ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണം: അല്മായ നേതൃസമ്മേളനം

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ ക്രൈസ്തവസമൂഹത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ക്രൈസ്തവസമൂഹം ഉണരണമെന്നും സീറോ മലബാര്‍ സഭ അല്മായ ഫോറം സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു.

ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, അല്മായ സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീനേതൃത്വ വെബ്‌കോണ്‍ഫറന്‍സില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനാധിപത്യപ്രക്രിയയില്‍ മത-ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടത് സമൂഹബാധ്യതയാണെന്നും അത് നീതിനിഷ്ടമായി നിറവേറ്റിയാലേ അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കാളിത്ത ജനാധിപത്യത്തില്‍ ഭൂരിപക്ഷവിഭാഗങ്ങളുടെ സംരക്ഷണം ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അനിവാര്യമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളുടെ സമഗ്രവളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണ്. കോവിഡ് മഹാമാരി മനുഷ്യസമൂഹത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം മറികടക്കാന്‍ എല്ലാ സഭാമക്കളും സംവിധാനങ്ങളും മുന്നിട്ടിറങ്ങണമെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം പൂര്‍ണ്ണമാകുവാന്‍ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ ഭൂരിപക്ഷവിഭാഗങ്ങളുടെ നിയന്ത്രണത്തിലാവും സമൂഹത്തിന്റെ ചലനങ്ങള്‍. അതുപോലെ ക്രൈസ്തവരുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ തുല്യനീതി  ഉറപ്പാക്കണമെന്ന് ബിഷപ് മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.  

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചും ക്രൈസ്തവര്‍ നേരിടുന്ന ആനുകാലിക വെല്ലുവിളികളെക്കുറിച്ചും പ്രബന്ധാവതരണം നടത്തി. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും സാംസ്‌കാരിക ഉന്നമനത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ വിവരിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും ധനകാര്യകോര്‍പ്പറേഷനും ആസൂത്രിതമായി ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങളെ തമസ്‌കരിക്കുന്ന നടപടി തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഷപ്പുമാരായ മാര്‍ റമീജിയസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ പ്രസിഡന്റ് ലാന്‍സി ഡി. കുണ, അല്മായ ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍, ഇന്ത്യയിലെ വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡോ.സി.പി. ജോണ്‍സന്‍ (മഹാരാഷ്ട്ര), അഡ്വ.പി ടി ചാക്കോ (ഗുജറാത്ത് ), ഡോ.മാത്യു മാമ്പ്ര (കര്‍ണാടക), സിറിയക് ചൂരവടി (തമിഴ്‌നാട്), പി ജെ തോമസ് (ഡല്‍ഹി)  എന്നിവര്‍ പ്രസംഗിച്ചു.

Share News