മുനമ്പത്ത് തീര്‍പ്പ് വൈകരുത്|സംസ്ഥാന സര്‍ക്കാരിനു ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.

Share News

വാര്‍ത്താവീക്ഷണം

മുനമ്പത്ത് തീര്‍പ്പ് വൈകരുത്

വക്കഫ് ഭേദഗതി ബില്‍ പാസായി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രവചിക്കപ്പെടുന്നുണ്ട്. അതെന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഭേദഗതി ബില്ല് പ്രത്യേക പ്രാധാന്യം ഉള്ളതാണ്. മുനമ്പം തന്നെ മുഖ്യം. മുനമ്പത്തെ അറുനൂറിലേറെ കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടുമോ എന്നതാണു പ്രധാനം. ബില്‍ പാസായി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തു നടപ്പിലായാലും അക്കാര്യത്തില്‍ പൂര്‍ണമായൊരു ഉറപ്പ് ഇനിയും ലഭ്യമായിട്ടില്ല. ബില്‍ പ്രാബല്യത്തിലാവുന്നതോടെ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നു പറഞ്ഞവര്‍ക്കുപോലും ഇക്കാര്യത്തില്‍ ഉറപ്പില്ല.

വക്കഫ് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നിലപാടുകളും പ്രസംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയവും അതിലൂടെ വ്യക്തമായി. സുരേഷ് ഗോപിയുടയും ജോണ്‍ ബ്രിട്ടാസിന്റെയും വാക് പോര് അതിനു തെളിവാണ്. ഇതിനിടെ സിനിമാ രാഷ്ട്രീയവും കടന്നുവന്നു. മതവും രാഷ്ട്രീയവും സിനിമയുമൊക്കെ വക്കഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അരങ്ങുതര്‍ത്തപ്പോള്‍ അതിനിടയിലൂടെ ജനപ്രതിനിധികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും ഇരട്ടത്താപ്പുകളുമൊക്കെ മറനീക്കി പുറത്തുവന്നു.

മുനമ്പം വിഷയത്തിലും എമ്പുരാന്‍ സിനിമയിലും ക്രൈസ്തവ സമൂഹത്തെ മാത്രം വലിച്ചിഴയ്ക്കുന്നവരുടെ ലക്ഷ്യം മറ്റു പലതുമാവാം. മുനമ്പത്തെ സമരം അവിടെ വസ്തു വിലകൊടുത്തു വാങ്ങി കരമടച്ചു താമസിക്കുന്നവരുട ജീവല്‍പ്രശ്‌നമാണ്. അതിനു മതത്തിന്റെയോ ജാതിയുടെയും നിറം കൊടുക്കേണ്ടതില്ല. എമ്പുരാന്‍ സിനിമയുടെ കാര്യത്തിലും ഇത്തരം ചില വിഭാഗീയതകളുടെ നിറം കാണാനാവും. ഒന്നു ജീവിതപ്രശ്‌നവും മറ്റൊരു കലയുടെ പേരിലുള്ള തര്‍ക്കവും.

മുനമ്പത്തെ ജനങ്ങളുടെ വിഷയം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതുകൊണ്ടാണ് കെസിബിസിയും സിബിസിഐയും വക്കഫ് വിഷയത്തില്‍ വ്യക്തമായൊരു നിലപാടു സ്വീകരിച്ചത്. അതു പ്രധാനമായും മുനമ്പംകാര്‍ക്കു വേണ്ടിയായിരുന്നു. മുനമ്പത്തെ ഭൂഉടമകള്‍ക്ക് അവരുടെ ന്യായമായ അവകാശം ്അംഗീകരിച്ചു കിട്ടാന്‍ വേണ്ടിയാണ് കെസിബിസി അത്തരമൊരു ഉറച്ച നിലപാട് എടുത്തത്. അതിനു രാഷ്ട്രീയ മാനങ്ങളെക്കാളേറെ മാനുഷിക ഭാവമാണ് ഉണ്ടായിരുന്നത്.

വക്കഫ് വിഷയം പ്രതിപക്ഷ പാര്‍ട്ടികളെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. വക്കഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തെത്തിയെങ്കിലും അവരുടെ അണികളില്‍ പലര്‍ക്കും അത് അത്ര ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഏറെ ആഘാതം നേരിടേണ്ടിവരുന്നത് കോണ്‍ഗ്രസിനാവും. കേരളാ കോണ്‍ഗ്രസും വിഷമസന്ധിയിലാണ്.

മുനമ്പം ജനത ആശ്വാസത്തിലാണ്. കിടപ്പാടത്തിന്റെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കുമെന്ന വിശ്വാസമാണ് ആ ആശ്വാസത്തിന് അടിസ്ഥാനം. എന്നാല്‍ യഥാര്‍ഥ ആഹ്ലാദം അവര്‍ അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരേണ്ടതുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വക്കഫ് ഭേദഗതിബില്‍ ലോക്‌സഭ പാസാക്കിയത്. പന്ത്രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച. ഭേദഗതിക്ക് അനുകൂലമായി 28്8 വോട്ടു ലഭിച്ചപ്പോല്‍ 232 പേര്‍ എതിര്‍ത്തു.

വക്കഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉണ്ടാവില്ലെന്ന വിശദീകരമാണ് ഇപ്പോല്‍ മുനമ്പത്തുകാരെ കുഴയ്ക്കുന്നത്. സര്‍ക്കാരുമായി തര്‍ക്കത്തിലുള്ളതൊഴികെ പുതിയ വക്കഫ് നിയമം പ്രാബല്യത്തില്‍വരുന്ന തീയതിക്കു മുമ്പുള്ള സ്വത്തുക്കളെല്ലാം വക്കഫിന്റെതായി നിലനില്‍ക്കുമെന്ന വകുപ്പാണ് ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരും കോടതിയുമൊക്കെ ഇക്കാര്യത്തില്‍ ഇനിയും ചില വിശദീകരണങ്ങള്‍ നല്‍കേണ്ടിവരും. അതു മുനമ്പം ജനതയ്ക്കുള്ള നീതി ഇനിയും വൈകിച്ചേക്കാം.

ബില്ല് രാജ്യസഭയില്‍ കൂടി പാസായിക്കഴിഞ്ഞു വലിയ ആഹ്ലാദപ്രകടനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ മുനമ്പത്തു നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ നേട്ടം കൈക്കലാക്കാന്‍ ബിജെപിയും രംഗത്തുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ച്ന്ദ്രശേഖറും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ഇന്നു മുനമ്പത്ത് എത്തുന്നതും ഈ ലക്ഷ്യത്തോടെ തന്നെയാവും.

മുനമ്പം വിഷയവുമായി ബന്ധപ്പെട്ട ചില നിയമ നടപടികളും നടന്നുവരികയാണ്. ഫാറൂഖ് കോളജിന്റെ കൈവശമുണ്ടായിരുന്ന ഭൂമി വക്കഫ് ബോര്‍ഡ് ഏറ്റെടുത്തതിന് എതിരേ ഫാറുഖ് കോളജ് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട്ു മുനമ്പം നിവാസികള്‍ നല്‍കിയ ഹര്‍ജികളില്‍ വക്കഫ് ട്രൈബ്യൂണല്‍ ഏഴിനു വിധിപറയാനിരിക്കുകയാണ്. മുനമ്പം ജൂഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ ്അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഇന്നു ഹൈക്കോടതി പരിഗണിക്കും. മുനമ്പം വിഷയത്തില്‍ തദ്ദേശവാസികള്‍ക്ക് തങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള നിയമവഴികള്‍ സുഗമമാക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ്അവകാശപ്പെട്ടിരുന്നത്. ഏതായാലും വക്കഫ് ഭേദഗതി പാസായിക്കഴിഞ്ഞും സംസ്ഥാന സര്‍ക്കാരിനു ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത് ആത്മാര്‍ഥതയോടെ ചെയ്താല്‍ മാത്രമേ മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടൂ.

നന്ദി, നമസ്‌കാരം.

രചന: സെര്‍ജി ആന്റണി

Radio Media Village 90.8’s post

Share News