![](https://nammudenaadu.com/wp-content/uploads/2020/06/102669543_1739664249542732_396458404102038066_n.jpg)
അവഗണനയും അവജ്ഞയും കൊണ്ട് പൊറുതിമുട്ടുന്നവരുടെ രോദനങ്ങൾ അമേരിക്കയുടെ തെരുവീഥികളിൽ മുഴങ്ങുന്നു.
സുഹൃത്തേ,ഇക്കഴിഞ്ഞ മെയ് 25 – ആം തിയതിയാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്.
![](https://nammudenaadu.com/wp-content/uploads/2020/06/102699986_1739664286209395_6252569565305629617_n.jpg)
മിനിയപ്പോള്എസിലെ ഒരു ഇരുണ്ട തെരുവിൽ ജോർജ് ഫ്ലോയ്ഡ് എന്ന 46 വയസ്സുള്ള ഒരു കറുത്തവർഗ്ഗക്കാരനെ ഡെറിക് ചൗവിൻ എന്ന വെളുത്ത പോലീസുകാരൻ അതിദാരുണമായി കൊലപ്പെടുത്തി. 20 ഡോളറിന്റെ കള്ളനോട്ട് കൈവശംവച്ചു സിഗരറ്റ് വാങ്ങിച്ചു എന്ന കുറ്റം ചുമത്തി ജോർജ് ഫ്ളോയ്ഡിനെ മൂന്ന് പോലീസുകാർ ചേർന്നാണ് ശരീരത്തിൽ കാൽമുട്ട് കുത്തിപ്പിടിച്ചു കീഴ്പ്പെടുത്തിയത്.
![](https://nammudenaadu.com/wp-content/uploads/2020/06/06_06_2020-george_floyd_new_20357902_152811767.jpg)
ഡെറിക് ചൗവിൻ എന്ന പോലീസുകാരൻ നിർദയം ഫ്‌ലോയ്‌ഡിന്റെ കഴുത്തിൽ ശക്തമായി തന്റെ കാൽമുട്ട് കുത്തിപ്പിടിച്ചതു 8 മിനിറ്റ് 46 സെക്കന്റ്. “എനിക്ക് ശ്വാസം കിട്ടുന്നില്ല” എന്ന് ഫ്ലോയ്ഡ് പലപ്രാവശ്യം വിലപിച്ചു പറഞ്ഞു. എന്നാൽ ആ പോലീസുകാരന്റെ ധാർഷ്ട്യം അത് ശ്രവിച്ചില്ല. ദുസ്സഹമായ ആ ശ്വാസതടസ്സം അയാളെ മൃത്യുവിലേക്കു നയിച്ചു.
അഭിശപ്തമായ ഈ കൊടുംപാതകത്തിന്റെ പേരിൽ അമേരിക്ക ഇപ്പോഴും കത്തുകയാണ്. അവഗണനയും അവജ്ഞയും കൊണ്ട് പൊറുതിമുട്ടുന്നവരുടെ രോദനങ്ങൾ അമേരിക്കയുടെ തെരുവീഥികളിൽ മുഴങ്ങുന്നു.
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ എന്ന അമേരിക്കൻ ബാപ്റ്റിസ്റ്റ് പാസ്‌റ്റർ 1955 -ഇൽ, പാർശ്വവത്കരിക്കപ്പെട്ട നിരാലംബരായ കറുത്തവർഗക്കാരുടെ വിമോചകനായി രംഗപ്രവേശം ചെയ്തതും ഇതേ കാരണങ്ങളാൽ തന്നെ. അടിമവേലചെയ്യാൻ പാവപ്പെട്ട ആഫ്രിക്കൻ നാടുകളിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുവന്ന് വെള്ളക്കാരന്റെ ആട്ടും തുപ്പും ഏറ്റു നികൃഷ്ടമായി അവരുടെ കാൽകീഴിൽ പിടഞ്ഞു ജീവിതം വലിച്ചുനീട്ടിയ “നീഗ്രോകൾ” (ആ പദം ഇപ്പോൾ ഉപയോഗിക്കരുത്) ജീവിച്ചും മരിച്ചും കഠിനാധ്വാനത്തിലൂടെ അമേരിക്കയെന്ന സാമ്രാജ്യത്തെ പടുത്തുയർത്തി.
അമേരിക്ക ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായതിനു പിന്നിൽ കറുത്ത മനുഷ്യജീവികളുടെ ചോരയും നീരും വളമായിത്തീർന്നിട്ടുണ്ട്.
സ്വന്തം വീട്ടിലെ വളർത്തുപട്ടിയോടുപോലും കാണിക്കുന്ന സ്നേഹത്തിന്റെ ഒരു കണിക ഈ കറുത്ത നിറമുള്ള ജീവികളോട് കാണിക്കുവാൻ അമേരിക്കയിലെ വെള്ളക്കാർക്ക് അന്ന് മനസ്സുതോന്നിയില്ല. അതാണ് അമേരിക്കയെന്ന “അത്ഭുത”രാജ്യത്തിന്റെ പഴയകഥ.
അറ്റ്‌ലാന്റയിൽ 1929 – ഇൽ ജനിച്ച മാർട്ടിൻ ലൂഥർ കിംഗ് തന്റെ “സിവിൽ റൈറ്സ് ” പ്രസ്ഥാനത്തിലൂടെ കറുത്തവർഗക്കാരുടെ ഉദ്ധാരണത്തിനായി അഹോരാത്രം നിലകൊണ്ട് വിമോചനസമരങ്ങൾ നയിച്ച് അവർക്ക് ഏറെ അവകാശങ്ങൾ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ “ഐ ഹാവ് എ ഡ്രീം” എന്ന പ്രസംഗം ഏറെ പ്രസിദ്ധമാണ്. എന്നാൽ സ്വൻതം കർമം പരിപൂർണതയിൽ എത്തിക്കാൻ അനുവദിക്കാതെ, 1968 ഏപ്രിൽ 4 -ആം തീയതി ജെയിംസ് റേ എന്ന വെള്ളക്കാരൻ അദ്ദേഹത്തെ വെടിവെച്ചുകൊന്നു.
![](https://nammudenaadu.com/wp-content/uploads/2020/06/102805965_1739664499542707_6473592656572230154_n.jpg)
![](https://nammudenaadu.com/wp-content/uploads/2020/06/102820651_1739664409542716_5533816796664613522_n.jpg)
![](https://nammudenaadu.com/wp-content/uploads/2020/06/102958981_1739664316209392_5216959490712709549_n.jpg)
മാർട്ടിൻ ലൂഥർ കിങ്ങിന്റെ ഒരു കടുത്ത ആരാധകനായ ഈ എളിയവൻ 2012 -ഇൽ അറ്റലാന്റയിൽ പോയി കിങ്ങിന്റെ ജന്മഗൃഹവും മറ്റു സ്മാരകസ്ഥാപനങ്ങളും പ്രഭാഷണം നടത്തിയ ബാപ്റ്റിസ്റ്റ് പള്ളിയും സന്ദർശിച്ചു
. വാഷിംഗ്‌ടൺ ഡി സിയിൽ പോയി പ്രസിദ്ധമായ മാർട്ടിൻ ലൂഥർ കിംഗ് സ്മാരകപ്രതിമ കണ്ടു. എന്റെ ഹൃദയത്തെ പുളകമണിയിച്ച അനർഘനിമിഷങ്ങൾ!
( അവിടെവച്ചെടുത്ത ചില ചിത്രങ്ങൾ കൊടുക്കുന്നു)
നിങ്ങളുടെ സ്വൻതം ഡോ ജോർജ് തയ്യിൽ