
നാളെ മുതൽ മീൻ കച്ചവടക്കാരെയെല്ലാം സംശയിക്കരുത്.
മീൻ കച്ചവടക്കാരൻ പറഞ്ഞത്
ഒരു കാലത്ത് സൈക്കിളിൽ ആണ് അയാൾ മീൻ കച്ചവടത്തിനിറങ്ങിയത്. ഇപ്പോൾ സൈക്കിൾ മാറി ബൈക്കായി
.മീൻ കച്ചവടവുമായ് ബന്ധപ്പെട്ട് അയാൾ പറഞ്ഞ ഒരു നൊമ്പരം പങ്കുവയ്ക്കട്ടെ?
” അച്ചാ, മിക്കവാറും വീടുകളിൽ ചെല്ലുമ്പോൾ മീൻ വാങ്ങുന്നവർ പറയുന്ന സ്ഥിരം നമ്പറാണ്;’ രണ്ടെണ്ണം കൂടിയിട്……. രണ്ടെണ്ണം കൂടിയിട്…….. ‘ എന്ന്. കൂടുതലും സ്ത്രീകളാണ് അങ്ങനെ പറയാറ്. സൈക്കിൾ ചവിട്ടിയും വണ്ടിയോടിച്ചും എത്രയിടങ്ങളിൽ ചെന്നാലാണ് ഓരോ ദിവസത്തെ മീനും വിറ്റുതീരുക.
മഴക്കാലത്താണെങ്കിൽ ഉള്ള മഴ മുഴുവനും കൊള്ളണം. എങ്ങാനും വിറ്റുതീർന്നില്ലെങ്കിൽ എടുത്തു വയ്ക്കാൻ ഫ്രീസറൊന്നും നമ്മുടെ പക്കലില്ല. വെളുപ്പിനേ എഴുന്നേറ്റ് പോയി മീനെടുത്ത് ഉച്ചയോടു കൂടി കച്ചവടം തീർക്കണം.
അധ്വാനിക്കുന്നതിനുള്ള കൂലി കിട്ടണ്ടെ?പലപ്പോഴും ഞങ്ങളെപ്പോലുള്ളവരുടെ അടുത്ത് വിലപേശുന്നവർ,സൂപ്പർ മാർക്കറ്റുകളിൽ ചെന്നാൽ പറയുന്ന വില കൊടുത്ത് സാധനം വാങ്ങിക്കൊണ്ടു പോകില്ലേ?അല്ലെങ്കിലും പാവപ്പെട്ടവൻ്റെ മുതുകത്തു കയറാനാണ് എല്ലാവർക്കും താത്പര്യം.
“അയാൾ പറഞ്ഞത് വലിയൊരു സത്യമല്ലേ?
തലച്ചുമടുമായ് വരുന്നവരോടുംവെയിലും മഴയും കൊണ്ട് വഴിയോരത്തിരുന്ന് കച്ചവടം ചെയ്യുന്നവരോടുമെല്ലാം നമ്മുടെ വിലപേശലുകൾ ചിലപ്പോഴെങ്കിലും അതിരു കടക്കുന്നില്ലേ?
മിക്കവാറും കുടുംബങ്ങളിലുണ്ടാകും ഒരു വിലപേശൽ സ്പെഷ്യലിസ്റ്റ്!
ക്രിസ്തുവിൻ്റെ ഈ വചനം ഒന്ന് മനനം ചെയ്യുന്നത് നല്ലതാണ്:”കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്‌ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു ”(യോഹ 4 :36). അതെ, വിതയ്ക്കുന്നവനും കൊയ്യുന്നവനുംവിൽക്കുന്നവനും വാങ്ങുന്നവനുംഒരുപോലെ സന്തോഷിക്കണമെന്നാണ് ക്രിസ്തു പക്ഷം.പലപ്പോഴും നമ്മൾ നമ്മുടെ കാര്യം മാത്രമല്ലേ ശ്രദ്ധിക്കുന്നത്?
ഒരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കുകയാണ്; മുകളിൽ സൂചിപ്പിച്ച മീൻകാരൻ പറഞ്ഞതാണ്.” അച്ചാ, അതു കൊണ്ട് എൻ്റെ കൈവശം ഒരു കിലോയുടെയും അര കിലോയുടെയും രണ്ടു വീതം കട്ടികളുണ്ട്.
ഒരു കട്ടിയിൽ ഒരു കിലോനു പകരം 900 ഗ്രാമും അര കിലോനു പകരം 400 ഗ്രാമുമായിരിക്കും!’ രണ്ടെണ്ണം കൂടിയിട് ‘എന്ന് പറയുന്ന വീട്ടുകാർക്കുള്ള സ്പെഷ്യൽ കട്ടികളാണത്.
രണ്ടിനു പകരം മൂന്നെണ്ണം കൊടുത്താലും നമുക്ക് നഷ്ടമില്ല!അല്ലാതെ പിന്നെ എന്തു ചെയ്യാനാ….?
ഞാനിതു പറഞ്ഞതു കാരണം
നാളെ മുതൽ മീൻ കച്ചവടക്കാരെയെല്ലാം സംശയിക്കരുത്.
എൻ്റെ ഗതികേടുകൊണ്ടും കുറച്ചു പേരുടെ ശല്യം കൊണ്ടും മാത്രമാണ് ഞാനിങ്ങനെ ചെയ്തത്.
“അയാൾ ചെയ്ത കള്ളത്തരത്തെ ഞാനൊരിക്കലും ന്യായീകരിക്കുന്നില്ല.
എന്നിരുന്നാലുംചെറുകിട കച്ചവടക്കാരുടെയടുത്തുംകുടിൽ വ്യവസായം പോലുള്ള കൈത്തൊഴിലുകൾ ചെയ്ത് ഉപജീവനം നയിക്കുന്നവരുടെയടുത്തുമുള്ളനമ്മുടെ സമീപനങ്ങൾക്ക് മാറ്റം വരുത്തുന്നത് നല്ലതല്ലെ?

ഫാദർ ജെൻസൺ ലാസലെറ്റ്ആഗസ്റ്റ് 18-2020.