സെന്ററുകളിലെയും സ്വതന്ത്ര ഏജന്‍സികളിലെയും പരിശോധനാഫലങ്ങള്‍ തമ്മിലുള്ള വലിയ അന്തരം തെളിവായി പുറത്തുവന്നിട്ടുണ്ട്. ഇത് കര്‍ഷകചൂഷണത്തിനും വിലത്തകര്‍ച്ചയ്ക്കും ഇടയാകും.
ലാബ് കൈമാറ്റം സംബന്ധിച്ച് റബര്‍ബോര്‍ഡിന് നയപരമായ തീരുമാനമില്ല. റബര്‍ ചട്ടം 1955ന്റെ 27-ാം ചട്ടത്തിന്റെ ലംഘനമാണ് ബോര്‍ഡ് ഉന്നതര്‍ നടത്തിയിരിക്കുന്നതെന്നുള്ള കോടതിയുടെ പരാമര്‍ശം ഗൗരവമേറിയതാണ്. റബര്‍ബോര്‍ഡ് നയമില്ലാതെ ബോര്‍ഡ് അധികൃതര്‍ തന്നിഷ്ടപ്രകാരം എടുത്ത തീരുമാനം പിന്‍വലിച്ച് പഴയരീതിയില്‍ ലാബുകള്‍ പുനഃസ്ഥാപിക്കണമെന്ന കോടതിവിധി നടപ്പിലാക്കാന്‍ റബര്‍ബോര്‍ഡ് ഡയറക്ടര്‍മാര്‍ മുന്നോട്ടുവരണം. റബര്‍ ബോര്‍ഡിന്റെ നിരുത്തരവാദത്തിനും ചൂഷണത്തിനും ദ്രോഹനടപടികള്‍ക്കുമെതിരെ നിലനില്‍പ്പിനായി കൃഷിയോടൊപ്പം നിരന്തരം കോടതികയറേണ്ട സാഹചര്യം കര്‍ഷകരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ദുഃഖകരമാണ്.

ഒരു കിലോ റബറിന് 172 രൂപ ഉല്പാദനച്ചെലവെന്ന് വാണിജ്യമന്ത്രാലം ലോകസഭയില്‍ രേഖാമൂലം വിശദീകരിക്കുമ്പോള്‍ 150 രൂപ വിലസ്ഥിരതാപദ്ധതിയും ന്യായമല്ല. റബര്‍ ആക്ട് 1947 ല്‍ വ്യക്തമാക്കപ്പെടുന്ന വിലസ്ഥിരതയും ന്യായവിലയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഫാം കക്ഷിചേര്‍ന്ന കേസ് ഓഗസ്റ്റ് 24ന് കോടതിയില്‍ വാദം കേള്‍ക്കും. കോടതിവിധികള്‍ അട്ടിമറിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് അധികാരങ്ങള്‍ ഉയര്‍ത്തിക്കാട്ടി റബര്‍ ആക്ട് ഭേദഗതി ചെയ്യുവാന്‍ ബോര്‍ഡ് നടപടിയെടുത്തതെന്നും വ്യക്തമാണ്. നയതീരുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ ഡയറക്ടര്‍മാരെയും പ്രതിക്കൂട്ടിലാക്കും. റബര്‍ബോര്‍ഡിന്മേലുള്ള കര്‍ഷകരുടെ വിശ്വാസ്യത നഷ്ടപ്പെടുത്താതെ കോടതിവിധി മാനിച്ച് ഏഴുകേന്ദ്രങ്ങളിലെയും ലാബുകള്‍ റബര്‍ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തനസജ്ജമാക്കി തുടരണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി