
ഡിസംബർ 19 കർഷക ജ്വാല സമരം : കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ
കോട്ടയം : കർഷക സമരത്തോട് ജനാതിപത്യ വിരുദ്ധമായി പെരുമാറുന്ന കേന്ദ്രസർക്കാരിനെതിരെ 19 ആം തീയതി ശനിയാഴ്ച കേരളമൊട്ടാകെ കർഷക ജ്വാല തെളിയിച്ചു കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സമരം രേഖപ്പെടുത്തും.
1955 ലെ അവശ്യസാധന നിയമത്തിന്റെ സംരക്ഷണയിൽ മാത്രമാണ് നാളിതുവരെ സധാരണക്കാർക്ക് ന്യായമായ വിലയിൽ അവശ്യവസ്തുക്കൾ ലഭിച്ചിരുന്നത്. എന്നാൽ 2020 ലെ അവശ്യസാധന നിയമഭേദഗതിയിലൂടെ കുത്തക സംഭരണവും പൂഴ്ത്തിവയ്പ്പും നിയമാനുസരണമാക്കി കോർപറേറ്റുകൾക്ക് വൻ കൊള്ള നടത്തുവാൻ അവസരമൊരുക്കിയിരിക്കുന്നത് തിരുത്തുവാൻ തയ്യാറാകണം. കർഷകന്റെ ഭൂമികളെല്ലാം വൻകിട കമ്പനികൾക്ക് കൈക്കലാക്കുവാൻ ഉണ്ടാക്കിയിരിക്കുന്ന കരാർ കൃഷി നിയമം റദ്ദാക്കിയില്ലെങ്കിൽ കർഷകർ വഴിയാധാരമാകും.
കർഷക സംഘങ്ങളെ ഇല്ലായ്മ പ്പെടുത്തി കർഷകരെ സമ്മർദ്ദത്തിലാക്കി കോർപറേറ്റുകൾക്ക് ലാഭം കൊയ്യുവാൻ അവസരം ഒരുക്കിയിരിക്കുന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന കർഷക സമരത്തോട് കേന്ദ്ര സർക്കാരിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ വ്യക്തമാക്കി.
ഈ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് നടത്തുന്ന കർഷക ജ്വാല സമരത്തിൽ കാർഷിക ബില്ലുകൾ കത്തിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കാർഷിക ഉൽപ്പന്നങ്ങൾക്ക് തറ വില പ്രഖ്യാപിച്ചു സംഭരിക്കുക, റബ്ബർ 200 രൂപ വിലയ്ക്ക് സംഭരിക്കുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരത്തിനു നിയമ നിർമ്മാണം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക ജ്വാല സമരത്തിൽ ഉന്നയിക്കുന്നതാണ്.
കർഷക ജ്വാല സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തും രൂപത തല ഉദ്ഘാടനങ്ങൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും നടത്തുമെന്നും വിവിധ കർഷക സംഘടനാ നേതാക്കൾ സമരങ്ങളിൽ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും ഭാരവാഹികൾഅറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പി.ജെ പാപ്പച്ചൻ ,പ്രൊഫ. ജോയി മുപ്രപ്പള്ളി, സാജു അലക്സ്, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ , തോമസ് പീടികയിൽ , ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, തൊമ്മി പീടീയത്ത്, ജോർജ് കോയിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.