
മദ്യശാലകള്‍ തുറക്കരുത്, കുടുംബങ്ങള്‍ തകര്‍ക്കരുത് കേരള മദ്യവിരുദ്ധ ഏകോപന സമിതി
കൊച്ചി: സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരം കൊച്ചിയില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ബാറുകളിലൂടെ മദ്യം പാഴ്‌സലായി വില്‍ക്കുവാനുള്ള നീക്കവും ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള നീക്കവും പിന്‍വലിക്കണം. സര്‍ക്കാരിന് മദ്യ മുതലാളിമാരോടുള്ള കൂറ് പ്രഖ്യാപിക്കലാണ് ബാറുകള്‍ വഴി മദ്യം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമല്ല, മറിച്ച് മദ്യ ലോബികളോടൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണീ നിലപാട്.
പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കം മദ്യത്തെ കുടില്‍ വ്യവസായമാക്കി മാറ്റും. മദ്യശാലകളും മറ്റും വ്യാപകമായി തുറക്കുന്നത് കോവിഡ് കാലത്തെ പ്രതിരോധത്തെ അട്ടിമറിക്കും. മദ്യം വ്യാപകമായി ഒഴുക്കി കുടുംബങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ മനുഷ്യസ്‌നേഹികള്‍ ശക്തമായി പ്രതിഷേധസ്വരം ഉയര്‍ത്തണം. ഈ നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി പി.എച്ച്. ഷാജഹാന്‍, ജലീല്‍ ആര്‍ട്ട്മാന്‍, സെബാസ്റ്റ്യന്‍ വിലയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു