കുഞ്ഞു പരസ്യങ്ങള്‍ക്ക് വലിയ കരുത്തേകി കോവിഡ് കാലം

Share News

സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളിലും വ്യതിയാനങ്ങളുടെ പുതു പാതകള്‍ തുറന്നു കൊറാണ വൈറസ്. ആഗോളീകരണത്തിന്റെ ആവേശത്തിരകളിളക്കിയ നവീന മാതൃകകളുമായി തിളങ്ങി നിന്ന പരസ്യ ബിസിനസിന്റെ കാര്യത്തിലും അവസ്ഥ അതു തന്നെ. അച്ചടി മേഖലയിലും ദൃശ്യ ശ്രാവ്യ മേഖലകളിലുമെല്ലാം പരസ്യ ഇടം പിന്നിലേക്കു മാറിയതോടൊപ്പം അവയുടെ സ്വാഭാവവും മാറിമറിഞ്ഞു.

കോവിഡ് കാലത്തെ പരസ്യങ്ങള്‍ മിക്കവയും സുരക്ഷ, സംരക്ഷണം തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവ തന്നെ. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ക്ലീനിംഗ് ലിക്വിഡുകള്‍, അണുനാശിനികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ വിവിധ ബ്രാന്‍ഡുകളുടേതായുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ എല്ലാ മേഖലകളിലുമുണ്ടായ നഷ്ടങ്ങളും മാറ്റങ്ങളും പരസ്യരംഗത്തും സംഭവിച്ചു.

പത്രങ്ങളിലെ ക്ലാസിഫൈഡ് പേജുകളിലും ഇതു പ്രകടമാണ്. പഴയ ആവശ്യങ്ങള്‍ കുറഞ്ഞു. പുതിയ ആവശ്യങ്ങളും ആവശ്യക്കാരും വിവിധ തലക്കെട്ടുകളിലായി ഇടം പിടിക്കുന്നു. മാസ്‌ക്കുകളുടെയും സാനിറ്റൈസറുകളുടെയും വിതരണത്തിനും വില്‍പ്പനയ്ക്കും ആളെത്തേടിയുള്ള പരസ്യം പതിവാകുന്നു. ജോലി അന്വേഷിക്കുന്നവരുടെ പരസ്യങ്ങളും കൂടുതലായി വന്നു തുടങ്ങി. ജോലി നഷ്ടപ്പെട്ടവരും പതിവ് ജോലികള്‍ കുറഞ്ഞവരും പരസ്യങ്ങളിലൂടെ അവസരം തേടുന്നുവെന്ന് സാരം. അതേ സമയം ജോലിക്ക് ആളെത്തേടിയുള്ള പരസ്യങ്ങളില്‍ കുറവുണ്ടായി.

ഫാര്‍മസിസ്റ്റ് പോലെ അവശ്യ സ്ഥാനങ്ങളിലേക്ക് നിരന്തരം ആളെ ആവശ്യപ്പെടുന്ന കുഞ്ഞു പരസ്യങ്ങള്‍ കാണാം. സ്ഥലം വില്‍പ്പന, കെട്ടിടം വാടകയ്ക്ക് തുടങ്ങിയ പരസ്യങ്ങളും വൈവാഹിക പരസ്യങ്ങളും ലോക്ഡൗണ്‍ കാലത്ത് കുറഞ്ഞിരുന്നെങ്കിലും സാവധാനം കൂടി വരുന്നുണ്ട്. സാഹചര്യം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഈ പരസ്യങ്ങള്‍ നല്‍കപ്പെടുന്നത്. കോവിഡ് ഏല്‍പ്പിച്ച സാമ്പത്തിക ആഘാതം എത്ര വലുതാണെന്ന് തുറന്നുകാട്ടുന്നതാണ് ഇത്തരം പരസ്യങ്ങള്‍.

സത്യത്തില്‍ അച്ചടി മാധ്യമങ്ങളിലെ ക്ലാസിഫൈഡ് പേജുകള്‍ നന്നായി അവതരിപ്പിച്ചാല്‍ അത് ശക്തമായ വിവര സ്രോതസ്സാണെന്നതില്‍ സംശയമില്ല ഈ മേഖലയിലെ പരിചയ സമ്പന്നര്‍ക്ക്.സ്വകാര്യ ആവശ്യങ്ങള്‍ക്കായി വ്യക്തികള്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കു പുറമെ സ്ഥാപനങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഇതില്‍ കുറഞ്ഞ ചിലവില്‍ സന്ദേശങ്ങള്‍ നല്‍കാമെന്നതാണ് ആകര്‍ഷണീയത. ആവശ്യമുള്ള സേവനങ്ങള്‍ ക്ലാസിഫൈഡ് പരസ്യപേജുകളില്‍ ലഭിക്കുമെന്ന് ഉറപ്പായാല്‍ വായനക്കാര്‍ക്കും ഈ പേജ് ഒഴിവാക്കാനാവില്ല. കാരണം ഓരോ വായനക്കാരനും ഒരു ഉപഭോക്താവാണ്.

ക്ലാസിഫൈഡ് പേജിലെ അനുയോജ്യമായ തലക്കെട്ടുകളുടെ കീഴില്‍ കുഞ്ഞു ഡിസ്‌പ്ലേ പരസ്യങ്ങളിലൂടെ ബ്രാന്‍ഡുകള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്താനുമാകും. ഉദാഹരണത്തിന് വാഹന വില്‍പ്പന സംബന്ധിച്ച തലക്കെട്ടിനു താഴെ വാഹനങ്ങളുമായി ബന്ധപ്പെട്ട എത്രയോ അനുബന്ധ സാമഗ്രികളുടെ പരസ്യം നല്‍കാം. ഇത് വീട്ടുപകരണങ്ങള്‍ക്കും കെട്ടിട നിര്‍മാണ വസ്തുക്കള്‍ക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം. മാറിയ കാലത്തില്‍ മാറി ചിന്തിച്ചേ മതിയാകൂ. വരുമാനം കുറഞ്ഞ കാലത്ത് പരസ്യങ്ങളും ഉപേക്ഷിക്കാമെന്ന നിലപാടില്‍നിന്നു മാറുകയുമാവാം.

പരസ്യങ്ങള്‍ ചെറുതാണെങ്കിലും അനുയോജ്യമായ രൂപകല്‍പ്പനയുണ്ടെങ്കില്‍ അതു സൃഷ്ടിക്കുന്ന ഫലത്തിന് കരുത്തുണ്ടാകും. ചെറുനാരങ്ങ വളരെ ചെറിയ ഫലമാണെങ്കില്‍ക്കൂടി അതിന്റെ നീര് അതീവ ഊര്‍ജദായകമാണ്. കാന്താരി മുളക് ചെറുതാണ്. പക്ഷേ എരിവ് കഠിനം. കുഞ്ഞു പരസ്യങ്ങളും ഇതുപോലെ തന്നെ. രൂപത്തില്‍ ചെറുതെങ്കിലും കരുത്ത് വലുതാണ്.

രാജീവ് ലക്ഷ്മണ്‍

കൊച്ചിയിലെ പ്രമുഖ പരസ്യ ഏജൻസിയിൽ

എക്സിക്യൂട്ടീവ് അണ് ലേഖകൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു