ഇലകൊഴിഞ്ഞ മരങ്ങള്‍|അഭിലാഷ് ഫ്രേസര്‍

Share News

ഊഷരമായ നഗര ഹൃദയങ്ങളില്‍ ഇത്തിരിപ്പച്ചപ്പു തേടി, ചുറ്റുവേലികെട്ടിയൊരുക്കിയ പാര്‍ക്കിനകത്ത് ചേക്കേറുന്നവര്‍ക്കു മേലെ ആകാശത്തേക്കു പടര്‍ന്ന ചില്ലകളുടെ തണല്‍വിരിച്ചു നിന്ന വലിയ മുത്തശ്ശിമരങ്ങളില്‍ ഇല പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു!

മനുഷ്യസമൂഹം ഒരു വൃക്ഷമാണെന്ന കല്പന പുരാതനമായ ഒന്നാണ്. പഴയ തലമുറയെ വേരായിട്ടു മാത്രമല്ല കാണേണ്ടത്, തണലായി തലയ്ക്കു മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന കാവലായിട്ട്… സ്‌നേഹമായിട്ട്… വാല്‌സല്യമായിട്ട്…! രൂപം പ്രാപിക്കുന്ന ചെറുബാല്യക്കാരുടെ മനസ്സിനു മേല്‍ തണല്‍വിരിച്ചു നില്‍ക്കുന്ന ദലസമൃദ്ധമായ വൃക്ഷമായിട്ട്!

നമ്മുടെ തലമുറയില്‍ വൃക്ഷങ്ങളുടെ ഇലകൊഴിഞ്ഞു പോയിരിക്കുന്നു! നമുക്കു മുത്തശ്ശിത്തണലുകളും മുത്തശ്ശന്‍തണലുകളും നഷ്ടമായിരിക്കുന്നു! കുട്ടിക്കാലത്തു നന്മയുടെ പഴംകഥകള്‍ പറഞ്ഞു തന്നിരുന്ന, നന്മനിറഞ്ഞ പഴയൊരു സംസ്‌കാരത്തിന്റെ നറുംപാല്‍ നാവിലിറ്റിച്ചു തന്നിരുന്ന, പോരാതെ വരുന്ന വാല്‌സല്യം മതിവരുവോളം വാരിത്തന്നു വിരുന്നൂട്ടിയിരുന്ന പഴയ മുത്തശ്ശിക്കാലങ്ങള്‍ ഓര്‍മയായിരിക്കുന്നു. വൃദ്ധസദനങ്ങളിലേക്ക് പഴയ തലമുറ വലിച്ചെറിയപ്പെടുമ്പോള്‍ നമുക്കു നഷ്ടമാകുന്നത് പുതുതലമുറയുടെ തണലുകള്‍ കൂടിയാണ്. ഇലകൊഴിഞ്ഞ മരച്ചോട്ടിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നത്. വാടിക്കരിഞ്ഞ മനസ്സുള്ളവര്‍ എന്ന് അവരെ പറ്റി ഇനി പരാതി പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് തണലില്ലാതെ പോയി!

ഭൂമി പെറ്റ മനോജന്റെ സ്വന്തമായ നാട്… വരികള്‍ മുക്കാലും മറന്ന ഏതോ പഴംപാട്ട്! എന്നാലും ആ പഴംപാട്ടു ഈണത്തില്‍ പാടിത്തന്ന മുത്തശ്ശിയെ മറന്നിട്ടില്ല, മറക്കുകയുമില്ല. അമ്മയുടെ മുത്തശ്ശിയാണ്. എണ്‍പത്തെട്ടു വരെ ജീവിച്ചു. അവസാനശ്വാസം വരെ പറമ്പിലും തൊടിയിലും നടന്നു അധ്വാനിച്ചു. സ്വന്തം വീട്ടിലെ മാത്രമല്ല, അയലിടങ്ങളിലെ വീടുകളിലെ കൂടി വിശേഷങ്ങള്‍ അന്വേഷിച്ചു നടന്നു. കൈയിലുള്ളതെല്ലാം, അത് പലഹാരമായാലും മാമ്പഴമായാലും പലരുമായി വിവേചനങ്ങളില്ലാതെ പങ്കിട്ടു. മരണം വരെ വിശ്രമമെന്തെന്നറിഞ്ഞില്ല. അങ്ങനെയാണവര്‍ ജീവിതത്തെ ക്രമപ്പെടുത്തിയിരുന്നത്. ഇത്തിരി നേരം കിട്ടിയാല്‍ മുറ്റത്തെ ഓല മെടയും. അല്ലെങ്കില്‍ പശുവിന് പുല്ലു പറിച്ചു കൊടുക്കും. ഒരു നിമിഷത്തെയും അവര്‍ വെറും കയ്യോടെ പറഞ്ഞയച്ചില്ല! പാടിത്തന്ന അനേകം പാട്ടുകളില്‍ ചിലവരികള്‍ മാത്രം ഓര്‍മയില്‍ മൂളുന്നു. എങ്കിലും വെള്ളിവരകള്‍ ചില്ലകളായി പടര്‍ന്ന ഐശ്വര്യവും പ്രസാദവുമുള്ള ആ മുഖം മാത്രം മാഞ്ഞിട്ടില്ല. വലിയ മേക്കാമോതിരം തൂങ്ങിയാടുന്ന ഊഞ്ഞാലു പോലുള്ള വെളുത്ത മുത്തശ്ശിക്കാതുകളും ഓര്‍മയില്‍ ഊയലാടിക്കൊേയിരിക്കുന്നു…!

ഇടിമിന്നല്‍ പേടിച്ച രാത്രികളില്‍ നെറ്റിയില്‍ കുരിശുവരച്ചുറക്കിയ മുത്തശ്ശിമാരുടെ കാലം ഇനി പുനര്‍ജനിക്കുമോ? കിടക്കും മുമ്പ് യൂദന്‍മാരുടെ രാജാവായ നസ്രായക്കാര്‍ ഈശോ എന്നു നെറ്റിമേല്‍ എഴുതിവക്കാന്‍ പറഞ്ഞ മുത്തശ്ശിഹൃദയങ്ങള്‍ ഇനിയും തുടിക്കുമോ?

ദേശാടനത്തിലെ മുത്തച്ഛനെ ഓര്‍മ വരുന്നു. മുത്തച്ഛന്‍സങ്കല്‍പത്തിന്റെ തനിരൂപമായിട്ടാണ് തോന്നിയിട്ടുള്ളത്. പാച്ചുവിന്റെ ബാല്യത്തെ പ്രകാശമാനമാക്കുന്ന മുത്തച്ഛന്‍ പാച്ചുവുമൊത്തു ചതുരംഗം കളിക്കുന്ന രംഗമെത്ര ഹൃദ്യമാണ്. ഹൃദയഹാരിയായ സൗഹൃദം പൂക്കുന്നിടങ്ങളില്‍ പ്രായം അപ്രസക്തമാകുന്നു. വഴിതെറ്റി വന്നു കയറിയ ഗുജറാത്തി ചെറുക്കന് അലിവു വഴിയുന്ന മുത്തച്ഛനും മുത്തശ്ശിയുമാകുന്ന കാഴ്ചയിലെ വയോധിക നിറനന്മകളും കഴിഞ്ഞു പോയൊരു പൂക്കാലത്തിന്റെ ഓര്‍മകളാണ്. പത്മരാജന്റെ മൂന്നാംപക്കത്തിലെ മുത്തച്ഛനെ ആരാണ് മറക്കുക? ഇനി അത്തരം മുത്തച്ഛന്മാര്‍ ഉണ്ടാകുമോ? കുട്ടിക്കാലത്തു പഠിച്ച കവിതയില്‍ വരിക വാര്‍തിങ്കളേ, താഴത്തു വരിക നീ, പെരികെ തങ്കത്തിന്റെ നെറ്റി മേല്‍ ചുംബിച്ചാലും എന്നു പാടിയതാരാണ്? ഇനി അത്തരം ഹൃദയഗീതങ്ങള്‍ കേള്‍ക്കാന്‍ നമ്മള്‍ ഏതു നിലാവു വിടരും വരെ കാത്തിരിക്കണം?

നമ്മുടെ പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്കു പാട്ടു നഷ്ടമാകുന്നു. ഇലകൊഴിഞ്ഞ മരങ്ങള്‍ക്കു കീഴെ ഇരിക്കുന്നവര്‍ക്കു കിളികളുടെ പാട്ടു നഷ്ടമാകുന്നതു പോലെ… മരങ്ങളില്‍ കാറ്റു പിടിക്കാതെയാകുന്നു.. കാറ്റു പിടിക്കാന്‍ ഇലച്ചാര്‍ത്തുകളുമില്ലല്ലോ!

ആളുകള്‍ തണലു തേടി പാര്‍ക്കുകളന്വേഷിച്ചു പോകുന്നു. നമ്മുടെ വീട്ടിലെ തണല്‍ വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞതു നമ്മള്‍ തന്നെയല്ലേ! ഇല പൊഴിച്ചതും നമ്മള്‍ തന്നെയല്ലേ! ഇലയില്ലാ മരങ്ങളില്‍ നിന്നും മിഴിനീര്‍ ചിന്തിപ്പോയ കാറ്റ് വിങ്ങുന്നത് വൃദ്ധസദനങ്ങളുടെ ഏകാന്തതയിലാണല്ലോ!

അഭിലാഷ് ഫ്രേസര്‍

Share News