
കോവിഡ്:ഡല്‍ഹിയില്‍ അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും.അതിര്‍ത്തി കടന്നെത്തുന്ന അവശ്യ സര്‍വീസുകള്‍ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളൂ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഇ -പാസ് ഇല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. ഒരാഴ്ച കഴിഞ്ഞ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അതിര്‍ത്തികള്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കേജരിവാള്‍ അറിയിച്ചു.
അതേസമയം,കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ ഉള്‍പ്പടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്കി.
ഇളവുകള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് എത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയില്‍ ആയിരം പേര്‍ വീതം രോഗികളായി. വരാന്‍ പോകുന്ന ആറ് ആഴ്ച്ചകള്‍ ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നാണ് ആരോഗ്യവിഗദ്ധരുടെ വിലയിരുത്തൽ