കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക്

Share News

കൊച്ചി : കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം. സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. .മട്ടാഞ്ചേരിയില്‍ അട്ടിമറി വിജയം നേടിയ യുവ നേതാവ് കെ എ അന്‍സിയ കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാകും.

എല്‍ഡിഎഫിന് 34 അംഗങ്ങളാണ് കൊച്ചി കോര്‍പറേഷനിലുള്ളത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതോടെ 36 അംഗങ്ങളാകും. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നേടാനാകും. ഇതിനിടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനമായത്. അഞ്ചാം ഡിവിഷനില്‍ നിന്ന് വിജയിച്ച കെ.എ. അന്‍സിയയാണ് കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാവുക.

അതേസമയം മാനാശ്ശേരിയില്‍ നിന്നും വിജയിച്ച സിപിഎം വിമതന്‍ കെ പി ആന്റണി ആരെയും പിന്തുണയ്ക്കാതെ മാറി നില്‍ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മറ്റൊരു കോണ്‍ഗ്രസ് വിമത മേരി കലിസ്റ്റ പ്രകാശന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎം നേതാവ് എം അനില്‍കുമാര്‍ മേയറാകും. കോര്‍പ്പറേഷനിലേക്ക് മല്‍സരിച്ച ജില്ലാ കമ്മിറ്റി അംഗമാണ്, കൊച്ചിയിലെ ജനകീയ മുഖമായ അനില്‍ കുമാര്‍. ഇന്നുചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം അനില്‍ കുമാറിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കുമെന്നാണ് സൂചന.

Share News